August 9, 2022 Tuesday

Related news

July 11, 2022
June 28, 2022
May 29, 2022
May 27, 2022
April 27, 2022
April 14, 2022
March 10, 2022
January 10, 2022
December 22, 2021
November 26, 2021

ആവർത്തിക്കുന്ന ശിശുമരണങ്ങൾ

സ്വന്തം ലേഖകൻ
January 13, 2020 11:29 am

ഡിസംബർ മാസത്തിൽ മാത്രം രാജസ്ഥാൻ, ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങളിലെ ആറ് സർക്കാർ ആശുപത്രികളിലായി മരിച്ചത് 600ലധികം കുഞ്ഞുങ്ങളാണ്. രാജസ്ഥാനിലെ ആശുപത്രികളായ കോട്ടയിലെ ജെ കെ ലോണിൽ 101, ജോദ്പുരിലെ യു മെയ്ഡ്, എംഡിഎം എന്നിവിടങ്ങളിൽ 102, ബിക്കാനീറിലെ സർദാർ പട്ടേൽ മെഡിക്കൽ കോളജിൽ 124 വീതം ശിശുമരണങ്ങളാണ് ഡിസംബറിലുണ്ടായത്. ഗുജറാത്തിൽ രാജ്കോട്ടിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ 111, അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 85 എന്നിങ്ങനെ മരണങ്ങളുമുണ്ടായി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2018 ൽ ഇന്ത്യയിലുണ്ടായത് 7,21,000 ശിശുമരണങ്ങൾ. രാജ്യത്തുടനീളം ഇത്രയധികം ശിശുക്കളും കുട്ടികളും മരിക്കുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് 13 സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ ഇന്ത്യസ്പെൻഡ് എന്ന ഓൺലൈൻ പോർട്ടൽ വിശകലനത്തിന് വിധേയമാക്കുകയുണ്ടായി. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളം, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഒഡിഷ, ഛത്തീസ്ഗഢ്, അസം സംസ്ഥാനങ്ങളിലാണ് കൂടുതൽ ശിശുമരണങ്ങൾ നടക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയും ശിശുമരണ വാർത്തകൾ പുറത്തുവരുന്ന സംസ്ഥാനങ്ങളാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യത്തിന്റെ ശോചനീയാവസ്ഥ, ജനനപൂർവ പരിപാലനം, മാതൃ ആരോഗ്യം, പ്രസവാനന്തര പരിചരണം എന്നിവയുടെ മോശമായ ഗുണനിലവാരം എന്നിവയാണ് ഇത്രയധികം കുട്ടികളുടെ മരണത്തിന് കാരണമാകുന്നതെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആരോഗ്യരംഗത്തെ പോരായ്മകളേക്കാൾ പോഷകാഹാരക്കുറവ്, ശുചിത്വം, രോഗപ്രതിരോധപ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ശിശുമരണമെന്ന് ഡൽഹി ബി ആർ അംബേദ്കർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ദീപ സിൻഹ പറയുന്നു. പ്രാഥമിക തലത്തിൽ ചികിത്സിച്ച് ഭേദമാക്കാവുന്ന ന്യൂമോണിയ പോലുള്ള അണുബാധകളിൽ നിന്നാണ് മരണങ്ങളിൽ ഭൂരിഭാഗവുമുണ്ടായതെന്നും ഇത് അതാത് പ്രതിരോധ, പ്രാഥമിക ആരോഗ്യസംരക്ഷണ സംവിധാനം തകർന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.

