മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂളറില്‍; മാതാപിതാക്കള്‍ അറസ്റ്റില്‍

Web Desk
Posted on January 05, 2020, 11:49 am

ഡാലസ് : സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റര്‍ റോഡിലുള്ള മോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കൂളറില്‍ നിന്നും കണ്ടെടുത്തു. മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്ത് ഡാലസ് കൗണ്ടി ജയിലിലടച്ചു. പിതാവിന് 17,555 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 28 നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജനുവരി 2 വ്യാഴാഴ്ച മാതാപിതാക്കളായ ഔര്‍ടൂറോ, എസ്പിനോസൊ, ഫെലിസാ വാസ്ക്വസ് (32) എന്നിവര്‍ക്കെതിരെ മൃതശരീരം ഒളിപ്പിച്ചുവയ്ക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

കുട്ടിയുടെ മരണത്തിനുശേഷം വിവരം അധികൃതരെ അറിയിച്ചില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ഫെലിസാക്ക് 5000 ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്. അനധികൃത വാഹനം ഉപയോഗിച്ച കേസ്സില്‍ ആര്‍ട്ടൂറയെ ഇതിനകം തന്നെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു. ഈ സംഭവത്തെകുറിച്ചോ വ്യക്തികളെകുറിച്ചോ വിവരം ലഭിക്കുന്നവര്‍ ഡാലസ് പോലീസ് ഡിറ്റക്റ്റീവ് കോറി ഫോര്‍മാനുമായി 214 275 1300 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചൈല്‍ഡ് അബ്യൂസ് ഡിറ്റക്റ്റീവ്‌സ് അധികൃതര്‍ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു.

 

Eng­lish sum­ma­ry: infant found in cool­er, par­ents arrest­ed