കൊറോണ വ്യാപനത്തെ തുടർന്ന് വ്യാവസായിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള നടപടികൾ മോഡി സർക്കാർ സ്വീകരിക്കുന്നില്ല. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ ലോക്ഡൗൺ കഴിഞ്ഞാൽ വ്യവസായങ്ങൾ എങ്ങനെ തുടരാൻ കഴിയുമെന്ന ആശങ്കയാണ് വിവിധ മേഖലകളിലുള്ള വ്യവസായികൾ പ്രകടിപ്പിക്കുന്നത്.
ചെറുകിട സംരംഭകർ മുതൽ വൻകിട കോർപ്പറേറ്റുകൾവരെ രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ലോക്ഡൗണിന് മുമ്പ് കയറ്റി അയച്ച സാധനങ്ങളുടെ വില നൽകാൻ പോലും വിദേശരാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾ തയ്യാറാകുന്നില്ലെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻടെക് ഓഫ് ഷോർ എൻജിനീയറിങ് ലിമിറ്റഡ് കമ്പനി അധികൃതർ പറയുന്നു. ഇതിന്റെ ഭാഗമായി ആകെയുള്ള 85 തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാൻ കഴിയുന്നില്ല. രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമ്മാണ കമ്പനിയായ ഹീറോ മോട്ടോകോർപ്പ് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചു. നിലവിലുള്ള വായ്പകളുടെ മോറട്ടോറിയം കാലാവധി വർധിപ്പിക്കണമെന്നും പുതിയ വായ്പകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ധനമന്ത്രായലത്തിന് കത്ത് നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ഉണ്ടായില്ലെങ്കിൽ ജീവനക്കാരെ പിരിച്ചുവിടുക, നിലവിലുള്ള ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് ഹീറോ മോട്ടോകോർപ്പിന്റെ തീരുമാനം. ജർമ്മനി, ജപ്പാൻ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 30 ശതമാനം വരെയാണ് പ്രത്യേക ധനസഹായമായി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ പ്രഖ്യാപിച്ചത് ജിഡിപിയുടെ ഒരു ശതമാനം പോലുമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തെ ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥ സംജാതമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.