Tuesday
26 Mar 2019

ഇന്ത്യയിലെ വളരുന്ന അസമത്വവും തളരുന്ന മനുഷ്യ മൂലധനവും

By: Web Desk | Saturday 23 September 2017 1:42 AM IST


ഡോ. കെ പി വിപിന്‍ ചന്ദ്രന്‍
ജിപ്‌സണ്‍ വി പോള്‍

ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടിയെന്ന് അവകാശപ്പെടുന്നതിനേക്കാള്‍ നല്ലത് ഇന്ത്യയിലെ എല്ലാ മേഖലകളിലും മുതലാളിത്ത കരങ്ങള്‍ കൈയ്യടക്കിയെന്ന് സൂചിപ്പിക്കുന്നതായിരിക്കും. സാമ്പത്തിക വളര്‍ച്ചയുടെ യാഥാര്‍ത്ഥലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഒരു ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുന്നത് എല്ലാ ജനങ്ങളുടെയും വരുമാനത്തിലൂടെയും, തൊഴിലവസരങ്ങളിലുള്ള വര്‍ധനവിലൂടെയും, മെച്ചപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തിലൂടെയുമായിരിക്കണം. എന്നാല്‍ ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങള്‍ ദാരിദ്ര്യവും സമ്പത്തിന്റെ വിതരണത്തിലുള്ള അസമത്വവും പോഷകാഹാരകുറവുംമൂലം ദുരിതമനുഭവിക്കുമ്പോള്‍ കേന്ദ്രഭരണാധികാരികള്‍ വികസനം വരുന്ന വഴികളായി ബുള്ളറ്റ് ട്രെയിനും, മെട്രോയും, വിമാനത്താവളങ്ങളുമൊക്കെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇത്തരത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രമാവുകയും, ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഒരു നേരം ഭക്ഷണത്തിനുപോലും വകയില്ലാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയുമാണ്. ഈ ദുരിത പര്‍വത്തിന് കാരണങ്ങള്‍ അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.
1991-ല്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയം സ്വകാര്യവല്‍ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും മഹത്വവത്ക്കരിക്കുകയായിരുന്നു. തുടര്‍ന്നുവന്ന കേന്ദ്രസര്‍ക്കാരുകള്‍ നടപ്പിലാക്കിയ നയങ്ങള്‍ പൊതുമേഖലയെയും, പ്രത്യേകിച്ച് കാര്‍ഷിക -വ്യവസായിക മേഖലയെയും ദോഷകരമായി ബാധിച്ചു. ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം സാമ്പത്തിക വളര്‍ച്ച നേടിയത് ചില അപ്രധാനമായ സേവന മേഖലകളില്‍ മാത്രമാണ്. അതേസമയം ഇത്തരത്തിലുള്ള ജനവിരുദ്ധ നയങ്ങളുടെ ബാക്കി പത്രമാണ്- അഴിമതി, ദാരിദ്ര്യം, പട്ടിണി, ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മ, വര്‍ദ്ധിച്ച തോതിലുള്ള വരുമാന അസമത്വം തുടങ്ങിയവ അതിന്റെ സകല സീമകളും ലംഘിക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. ഇന്ത്യയിലെ ദാരിദ്ര്യജനതയെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചിട്ട അവസ്ഥയിലെത്തിച്ചത് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരാണ്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക, ഭീകരവാദം തുടച്ചു നീക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുന്ന അവസ്ഥയിലെത്തി. