പ്രവാചക നിന്ദ: ജേണലിസ്റ്റ്‌ അറസ്റ്റിൽ

Web Desk
Posted on November 14, 2018, 1:01 pm

ബംഗളൂർ: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ടിപ്പു സുല്‍ത്താനെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.  സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് വലതുപക്ഷ മാ‍സികയായ ‘അസീമ’യുടെ എഡിറ്റർ സന്തോഷ് താമയ്യയാണ് അറസ്റ്റിലായത്. കർണ്ണാടകയിൽ  ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടിപ്പു സുല്‍ത്താനെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും മാധ്യമ പ്രവർത്തകൻ വിദ്വേഷ പ്രസംഗം നടത്തിയത്.

ഹിന്ദുത്വ സംഘടനയായ പ്രഗ്ന്യാ കാവേരി നടത്തിയ ‘ടിപ്പു കരാള മുഖ അനാവരണ’ എന്ന പരിപാടിയിലാണ്  പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്താഗതി പ്രകാരം ഭീകരവാദം നടത്തിയ ആളാണ് ടിപ്പു സുല്‍ത്താനെന്ന് സന്തോഷ് പറഞ്ഞത്.  കേരളത്തില്‍ നിന്ന് കൊടകിലേക്ക് കുടിയേറിപ്പാ‍ര്‍ത്ത മുസ്ലിം-ഹിന്ദു വിഭാഗത്തിനിടയില്‍ ചേരിതിരിവുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് സന്തോഷ് ശ്രമിച്ചതെന്ന് സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു.

സന്തോഷിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിലേക്ക് നിരവധി മുസ്ലിം സംഘടനകള്‍ മാര്‍ച്ച്‌ നടത്തിയിരുന്നു.   നവംബര്‍ ആറിന്  പരാതി നല്‍കിയെങ്കിലും ടിപ്പു ജയന്തിക്ക് ശേഷം മാത്രമേ നടപടി എടുക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.  അതേസമയം സന്തോഷിനും കൂട്ടര്‍ക്കും പരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ്  വ്യക്തമാക്കി.