1948 ജനുവരി 30 സായാഹ്നത്തില്‍ ലോകം ഞെട്ടിയ ആ ദുരന്തം അരങ്ങേറി. രാഷ്ട്രപിതാവ് ഗാന്ധിജിയെ പ്രാര്‍ത്ഥനയ്ക്കായി എത്തുമ്പോള്‍ സംഘപരിവാര മതഭ്രാന്തന്മാര്‍ വെടിയുതിര്‍ത്ത് കൊന്നുതള്ളി. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് മഹാത്മാവായ ഗാന്ധിജി എതിര്‍ നില്‍ക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. കാക്കിധരിച്ച ചെറുപ്പക്കാരന്‍ ഗാന്ധിജിയുടെ പാദങ്ങള്‍ വന്ദിക്കാനെന്ന ഭാവേന കൈകള്‍ കൂപ്പി മുന്നിലെത്തി അരയോളം കുനിഞ്ഞുനിന്നു. തൊട്ടുപിന്നാലെ കൂപ്പിപ്പിടിച്ച കരങ്ങളില്‍ ഒളിപ്പിച്ച തോക്കില്‍ നിന്ന് മൂന്ന് തവണ കാഞ്ചിവലിച്ചു. അര്‍ധനഗ്ന വേഷധാരിയായ ഗാന്ധിജിയുടെ ഖദര്‍ വസ്ത്രം രക്തത്താല്‍ ചുവന്നു. ‘ഹേ റാം, ഹേ റാം’ എന്നു മന്ത്രിച്ചുകൊണ്ട് ഗാന്ധിജി വിടപറഞ്ഞു. കാക്കിധരിച്ച ആ ചെറുപ്പക്കാരന്‍ സവര്‍ക്കറുടെ ആരാധകനും ഹെഡ്‌ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും ഉറ്റ അനുയായിയുമായിരുന്ന നാഥുറാം വിനായക് ഗോഡ്‌സേയാണ്. ആ ഗോഡ്‌സേയുടെ പ്രതിമകള്‍ സ്ഥാപിക്കുവാനും അമ്പലങ്ങള്‍ നിര്‍മ്മിക്കുവാനുമുള്ള തിരക്കിലാണ് സംഘപരിവാര ശക്തികള്‍. ഗാന്ധിജിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുകയും ഗാന്ധിവധത്തിന് ഗൂഢാലോചന നടത്തുകയും ചെയ്ത, ആന്‍ഡമാന്‍ നിക്കോബാര്‍ സെല്ലുലാര്‍ ജയിലില്‍ ബ്രിട്ടീഷ് പൊലീസ് മേധാവികളോട് മാപ്പിരന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറെ വീര്‍സവര്‍ക്കര്‍ എന്നു വാഴ്ത്തുകയാണ് ആര്‍എസ്എസും ബിജെപിയും. സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടം.
നമ്മുടെ രാജ്‌ഭവനിലേക്കും വര്‍ഗീയ ഫാസിസ്റ്റ് ബിംബങ്ങളും വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളുടെ പ്രചാരമേധാവികളുടെ ചിത്രങ്ങളും കുടിയിരുത്തപ്പെടുന്നു. സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുവാന്‍ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ആയുധമാക്കുകയാണ്. കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനാധിപത്യ സര്‍ക്കാരിനെ വെല്ലുവിളിച്ച് നിരന്തരം നിലപാട് കൈക്കൊണ്ടു. തമിഴ്‌നാട്ടില്‍ സംഘപരിവാര ദാസനായ രവി എന്ന ഗവര്‍ണറും ഇതേ നിഷേധാത്മക സമീപനം സ്വീകരിച്ചു. നിയമസഭകള്‍ അംഗീകരിച്ച ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പിടാത്തതിനെതിരെ ഉന്നത നീതിപീഠമായ സുപ്രീം കോടതി ഉത്തരവിട്ടിട്ടും അനുസരിക്കുവാന്‍ തയ്യാറാകാത്തത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള അരാജകത്വം നിറഞ്ഞ നീതിനിഷേധമാണ്. ബിജെപിയിതരഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ സംഘഫാസിസ്റ്റുകളുടെ ആയുധമാവുകയാണ്.
ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ഗവര്‍ണറായി എത്തിയ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ എന്ന് സംഘപരിവാരം ഉദ്ഘോഷിക്കുന്ന ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന കൃഷിവകുപ്പിന്റെ പരിപാടിയില്‍ ഭാരതാംബയുടെ ഛായാച്ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹം കല്പിച്ചു. കൃഷിമന്ത്രി പി പ്രസാദും സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഭരണഘടനാ സ്ഥാപനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. കാവിക്കൊടിയുടെ പ്രചാരകനായ സംഘപരിവാറുകാരന്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആര്‍എസ് എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെയും സര്‍സംഘചാലകനായ ഗോള്‍വാക്കറിന്റെയും ചിത്രങ്ങള്‍ കൂടി രാജ്ഭവനില്‍ പ്രതിഷ്ഠിച്ചു.
രാജ്ഭവനെ ആര്‍എസ്എസിന്റെ ശാഖാ കേന്ദ്രമാക്കുവാനുള്ള പരിശ്രമത്തിന്റെ ഗൂഢ അജണ്ടയാണ് ഇതില്‍ വ്യക്തമാവുന്നത്. ഇന്ത്യയുടെ ഭൂപടം വിചിത്രമായി ചിത്രീകരിച്ച് ‘ഭാരതാംബ’ എന്ന പേരില്‍ സ്ഥാപിച്ചതില്‍ പോലും ഗവര്‍ണര്‍ക്ക് ഖേദമില്ല. ആര്‍എസ്എസ് നായകന്മാരില്‍ ഒരാളായ ഗുരുമൂര്‍ത്തിയെ ക്ഷണിച്ച് രാജ്ഭവനില്‍ പ്രഭാഷണം നടത്തിയതു തന്നെ അക്ഷന്തവ്യമായ അപരാധമാണ്. ഹെഡ്‌ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും ചിത്രം രാജ്ഭവനില്‍ പ്രതിഷ്ഠിച്ചവര്‍ ഗാന്ധിജിയുടെ വധം നടത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെയും നാരായണ്‍ ആപ്തെയുടെയും വിഷ്ണുകാര്‍ക്കറെയുടെയും ഗോപാല്‍ ഗോഡ്‌സേയുടെയും മദന്‍ലാല്‍ പഹ്വയുടെയും ചിത്രങ്ങള്‍ കൂടി രാജ്ഭവനില്‍ പ്രതിഷ്ഠിച്ചാല്‍ അതിശയപ്പെടേണ്ടതില്ല.
വിവാദങ്ങള്‍ക്കൊടുവില്‍ വിചിത്ര ഭൂഖണ്ഡമുള്ള ഭാരതാംബയുടെ ചിത്രം സര്‍ക്കാര്‍ പരിപാടികളില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കഴിഞ്ഞദിവസവും മുന്‍നടപടി ആവര്‍ത്തിച്ചു. ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് ദിനത്തിന്റെ ഭാഗമായി നടത്തിയ ഔദ്യോഗിക പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രദര്‍ശിപ്പിച്ചു. ഭാരതീയ ദേശീയ പതാകയെ സംഘപരിവാരം ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. മന്ത്രി വി ശിവന്‍കുട്ടി പരസ്യപ്രതിഷേധം നടത്തി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത് രാജ്ഭവനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമായിരുന്നു.
വിദ്യാഭ്യാസ‑സാംസ്കാരിക മണ്ഡലങ്ങളില്‍ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നവര്‍ ജുഡീഷ്യറിയെയും തങ്ങളുടെ കാല്‍ക്കീഴിലാക്കുവാന്‍ യത്നിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് രാജ്ഭവനുകളെയും കാവിവല്‍ക്കരിക്കുന്നത്.
‘ഒത്തുചേര്‍ന്ന് വാഴണം
അതാണ് നമ്മുടെ മതം’ എന്ന് സ്വാതന്ത്ര്യലബ്ധിയുടെ നാളില്‍ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളില്‍ വിഹരിക്കുന്നവര്‍ ഈ പ്രാഥമിക പാഠം പഠിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.