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേയും തൊഴില്‍ മേഖലയുടെ വളര്‍ച്ചയേയും പുറകോട്ടടിച്ചുവെന്ന് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ വെളിപ്പെടുത്തുന്നുണ്ട്. അത്തരത്തിലുള്ള മറ്റൊരു പരിഷ്‌ക്കാരമാണ് ചരക്കുസേവന നികുതി (ജിഎസ്ടി). നടപ്പിലാക്കി രണ്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റം മാത്രമാണ് ബാക്കിപത്രം. ജിഎസ്ടി നടപ്പിലാക്കിയതിന്റെ നേട്ടം സര്‍ക്കാരുകള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും, വ്യാപാരി വ്യവസായികള്‍ക്കും മാത്രമായി ഒതുങ്ങി. അതുപോലെ അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വളരെ താഴ്ന്ന നിലയില്‍ എത്തിയിട്ടും ഇന്ത്യയില്‍ പെട്രോളിയം വില ഇന്നും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിഷിപ്തമായ വിലനിര്‍ണ്ണയാധികാരം എടുത്തു കളഞ്ഞ് ദിവസേന വില നിര്‍ണയിക്കുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ക്കും എണ്ണ കമ്പനികള്‍ക്കും കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്നു. പാചകവാതകത്തിന്റെ സബ്ഡിയും 2018 മാര്‍ച്ചോടുകൂടി പൂര്‍ണമായി അവസാനിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള കോര്‍പ്പറേറ്റ്-കേന്ദ്രഭരണസംവിധാനം ഇന്ത്യയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യംചെയ്യുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നു. ഈ രീതിയിലുള്ള നയസമീപനങ്ങളിലൂടെ വരുമാനവും സമ്പത്തിന്റെ വിതരണവും മോശമാകുന്ന സ്ഥിതിയിലൂടെ രാജ്യത്ത് അസമത്വം വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുകുയം ചെയ്തു.
വരുമാനശ്രേണിയില്‍ ഏറ്റവും താഴെ തട്ടിലുള്ള കൃഷിക്കാര്‍, അസംഘടിത മേഖലയിലെ ജനവിഭാഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരുള്‍ക്കൊള്ളുന്ന 40 ശതമാനം ജനങ്ങള്‍ക്ക് രാജ്യത്തിലെ വരുമാനത്തിന്റെ നാമമാത്രവിഹിതമേ ലഭിക്കുന്നുള്ളൂ. സമൂഹത്തിലെ മുഴുവന്‍ സമ്പത്ത് ചെറിയ ശതമാനമുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാരിലേക്ക് കേന്ദ്രീകരിക്കുന്നു. ഇത്തരത്തിലുള്ള ചൂഷണത്തെ കാറല്‍മാര്‍ക്‌സ് തന്നെ വിശദീകരിക്കുന്നുണ്ട്. ഉല്‍പ്പാദനമേഖല പൂര്‍ണമായി സ്വകാര്യകോര്‍പ്പറേറ്റ് മുതലാളികള്‍ കൈവശമാക്കുകയും ലാഭാധിഷ്ഠിതമായ വ്യാപാരം വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും പെരുകുകയും മറുഭാഗത്ത് ആഡംബര കാറുകളുടെയും വിലകൂടിയ സാധനങ്ങളുടെയും ഉല്‍പാദനം കൂടുകയും ചെയ്യുന്നു. അങ്ങനെ സാധാരണ ജനതയ്ക്ക് ആവശ്യമായ സാധാരണസേവനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ് വരുമാനത്തിന്റെ അസമത്വം സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയിലെ 20 ശതമാനം ആളുകള്‍ പരമ ദരിദ്രരാണ്. അതില്‍ ഏറെയും ദളിത്- ആദിവാസി വിഭാഗങ്ങള്‍. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷവരുമാനം മൂന്നിരട്ടിയിലേറെ വര്‍ധിച്ചുവെങ്കിലും ലോകത്തിലെ പരമ ദരിദ്രരുടെ വലിയ വിഭാഗവും ഇന്ത്യയുടെ സംഭാവനയാണ്.
