ഡൽഹിയിലെ വായു മലിനീകരണം മാറാൻ ഇന്ദ്രനെ പ്രീതിപ്പെടുത്തണം; ബിജെപി മന്ത്രിയുടെ വിചിത്ര വാദം

Web Desk
Posted on November 03, 2019, 7:54 pm

ന്യൂഡല്‍ഹി: ഇന്ദ്രനെ പ്രീതിപ്പെടുത്തുകയാണ് ഡൽഹിയിലെ വായൂ മലിനീകരണം നിയന്ത്രിക്കാൻ ഏക പോംവഴിയെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. ഇന്ദ്ര ഭഗവാനെ പ്രീതിപ്പെടുത്താന്‍ യാഗം നടത്തണമെന്നും ഇന്ദ്രദേവന്‍ എല്ലാം ശരിയാക്കുമെന്നും ബിജെപി മന്ത്രിയായ സുനില്‍ ഭരള പറഞ്ഞു. കർഷകർ വൈക്കോൽ കത്തിക്കുന്നത് സർവ്വ സാധാരണമാണെന്നും അതിനെ മലിനീകരണത്തിന്റെ കാരണമായി കാണരുതെന്നും സുനിൽ സരള കൂട്ടി ചേര്ത്തു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിനാണ് പ്രഖ്യാപനം നടന്നത്. പല മേഖലകളിലും അന്തരീക്ഷ വായൂ നിലവാര സൂചിക 500 രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പ്രത്യേക പാനൽ പൊതുജനാരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടാതെ ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നവംബർ അഞ്ചുവരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.