ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിഗുരുതരമായ പ്രതിസന്ധികളുടെ നടുക്കയത്തില്‍ വന്നുപെട്ടിരിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സാരഥിയായി മുന്‍ ധനകാര്യ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റിരിക്കുന്നത്. ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗതി താഴോട്ടാണ്. പണപ്പെരുപ്പനിരക്കാണെങ്കിലോ പുതിയ ഉയരങ്ങളിലേക്കുള്ള കുതിപ്പിലും. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിഞ്ഞ് ഡോളറിന് 86 രൂപയ്ക്ക് മുകളിലാണ്. തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും ഉപഭോക്തൃ ഡിമാന്‍ഡിനെ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ നിക്ഷേപവും ഉല്പാദനവും ഉയരുമെന്ന് അവകാശപ്പെടുന്നത് പമ്പര വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല. സ്വാഭാവികമായും ആര്‍ബിഐ 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ ഇത്തരം പ്രതിസന്ധികള്‍ സംബന്ധമായ വിവരങ്ങള്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ വഴി മനസിലാക്കാന്‍ കഴിയുന്നത്. 2024–25 ജൂലെെ-സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി നിരക്ക് 5.4 ശതമാനമെന്നത് മൂന്ന്, നാല് പാദങ്ങളില്‍ 6.8 ശതമാനം, 6.5 ശതമാനം എന്നിങ്ങനെ ആകാമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ നിലയ്ക്ക് 2025–26ല്‍ ജിഡിപി 6.7 ശതമാനം വരെയായി മാറാനും സാധ്യതകാണുന്നു. ഈ കാലയളവിലാകെ മൊത്തം പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകയും ചെയ്യാം. ഈ നിരക്ക് ആശ്രയിച്ചിരിക്കുക സ്വകാര്യ ഡിമാന്‍ഡ്-ഉപഭോഗ നിലവാരങ്ങളെ ആയിരിക്കുകയും ചെയ്യും.
2024 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ പണപ്പെരുപ്പനിരക്ക് 6.7ല്‍ നിന്നും 5.5 ശതമാനത്തിലേക്കുള്ള ഇടിവ് രേഖപ്പെടുത്തിയത്, ഭക്ഷ്യവിലയില്‍ രേഖപ്പെടുത്തിയ നേരിയ ഇടിവിന്റെ ഫലമാണെന്നാണ് പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആര്‍ബിഐ നല്‍കുന്ന വിശദീകരണം. അരിവില ഇടിഞ്ഞപ്പോള്‍ ഗോതമ്പ് പഴയ നിലവാരത്തില്‍ തുടരുകയാണുണ്ടായത്. ഭക്ഷ്യ എണ്ണകള്‍ വിലക്കയറ്റ പ്രവണത തുടരുകയും ചെയ്തു. പച്ചക്കറികളുടെ വിലയിലും കൃത്യമായ അന്തരങ്ങള്‍ കാണാനിടയായി. ഉള്ളി, തക്കാളി എന്നിവയുടെ വില ഇടിഞ്ഞപ്പോള്‍ ഉരുളക്കിഴങ്ങ് വലിയ മാറ്റമില്ലാതെ തുടരുകയാണ് ചെയ്തത്.