അഞ്ചുവയസിൽ താഴെയുള്ള ശിശുമരണങ്ങളിൽ പകുതിയും നവജാത ശിശുക്കളുടേതാണ്. അതുകൊണ്ടുതന്നെ ജനനപൂർവ്വ പരിരക്ഷ, ജനനസമയത്തുതന്നെ കുട്ടികൾക്ക് വിദഗ്ധ പരിചരണം ലഭ്യമാക്കൽ, പ്രസവാനന്തര പരിചരണം, ആരോഗ്യ പ്രശ്നങ്ങളുള്ള ശിശുക്കളുടെ പരിചരണം എന്നിവയിലൂടെ ഉയർന്ന ശിശുമരണ നിരക്ക് കുറയ്ക്കാനാകുമെന്ന് യൂണിസെഫ് തന്നെ പലതവണ നിർദ്ദേശിച്ചിട്ടുള്ളതാണ്. പ്രസവ ചികിത്സയ്ക്ക് ആരോഗ്യപരിപാലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. 2005 മുതൽ 38.7 ശതമാനമായിരുന്നത് 2015–16ൽ 78.9 ശതമാനമായി ഉയർന്നു. ഇരട്ടിയായി എന്നർഥം. ഇത് ശിശുമരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്, എന്നാൽ നവജാതശിശു സംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളുടെ എണ്ണം ഈ വർധനയ്ക്ക് അനുസൃതമായി ഉണ്ടായില്ല. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ കൂടുതൽ മരണങ്ങളും നവജാതശിശുക്കളുടേതാണ് — 57.9 ശതമാനം. ഇതാകട്ടെ 2019 ലെ ലാൻസെറ്റിന്റെ റിപ്പോർട്ട് പ്രകാരം 28 ദിവസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളുമാണ്. അമ്മയുമായി ശരീര സമ്പർക്കം പുലർത്തിയുള്ള പരിചരണം, അന്തരീക്ഷോഷ്മാവിന്റെ സന്തുലിതാവസ്ഥ, മുലയൂട്ടൽ പിന്തുണ, അണുബാധ- ശ്വാസ തടസം എന്നിവയ്ക്കെതിരായ അടിസ്ഥാന പരിചരണം എന്നിവയ്ക്കുള്ള ചെലവു കുറ‍ഞ്ഞ സംവിധാനങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണെങ്കിലും അവബോധത്തിന്റെ അഭാവവും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ വരുത്തുന്ന വീഴ്ചയും മരണ നിരക്ക് ഉയർത്തുന്നതിന് കാരണമാകുന്നു. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ആരോഗ്യപരിപാലനരംഗത്തിന്റെ പോരായ്മ തന്നെയാണ് ശിശുമരണങ്ങൾക്ക് കാരണമെന്ന അടിസ്ഥാന യാഥാർഥ്യത്തിൽ എത്തിച്ചേരുന്നതിന് പ്രയാസമുണ്ടാകുന്നില്ല. പ്രതിരോധ കുത്തിവയ്പുകൾ വ്യാപകമാക്കുകയും പോഷകാഹാരപ്രശ്നം പരിഹരിക്കുകയും ചെയ്താൽ ഇത് സാധ്യമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് സംസ്ഥാനങ്ങളാണ് കേരളം, ഗോവ, തമിഴ്‌നാട്, എന്നിവ. ഇവിടെ യഥാക്രമം 90, 88.4, 69.7 ശതമാനം വീതം രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയെന്നാണ് കണക്ക്. അതേസമയം ശിശുമരണ നിരക്കിൽ മുന്നിലുള്ള അസം, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തവരുടെ എണ്ണം യഥാക്രമം 47.1, 50.4, 51.1, 45.2 ശതമാനം വീതമാണ്. ഇതിൽ നിന്നുതന്നെ ആരോഗ്യപരിപാലനരംഗത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാണ്. പോഷകാഹാരക്കുറവ് മരണകാരണമാകുന്നതിന്റെ കണക്കുകളിലൂടെ സഞ്ചരിച്ചാലും ഇതേ താരതമ്യം കണ്ടെത്താവുന്നതാണ്. 2017 ലെ കണക്കനുസരിച്ച് അഞ്ചുവയസിൽ താഴെയുള്ള ശിശുമരണനിരക്കിൽ 68.2 ശതമാനത്തിന്റെയും കാരണം പോഷകാഹാരക്കുറവാണ്. ബിഹാറിൽ വളർച്ച മുരടിച്ച കുട്ടികളുടെ നിരക്ക് 42 ശതമാനമാണ്. അതേസമയം കേരളം, തമിഴ്‌നാട്, ഗോവ സംസ്ഥാനങ്ങളിലെ നിരക്ക് യഥാക്രമം 20.5, 19.7, 19.6 ശതമാനം മാത്രമാണ്. ശിശുമരണത്തിന്റെ മറ്റൊരു കാരണമായി കണ്ടെത്തിയിട്ടുള്ളത് ന്യൂമോണിയ ബാധയാണ്. 12.9 ശതമാനം കുട്ടികൾ ഇക്കാരണത്താൽ മരിക്കുന്നു. മതിയായ പ്രതിരോധ സംവിധാനമൊരുക്കുകയാണെങ്കിൽ ഇത് ഒരു പരിധിവരെ പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. സാമൂഹ്യക്ഷേമത്തിനായി ആവിഷ്കരിക്കുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് പോഷകാഹാരലഭ്യത ഉറപ്പുവരുത്തുകയെന്നത്. നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷം പോഷൺ എന്ന പേരിൽ ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയും 9,000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാൽ അതുകൊണ്ടും ഫലമില്ലെന്നാണ് ഇപ്പോഴത്തെ വാർത്തകൾ പറയുന്നത്. കാരണം ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്നതോ അടുത്തകാലം വരെ ഭരിച്ചതോ ആയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ശിശുമരണത്തിന്റെ വാർത്തകളെത്തുന്നത്.

