24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 20, 2025
March 19, 2025
March 19, 2025
March 18, 2025
March 16, 2025
March 16, 2025
March 15, 2025
March 14, 2025
March 13, 2025

ട്രഷറി വകുപ്പില്‍ നുഴഞ്ഞുകയറ്റം; മസ്കിനെ വിലക്കി യുഎസ് കോടതി

Janayugom Webdesk
വാഷിങ്ടണ്‍
February 8, 2025 10:40 pm

ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സാമൂഹിക സുരക്ഷ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളടങ്ങിയ ട്രഷറി വകുപ്പിന്റെ രേഖകള്‍ ലഭിക്കുന്നതിനുള്ള ഇലോണ്‍ മസ്കിന്റെ ശ്രമം തടഞ്ഞ് യുഎസ് കോടതി. ‍ വ്യക്തിഗത രേഖകളിലേക്ക് പ്രവേശനം ലഭിക്കുന്നതില്‍ നിന്ന് മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പിനെ തടഞ്ഞുകൊണ്ട് യുഎസ് ജില്ലാ ജഡ്ജി പോൾ ഏംഗൽമയർ ഉത്തരവിറക്കി. രേഖകളുടെ ഏതെങ്കിലും പകർപ്പുകൾ കെെവശമുണ്ടെങ്കില്‍ അവ നശിപ്പിക്കണമെന്നും മസ്കിനും സംഘത്തിനും നിര്‍ദേശമുണ്ട്. രഹസ്യരേഖകള്‍ ലഭിക്കുന്നതിനായി കാര്യക്ഷമത വകുപ്പിന്റെ മറവില്‍ മസ്ക് നടത്തുന്ന ശ്രമങ്ങള്‍ വ്യാപകമായ ആശങ്ക സൃഷ്ടിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പറുകൾ ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ രേഖകളിലേക്കുള്ള കാര്യക്ഷമതാ വകുപ്പിന്റെ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് 19 ഡെമോക്രാറ്റിക് അറ്റോർണി ജനറൽമാരാണ് കേസ് ഫയല്‍ ചെയ്തത്.
ഫെഡറൽ നിയമം ലംഘിച്ച് ട്രഷറി വകുപ്പിന്റെ കേന്ദ്ര പേയ്‌മെന്റ് സംവിധാനത്തിലേക്ക് മസ്‌കിന്റെ ടീമിന് പ്രവേശനം നൽകാൻ ട്രംപ് ഭരണകൂടം അനുവദിച്ചുവെന്നാണ് ആരോപണം. ജനപ്രതിനിധി സഭാ അംഗമല്ലാത്ത മസ്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വകുപ്പിന് ഇത്തരം വിവരങ്ങൾ നേടാന്‍ അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ 14ന് വാദം കേള്‍ക്കും. ട്രഷറി വകുപ്പിന്റെ ഡാറ്റയിലേക്കുള്ള കാര്യക്ഷമതാ വകുപ്പിന്റെ പ്രവേശനം സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുകയും ഫെ­ഡറൽ ഫണ്ടുകൾ നിയമവിരുദ്ധമായി മരവിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെ­യ്യുമെന്ന് ന്യൂയോർക്ക് അ­റ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു. 

മസ്കിന് പേയ്‌മെന്റ് സംവിധാനങ്ങൾ പരിശോധിക്കുന്നതിന് ട്രഷറി വകുപ്പിന്റെ ദീർഘകാല നയങ്ങളില്‍ സെക്രട്ടറി സ്കോട്ട് ബെസെന്റ് ദേദഗതി വരുത്തിയെന്നും അറ്റോര്‍ണി ജനറല്‍മാര്‍ ആരോപിക്കുന്നു. എന്നാല്‍ പേയ‍്മെന്റ് സംവിധാനത്തിന്റെ സമഗ്രത വിലയിരുത്തുന്നതിനാണ് അവലോകനം നടത്തിയതെന്നും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ട്രഷറി വകുപ്പ് അറിയിച്ചു. യുഎസ്എഐഡി നടത്തിയ പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള വഴികൾ തേടിയാണ് മസ്കിന്റെ സംഘം ട്രഷറി രേഖകളില്‍ പരിശോധന നടത്തിയത്. വിദേശ യുഎസ്എഐഡി ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാൻ ശ്രമിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഇതേ കോടതി സ്റ്റേ ചെയ്തിരുന്നു. 

സർക്കാർ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനുള്ള ട്രംപ് സംഘത്തിന്റെ സംഘടിത ശ്രമങ്ങളാണ് കോടതി അവസാനിപ്പിച്ചത്. സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ, തൊഴിലാളി യൂണിയനുകൾ, അഭിഭാഷക ഗ്രൂപ്പുകള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് വെെറ്റ് ഹൗസിന്റെ ഏകപക്ഷീയ നീക്കങ്ങള്‍ നിർത്തലാക്കുന്ന നിരവധി ഉത്തരവുകള്‍ ഇതിനോടകം കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യുഎസ്എഐഡിയെ ലക്ഷ്യമിട്ടാണ് ട്രംപ് സംഘത്തിന്റെ നീക്കങ്ങള്‍. ലോകമെമ്പാടും മാനുഷിക സഹായം വിതരണം ചെയ്യുന്ന ഏജൻസി നിലവില്‍ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ജീവനക്കാരുടെ എണ്ണം 10,000ൽ നിന്ന് 300 ആയി കുറയ്ക്കാനും ശ്രമങ്ങളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.