പിന്നിട്ട ഒരു ദശകക്കാലത്തിലേറെയായി വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക ലക്ഷ്യമിട്ട് നിര്‍മ്മിതോല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണി നിരക്കുകളില്‍ വര്‍ധനവരുത്താതിരിക്കാന്‍ പരമാവധി പരിശ്രമിച്ചുവരികയായിരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം അപ്രതിരോധ്യമായതോടെ പണത്തിന്റെ ക്രയശേഷി അതിവേഗം ഇടിയുന്നതിന് തടയിടാന്‍ കഴിയാതെ വരികയും ചെയ്തു. അതായത് വിലക്കയറ്റം അതിന്റെ തേരോട്ടം സുഗമമായി തുടരുകയായിരുന്നു എന്നര്‍ത്ഥം. സ്വാഭാവികമായും സര്‍ക്കാര്‍-ഇതര, ധനകാര്യ‑ഇതര കോര്‍പറേഷനുകളുടെയും സ്ഥാപനങ്ങളുടെയും വില്പനയെ ഇത്തരമൊരു സാഹചര്യം അതിഗൗരവതരമായ നിലയില്‍ ബാധിക്കുകയും ചെയ്തു. ഡിമാന്‍ഡിന്റെ ഇടിവാണെങ്കില്‍ തുടര്‍പ്രക്രിയയുമായി മാറി. നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ വില നിലവാരവും മുന്നേറ്റം തുടര്‍ന്നുവന്നിരുന്ന സാഹചര്യത്തില്‍ വിപണി വിലയിലും അതിന്റെ പ്രതിഫലനം അനുഭവപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സമ്പദ്‌വ്യവസ്ഥയിലെ ഉല്പാദന പ്രക്രിയ ആകെത്തന്നെ ഒരു വിഷമവൃത്തത്തിലകപ്പെടുകയായിരുന്നു.
വ്യവസായ വളര്‍ച്ചയും കയറ്റുമതി മേഖലയുടെ വളര്‍ച്ചയും മെച്ചപ്പെടണമെങ്കില്‍ പൊതു-സ്വകാര്യ നിക്ഷേപ മേഖലകള്‍ ഒരുപോലെ പ്രോത്സാഹിപ്പിക്കപ്പെടണം. പുതിയ നിക്ഷേപ സംരംഭങ്ങള്‍ തൊഴിലവസരങ്ങളും പുതിയ വേതന-വരുമാന സ്രോതസുകളും സൃഷ്ടിക്കുമെന്നത് ഉറപ്പാണല്ലോ. ആഗോള സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. യുഎസ് ഫെഡറല്‍ റിസര്‍വ് കുറെക്കാലമായി പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത് പണപ്പെരുപ്പ പ്രതിരോധ നടപടി എന്ന നിലയിലാണെന്ന് നമുക്കറിയാം. ആര്‍ബിഐയും സമാനമായൊരു പണനയ സമീപനമാണ് തുടര്‍ന്നുവന്നിട്ടുള്ളത്. ഇരു കേന്ദ്ര ബാങ്കുകളും തുടര്‍ന്നുവരുന്ന ലക്ഷ്യങ്ങളും മാര്‍ഗങ്ങളും സമാനമായവയാണ്.
2025ന്റെ തുടക്കം മുതല്‍ ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ മാറ്റമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പണനയത്തില്‍ ലക്ഷ്യം പണപ്പെരുപ്പ പ്രതിരോധമെന്നതില്‍ നിന്നും പണലഭ്യതാവര്‍ധന ലിക്വിഡിറ്റി വര്‍ധന എന്നതായി രൂപാന്തരപ്പെടുകയും ചെയ്യും. വായ്പാ നിരക്കില്‍ ക്രമേണ ഇടിവുണ്ടാകും. സമ്പദ്‌വ്യവസ്ഥ, ആലസ്യം വിട്ട് ഉണര്‍വ് പ്രകടമാക്കുന്നതനുസരിച്ച് പണനയം കൂടുതല്‍ അയവേറിയ രൂപം കൈക്കൊള്ളുക തന്നെ ചെയ്യും. ദേശീയ സമ്പദ്‌വ്യവസ്ഥകളില്‍ ഉടലെടുക്കുന്ന അനുകൂല അനുരണനങ്ങളുടെ പ്രതിഫലനം ആഗോള സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകും. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും ആഗോള വ്യാപാര സാമ്പത്തിക മേഖലകളിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാകും. നിലവില്‍ പ്രാദേശിക തലങ്ങളില്‍ ശക്തമായി തുടര്‍ന്നുവരുന്ന സൈനിക ഏറ്റുമുട്ടലുകള്‍ ക്രമേണ ലഘൂകരിക്കപ്പെടാതിരിക്കില്ല. മറിച്ചാണെങ്കില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തുടക്കത്തില്‍ വികസ്വരരാജ്യങ്ങളെയും തുടര്‍ന്ന് വികസിത രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2023–24ല്‍ എന്തുകൊണ്ടാണ് മോശം പ്രകടനം കാഴ്ചവച്ചതെന്ന ചോദ്യം പുതുവര്‍ഷത്തില്‍ പ്രസക്തമാണ്. എന്‍എസ്ഒ കണക്കുകൂട്ടിയിരുന്നത് നമ്മുടെ സാമ്പത്തിക സ്ഥിതി പിന്നിട്ടവര്‍ഷത്തില്‍ കൂടുതല്‍ ആരോഗ്യകരമാകുമെന്നായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. 2023–24ലെ ആദ്യപകുതിയിലെ വളര്‍ച്ചാനിരക്ക് 8.1ശതമാനം വരെയായിരുന്നു. തുടര്‍ന്ന് 8.6ശതമാനം വരെ ജിഡിപി നിരക്ക് എത്തുകയുണ്ടായി. എന്നാല്‍, 2023ലെ മൂന്നാം പാദമായതോടെ ഇത് 7.8ശതമാനമായി. ഈ കാലഘട്ടമാണെങ്കില്‍ പൊതുതെരഞ്ഞെടുപ്പിന്റേതായിരുന്നതിനാല്‍ മോഡി ഭരണകൂടത്തിന് ഇത് നിര്‍ണായകവുമായിരുന്നു. സ്വാഭാവികമായും തൊഴിലില്ലായ്മ, വരുമാനമില്ലായ്മ, പണപ്പെരുപ്പനിരക്ക് തുടങ്ങിയവയുടെ രൂക്ഷമായ വളര്‍ച്ച എന്നിവയുടെ ഫലമായി മോഡി നേതൃത്വം നല്‍കിയിരുന്ന എന്‍ഡിഎ കനത്ത തിരിച്ചടി നേരിടുകയും കേവല ഭൂരിപക്ഷമില്ലാതെ വെറും 240സീറ്റുകളില്‍ ഭരണസഖ്യം എത്തിപ്പെടുകയും ചെയ്തു. തുടര്‍ഭരണം നിലനിര്‍ത്താനായത് കാലുമാറ്റ വിദഗ്ധനായ ബിഹാറിലെ നിതീഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ തനിപ്പകര്‍പ്പായ ആന്ധ്രയിലെ ടിഡിപി മുഖ്യന്‍ ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണെന്നത് ചരിത്രത്തിന്റെ നിയോഗം.
നരേന്ദ്ര മോഡിയുടെ പുതിയ മന്ത്രിസഭയുടെ പൊതുഘടനയിലും കാതലായ തുടര്‍ച്ചയുണ്ടെന്ന് കരുതുന്നതിലും അപാകതയില്ല. ഈ അവസരത്തില്‍ ഉയര്‍ന്നുവരാനിടയുള്ളൊരു ചോദ്യം, 2024–25ല്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ തീരുമാനങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും എന്തുസംഭവിച്ചു എന്നതാണ്. അതിവേഗം ശക്തമാകുന്ന ഇന്ത്യന്‍ മധ്യവര്‍ഗ – യുവജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളും തൊഴിലില്ലായ്മാ വെല്ലുവിളികളും ഇനിയും എത്രനാള്‍ പരിഹാരമില്ലാതെ നിലനിര്‍ത്താന്‍ കഴിയുമെന്നതും ഒരു പ്രശ്നമാണ്. വരുമാനനികുതി നിരക്കുകളില്‍ നാമമാത്രമായ ഇളവുകള്‍ അനുവദിച്ചതുകൊണ്ടോ
തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍പരിശീലനം — ഇന്റേണ്‍ഷിപ്പ് സൗകര്യങ്ങള്‍ ഒരുക്കിയതുകൊണ്ടോ കാര്യമുണ്ടോ?