തങ്ങളുടെ രാഷ്ട്രീയ എതിരാളികളോട് ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് വൈരാഗ്യസമീപനം സ്വീകരിക്കുന്നതാണ് നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രഭരണം. അതുകൊണ്ടുതന്നെ പദ്ധതി വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുകയും ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നല്കുകയും ചെയ്യുകയെന്നത് അവരുടെ ഭരണരീതിയുമാണ്. അതുകൊണ്ടുതന്നെ മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനും മറ്റും കൂടുതൽ വിഹിതം ആരോഗ്യ പരിപാലനം പോലുള്ള മേഖലയ്ക്ക് ലഭിച്ചിരിക്കുമെന്നതിൽ തർക്കമുണ്ടാവില്ല. പക്ഷേ അത് യഥാർഥ ഗുണഭോക്താക്കളിലെത്തുന്നില്ലെന്നാണ് കണക്കുകളും വസ്തുതകളും ബോധ്യപ്പെടുത്തുന്നത്. ഉയർന്നുകൊണ്ടിരിക്കുന്ന ശിശുമരണ നിരക്കിന്റെ വില്ലൻ അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യപരിപാലനരംഗം വേണ്ട രീതിയിൽ പരിഗണിക്കാത്ത സർക്കാരുകൾ തന്നെയാണ് എന്നര്‍ത്ഥം. ആരോഗ്യ പരിപാലന സൂചികയിൽ ലോകനിലവാരത്തിലെത്തി നിൽക്കുന്ന കേരളത്തെ താരതമ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകും. മെഡിക്കൽ കോളജുകൾ മുതൽ പ്രാഥമികാരോഗ്യകേന്ദ്രം വരെ പല തട്ടുകളിലായി സമഗ്രമായ ആരോഗ്യ പരിപാലന സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെയാണ് ശിശുമരണനിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളത്തിന് മാറുവാൻ കഴിഞ്ഞത്. മറ്റു സംസ്ഥാനങ്ങളും അതിനനുസൃതമായി മുന്നേറുന്നില്ലെങ്കിൽ ശിശുമരണ നിരക്ക് ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കും.

(കടപ്പാട്: ദി വയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.