പുതിയ ഇന്ത്യയില്‍ എല്ലാവര്‍ക്കും പുതിയ അവസരങ്ങള്‍ ഉണ്ടെന്ന് കേന്ദ്രഭരണാധികാരികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിന്റെ പ്രവണതകള്‍ കുറച്ചുകൊണ്ടുവരുന്നതിന് ഒരു നടപടിയുമുണ്ടാകുന്നില്ല. ഇന്ത്യയില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടുപോകുന്ന പദ്ധതികള്‍ക്ക് അസമത്വം കുറയ്ക്കാന്‍ സാധിക്കില്ല എന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ ലോകപ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരു ലോകപ്രശസ്ത വികസന സാമ്പത്തിക ശാസ്ത്രജ്ഞനും നോബെല്‍ പുരസ്‌കാര ജേതാവുമായ ആംഗസ് ഡീറ്റന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യം, ആരോഗ്യം, പോഷകാഹാര ലഭ്യത എന്നിവയുടെ കണക്കെടുപ്പ് രീതി പൊളിച്ചെഴുതേണ്ടത് അനിവാര്യമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയ്ക്കും സര്‍ക്കാരുകളുടെ സജീവ ഇടപെടല്‍ വേണമെന്ന ക്ഷേമ രാഷ്ട്രസങ്കല്പത്തില്‍ അധിഷ്ഠിതമായ നയപരിപാടികളാണ് സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ മനുഷ്യമൂലധനത്തിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തപ്പെടേണ്ടത്.
സാമ്പത്തിക വളര്‍ച്ചയും മനുഷ്യമൂലധനവും തമ്മില്‍ ഒരു നല്ല ബന്ധമുണ്ട്. സാമ്പത്തിക വികസനപ്രക്രിയയില്‍ മനുഷ്യമൂലധനം ക്രിയാത്മകമായി ഇടപെട്ടാല്‍ മാത്രമേ രാജ്യത്തിന് യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുകയുള്ളൂ. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ മനുഷ്യമൂലധന സൂചികയില്‍ ഇന്ത്യ എന്ന വലിയ മനുഷ്യവിഭവശേഷിയുള്ള രാജ്യം 130 രാജ്യങ്ങള്‍ക്കിടയില്‍ വെറും 103-ാം സ്ഥാനത്താണ്. അതു തന്നെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിറകിലും, ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന റാങ്കിലുമാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ സ്ഥാനം പിടിക്കാന്‍ ആളുകള്‍ക്കുള്ള അറിവും, നൈപുണ്യവും പരിഗണിച്ചു തയാറാക്കുന്നതാണ് മുനുഷ്യ മൂലധനസൂചിക. മനുഷ്യമൂലധന വികസനത്തില്‍ പ്രാപ്തി (ഔപചാരിക വിദ്യാഭ്യാസത്തിലുള്ള നിക്ഷേപം), വിന്യാസം (ജോലിയിലുടെ നൈപുണ്യം മെച്ചപ്പെടുത്താനുള്ള അവസരം), വികസനം (നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്താനും, പുതിയത് ആര്‍ജ്ജിക്കാനുമുള്ള ശേഷി), സാങ്കേതിക പരിജ്ഞാനം എന്നീ നാല് പ്രധാന മേഖലകളെ വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.
എന്തുകൊണ്ടാണ് മനുഷ്യമൂലധന സൂചികയില്‍ ഇന്ത്യ പിന്നാക്കം പോയത്? ഇന്ത്യ അതിന്റെ മനുഷ്യമൂലധനത്തിന്റെ രണ്ട് പ്രധാന ഉറവിടങ്ങളായ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കണ്ടെത്തുകയോ പൂര്‍ണ്ണമായി വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. 25-54 വയസ്സിനിടയിലുള്ളവരുടെ പ്രാഥമിക വിദ്യാഭ്യസ ലഭ്യതയിലുള്ള കുറവ്, മനുഷ്യ വിഭവങ്ങളുടെ കുറഞ്ഞ ഉപയോഗം, ഗുണപരമായ നൈപുണിയുടെ കുറവ്, തൊഴിലിടങ്ങളിലെ കുറഞ്ഞ സ്ത്രീപുരുഷാനുപാതം തുടങ്ങിയ പ്രശ്‌നങ്ങളും മനുഷ്യ മൂലധന സൂചികയില്‍ ഇന്ത്യ പിന്നാക്കം പോകുന്നതിന് കാരണമായി മാറി. വിദ്യാഭ്യാസ മേഖലയിലടക്കം ചെലവഴിക്കപ്പെടുന്ന ബഡ്ജറ്റു വിഹിതം ഓരോ വര്‍ഷം കഴിയും തോറും കുറഞ്ഞുവരുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. പെട്രോളിന്റെ വിലവര്‍ധനയുടെ ഗുണഭോക്താക്കള്‍ കക്കൂസ് പോലും ഇല്ലാത്ത ദരിദ്ര നാരായണന്‍മാര്‍ ആണെന്ന് ഭരണകര്‍ത്താക്കള്‍ ഉദ്‌ഘോഷിക്കുന്നു.
