ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Web Desk
Posted on April 27, 2018, 11:19 am

ദില്ലി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഒരു പുതിയ ചരിത്രമാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഒരു വനിതാ അഭിഭാഷക ആദ്യമായാണ് നേരിട്ട് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അതേസമയം, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ജനുവരി 10 നാണ് കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്ന് മാസത്തോളം കാലതാമസം വരുത്തിയ ശേഷം ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രം കേന്ദ്രനിയമമന്ത്രാലയം അംഗീകാരം നല്‍കിയത്. കെഎം ജോസഫിന്റെ പേര് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം തിരിച്ചയക്കുകയും ചെയ്തു. കെഎം ജോസഫിനെ നിയമിക്കുന്നത് സീനിയോറിറ്റി മറികടക്കലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രിം കോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇന്ദു മല്‍ഹോത്ര. ഹൈക്കോടതികളില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് ഇതുവരെ വനിതകള്‍ സുപ്രിം കോടതി ജഡ്ജിമാരായിട്ടുള്ളത്. ആ കീഴ്‌വഴക്കത്തിന് ഒരു പൊളിച്ചെഴുത്താണ് ഇന്ദു മല്‍ഹോത്രയുടെ സ്ഥാനക്കയറ്റത്തോടെ ഉണ്ടായിരിക്കുന്നത്.

കെഎം ജോസഫിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളുുകയായിരുന്നു. രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കുന്ന കാര്യം ആലോചിക്കാന്‍ പോലും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.