തൊഴില്‍വകുപ്പ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി; 58 ഇടത്ത് നിയമലംഘനം

Web Desk
Posted on June 12, 2019, 6:15 pm

തിരുവനന്തപുരം: കേരളത്തില്‍ ടെക്‌സൈറ്റല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്.

1960ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റില്‍ ഭേദഗതി വരുത്തി തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് തൊഴില്‍വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ലേബര്‍ കമ്മിഷണര്‍ സിവി സജന്‍ നിര്‍ദ്ദേശം നല്‍കിയത്.

ജില്ലാതലങ്ങളില്‍ മേഖലാ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം മേഖലയില്‍ 78 ഇടങ്ങളിലെ പരിശോധനയില്‍ 34 എറണാകുളം മേഖലയില്‍ 33 ഇടങ്ങളില്‍ പരിശോധന നടത്തിയില്‍ 24 ഇടങ്ങളിലും കോഴിക്കോട് മേഖലയില്‍ 75 സ്ഥാപനങ്ങളിലെ പരിശോധന നടത്തിയതില്‍ 23 ഇടങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി. പരിശോധനയില്‍ ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമ നടപടികള്‍ ആരംഭിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.