വരുമാനവും ഉപഭോഗവും നിക്ഷേപവും ഉയരാതിരിക്കുന്നിടത്തോളം ജിഡിപി വളര്‍ച്ച സാധ്യമാവില്ലെന്നത് ഉറപ്പാണ്. ആന്തരഘടനാ വികസനമേഖലയ്ക്കായി അധിക മൂലധനനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അത് എവിടെ എത്തിയെന്ന് വ്യക്തമല്ല. സ്വാഭാവികമായും തുടര്‍ച്ചയായി ഏഴു ശതമാനം ജിഡിപി വളര്‍ച്ചാനിരക്കെന്ന പ്രഖ്യാപിതലക്ഷ്യവും അസ്ഥാനത്തായിരിക്കുകയാണ്. ശരാശരി ജിഡിപിനിരക്ക് 6.7ശതമാനത്തില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയായിരുന്നു ഭരണകൂടം ചെയ്തത്.
ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് രുചികരമല്ലാത്തവിധം വളര്‍ച്ചാനിരക്കുകളുടെ നിജസ്ഥിതി വെളിപ്പെടുത്തിയിരുന്നു എന്നതാണ് വസ്തുത. പണപ്പെരുപ്പനിരക്ക് ആര്‍ബിഐ നിജപ്പെടുത്തിയ നാലു ശതമാനമെന്നത് ആറു ശതമാനത്തിലേറെ ആയിരിക്കുമ്പോള്‍ ജിഡിപി വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ച 7.2ശതമാനത്തിന് പകരം 6.6ശതമാനത്തിലേറെ ആയിരിക്കുകയാണ്.
പുതുതായി ചുമതലയിലെത്തിയ ആര്‍ബിഐ ഗവര്‍ണര്‍ മല്‍ഹോത്രയ്ക്ക് ഇത്തരമൊരു സങ്കീര്‍ണ പ്രതിസന്ധിയില്‍ എന്തുചെയ്യാനാകും എന്നതാണ് യഥാര്‍ത്ഥ പ്രശ്നമായി അവശേഷിക്കുന്നത്. പണപ്പെരുപ്പ പ്രതിരോധത്തിന് പലിശനിരക്ക് ഉയരത്തില്‍തന്നെ തുടരണം. ഉയര്‍ന്ന പലിശനിരക്ക് സ്വകാര്യ നിക്ഷേപകരെ തളര്‍ത്തും. മൂലധന ഡിമാന്‍ഡിനെയും പിറകോട്ടുവലിക്കും. ഉല്പാദനം കുറയും, വിലക്കയറ്റവും പണപ്പെരുപ്പവും കൂടുതല്‍ ഉയരത്തിലെത്തും. സ്വാഭാവികമായും ഉപഭോഗ ചെലവില്‍ കുത്തനെ വര്‍ധനവുണ്ടാകും. സമ്പദ്‌വ്യവസ്ഥ പുതിയൊരു ചാക്രിക പ്രതിസന്ധിക്ക് വിധേയമാക്കപ്പെടുകയും ചെയ്യും. സാമ്പത്തിക വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രവചനാതീതമായ ഈ ഗതിമാറ്റത്തില്‍ നിന്നും എങ്ങനെ മോചനമുണ്ടാകുമെന്നതാണ് പ്രശ്നം. മോചനമാര്‍ഗം ഇല്ലാത്തതല്ല ഭരണാധികാരികളെ കുരുക്കുന്നത്, ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. അതായത് ഒരേസമയം ഉപഭോഗവും വികസനവും നിക്ഷേപവും തുല്യമായ നിലയില്‍ത്തന്നെ ഉയര്‍ത്തണം. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രഗത്ഭനായ മാന്ത്രികന്‍ ഹൗഡിനിക്കുപോലും ഈ അഭ്യാസം വിജയകരമാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.