ഇന്ത്യയിലെ മുനുഷ്യമൂലധന രൂപീകരണത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. അതിവേഗം വളരുന്ന ജനസംഖ്യ പരിമിതമായ വിഭവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും, പ്രതിശീര്‍ഷ ലഭ്യമായ വിഭവം കുറയുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഗുണനിലവാരമില്ലാത്ത ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടപെടല്‍മൂലം ഗുണപരമായ നൈപുണികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നില്ല. അതുപോലെ വിദഗ്ദ്ധ തൊഴിലാളികളുടെ ദേശാന്തര കുടിയേറ്റം സാമ്പത്തിക പുരോഗതിയെ ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയിലെ മെച്ചപ്പെട്ട മനുഷ്യാധ്വാനത്തെ ശരിയായ രീതിയിലുള്ള ആസൂത്രണത്തിന്റെ അഭാവത്തിലൂടെ പാഴാക്കിക്കളയുകയും ചെയ്യുന്നു.
വളരുന്ന അസമത്വവും തളരുന്ന മുനുഷ്യമൂലധനവും ഇന്ത്യയില്‍ വരും ഭാവിയില്‍ എങ്ങനെയാണ് പരിഹരിക്കേണ്ടത്? വരുമാന അസമത്വം കുറച്ച് സാമ്പത്തിക വളര്‍ച്ച നേടിയെടുക്കണമെങ്കില്‍ ഇന്ത്യയില്‍ വിഭാവനം ചെയ്യുന്ന നയങ്ങള്‍ നടപ്പിലാക്കുന്നത് അന്തര്‍ദേശീയ സഹകരണത്തോടെമാത്രമേ സാധിക്കുകയുള്ളൂ. 2030-ല്‍ നേടിയെടുക്കേണ്ട ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേര്‍ന്നുള്ള വികസന സമീപനമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം. വിദ്യാഭ്യാസവും ആരോഗ്യവുമാണ് മനുഷ്യമൂലധനത്തിന്റെ അഭിവാജ്യ ഘടകങ്ങള്‍. ഈ രംഗങ്ങളില്‍ കേന്ദ്ര- സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും ഫീസ് ഘടന ക്രമീകരിച്ച് സ്വകാര്യമൂലധന ശക്തിയുടെ ചൂഷണം ഒഴിവാക്കുന്നതിന് നിയമനിര്‍മാണം നടത്തുകയും വേണം. ഉയര്‍ന്ന മിനിമം വേതനം നടപ്പിലാക്കുകയും, സുസ്ഥിര ഉല്‍പാദനം ഉറപ്പിക്കുകയും, ജിഡിപി വളര്‍ച്ചയെ മാത്രം കേന്ദ്രീകരിച്ചുള്ള വികസന സമീപനത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതിലൂടെ വരുമാന അസമത്വം കുറയ്ക്കാനും, മനുഷ്യമൂലധനത്തെ പൂര്‍ണമായി ഉപയോഗിക്കാനും സാധിക്കും. വികസനം എന്ന പേരില്‍ നടത്തുന്ന പൊള്ളയായ മായക്കാഴ്ച്ചകളില്‍ മയങ്ങിപ്പോകാതെ മനുഷ്യ കേന്ദ്രീകൃത വികസന രീതികള്‍ക്ക് മാത്രമേ ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യവും വരുമാന അസമത്വവും കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.

(ലേഖകര്‍ യഥാക്രമം കാസര്‍ഗോഡ് എളേരിത്തട്ട് ഗവണ്‍മെന്റ് കോളേജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകനും, വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകനും ആണ്.)

 

Related News