കൊച്ചി: പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നു കശ്‌മീരിലും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം മൂലം വിവിധ സംസ്‌ഥാനങ്ങളിലെ പല ജില്ലകളിലും മൊബൈൽ, ഇന്റർനെറ്റ് നിരോധിക്കപ്പെട്ടതിലൂടെ വ്യവസായ, വാണിജ്യ മേഖലകൾക്കു നഷ്ടമായതു കോടികൾ. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുടേതുൾപ്പെടെ ഓൺലൈൻ വ്യാപാരം ഈ മേഖലകളിൽ തടസ്സപ്പെട്ടു. ആപ് അധിഷ്ഠിത ടാക്സി, ഭക്ഷണ വിതരണ ശൃംഖലകളും പ്രതിസന്ധി നേരിട്ടു. ടെലികോം, ബാങ്കിങ്, വിനോദ സഞ്ചാരം, ഇ–കൊമേഴ്‌സ്, ഹോട്ടൽ തുടങ്ങിയ വ്യവസായങ്ങൾക്കാണു കോടികളുടെ നഷ്ടം വന്നിരിക്കുന്നത്.
യുപിഎ ഭരണത്തിന് ശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയ 2014 ൽ ആറ് തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. 2015 ൽ 14 തവണയും 2016 ൽ 31 തവണയും ഇന്റർനെറ്റ് വിച്ഛേദിച്ചു. 2017 ആയപ്പോൾ ഇന്റർനെറ്റ് വിച്ഛേദിച്ച സംഭവങ്ങൾ 79 തവണയും 2018 ൽ 134 തവണയും ആയി വർധിച്ചു. 2019 ഡിസംബർ 15 വരെയുള്ള കണക്ക് പ്രകാരം 93 തവണയും ഇന്റർനെറ്റ് ബന്ധം രാജ്യത്ത് പലയിടത്തായി വിച്ഛേദിച്ചു.
കശ്മീരിലാണ് കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് പോലുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചത്. പുൽവാമയിൽ 15 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 2019 ൽ മാത്രം ജമ്മു കശ്മീരിൽ 93 സ്ഥലങ്ങളിലായി 57 തവണ ഇന്റർനെറ്റ് വിച്ഛേദിച്ചു.കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ആഗസ്റ്റ് 5 ന് റദ്ദാക്കിയതിന് ശേഷം പലയിടത്തും ഇപ്പോഴും ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. കശ്മീരിൽ പുൽവാമയെക്കൂടാതെ ഷോപ്പിയാനിൽ 11 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കുൽഗാം, ബാരാമുള്ള (9), അനന്ത്നാഗ് (8), കുപ്വാര, ശ്രീനഗർ (6), ബുദ്ഗാം (5) എന്നിങ്ങനെയാണ് കണക്കുകൾ.
കശ്‌മീരിൽ ഓഗസ്‌റ്റ് അഞ്ചിന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. ഒരു സംസ്‌ഥാനത്ത് ഒരു മണിക്കൂർ മാത്രമായി ഏർപ്പെടുത്തുന്ന വിലക്കു പോലും മണിക്കൂറിൽ 4 കോടിയോളം രൂപയുടെ ഓൺലൈൻ ബിസിനസ് നഷ്‌ടത്തിന് ഇടയാക്കുന്നുവെന്നാണു കണക്കാക്കുന്നത്. ഒരു സർക്കിളിലെ ഒരു മണിക്കൂർ നിരോധനംകൊണ്ട് ടെലികോം കമ്പനികൾക്കു മാത്രം 2.45 കോടി രൂപയുടെ വരുമാനമാണു നഷടമാകുന്നതെന്നു സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്‌ടർ ജനറൽ രാജൻ മാത്യൂസ് പറയുന്നു.
ഇന്റർനെറ്റ് നിരോധിത മേഖലകളിൽ ടാക്‌സി, ഭക്ഷണ വിതരണ രംഗത്തെ ‘ആപ്’ അധിഷ്‌ഠിത സേവന ദാതാക്കൾക്ക് 20–30% ആണു ബിസിനസ് നഷ്‌ടം. യുപിയിലെ 21 ജില്ലകളിൽ നിരോധനം നിലവിലുണ്ട്. കർണാടക, രാജസ്‌ഥാൻ, ഗുജറാത്ത്, ഡൽഹി, ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലെ പല മേഖലകളിലും ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇ കൊമേഴ്‌സ് കമ്പനികളുടെ വെബ്‌സൈറ്റുകളിൽ 10 ശതമാനത്തോളമാണു ട്രാഫിക്കിലെ കുറവ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.