Janayugom Online
demonetisation

നോട്ട് നിരോധനം- ജിഎസ്ടി എന്നിവയുടെ പ്രത്യാഘാതങ്ങള്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ ചെറുകിട‑നാമമാത്ര വ്യാപാര മേഖല

Web Desk
Posted on September 03, 2018, 10:57 pm

ന്യൂഡല്‍ഹി: നോട്ടുനിരോധനവും ധൃതിപിടിച്ചുള്ള ചരക്കു സേവന നികുതി നടപ്പിലാക്കലും രാജ്യത്തെ ചെറുകിട — നാമ മാത്ര വ്യാപാര മേഖലയ്ക്ക് വന്‍ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിച്ചതിനാല്‍ വായ്പാ കുടിശിക ഇരട്ടിയിലധികമായി വര്‍ധിച്ചു. പ്രതിസന്ധിയില്‍ നിന്ന് കര കയറാനാകാത്തതിനാല്‍ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയിലാണ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍.
2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ചെറുകിട സ്ഥാപനങ്ങളുടെ വായ്പാ കുടിശിക 8,249 കോടി രൂപയായിരുന്നത് 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 16,118 കോടി രൂപയായി ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറുകിട വ്യാപാര — വ്യവസായ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ നിഷ്‌ക്രിയ ആസ്തിയിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാര്‍ച്ചില്‍ നിഷ്‌ക്രിയ ആസ്തി 82,382 കോടി ആയിരുന്നത് 2018 മാര്‍ച്ചില്‍ 98,500 കോടിയായി ഉയര്‍ന്നു. 25 ലക്ഷത്തില്‍ കൂടുതലും അഞ്ചു കോടിയില്‍ കുറവുമായ തുക വായ്പയെടുത്തതിന്റെ കണക്കാണിത്. നേരത്തേ ബാങ്കുകള്‍ക്ക് വായ്പാ കുടിശിക വരുത്തുന്നതില്‍ മുന്നില്‍ നിന്നിരുന്നത് വന്‍കിടക്കാര്‍ മാത്രമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക നടപടികളും ചരക്കു സേവന നികുതി മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയതും ചെറുകിട സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയതാണ് വായ്പാ കുടിശിക മുമ്പില്ലാത്ത വിധം വര്‍ധിക്കുന്നതിന് കാരണമായിരിക്കുന്നത്. മൊത്തം വായ്പാ കുടിശിക 2017 മാര്‍ച്ചില്‍ 9,83,655 കോടി ആയിരുന്നത് 2018 മാര്‍ച്ചില്‍ 10,49,796 കോടി ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തേതില്‍ നിന്ന് 6.72 ശതമാനത്തിന്റെ വര്‍ധനയാണിത്.
2016 നവംബര്‍ എട്ടിന് പെട്ടെന്നുള്ള നോട്ടുനിരോധന പ്രഖ്യാപനം നോട്ടുകളുടെ ക്ഷാമത്തിനും വ്യാപാര മേഖലയുടെ സ്തംഭനത്തിനും കാരണമായി. 2017 ല്‍ ചരക്കുസേവന നികുതി നടപ്പിലാക്കിയതും വ്യാപാര മേഖലയുടെ നിശ്ചലാവസ്ഥയ്ക്കും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതിനും കാരണമായി. ഈ രണ്ടു കാരണങ്ങളാണ് ചെറുകിട സ്ഥാപനങ്ങളുടെ വായ്പാ കുടിശിക ഇരട്ടിയിലധികമായി ഉയരാന്‍ ഇടയാക്കിയത്.വായ്പ തിരിച്ചടയ്ക്കുന്നതില്‍ പൊതുവേ ശുഷ്‌കാന്തി കാട്ടുന്നവരാണ് ചെറുകിട സ്ഥാപനങ്ങള്‍. മാത്രവുമല്ല കുടിശിക പിരിച്ചെടുക്കുന്നതിന് ചെറുകിട സ്ഥാപനങ്ങളോട് ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കാറുമില്ല. ഇതൊക്കെയാണെങ്കിലും വായ്പാ തിരിച്ചടവ് വൈകിയതിന് പ്രധാനകാരണമായത് നോട്ടുനിരോധനവും ചരക്കുസേവന നികുതിയിലെ ആശയക്കുഴപ്പവും തന്നെയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.