May 25, 2023 Thursday

Related news

March 31, 2023
March 25, 2023
March 14, 2023
March 14, 2023
February 13, 2023
January 15, 2023
December 14, 2022
December 13, 2022
October 12, 2022
September 12, 2022

ഇന്ത്യയെ കാത്തിരിക്കുന്നത് പണപ്പെരുപ്പം

യെസ്‌കെ
March 25, 2023 4:30 am

മേരിക്കയില്‍ ബാങ്ക് തകര്‍ച്ച തുടര്‍ച്ചയാവുകയാണ്. സിലിക്കണ്‍വാലിക്ക് പിന്നാലെ സി​ഗ്നേച്ചർ ബാങ്കിന്റെയും തകർച്ചയുണ്ടായതോടെ അമേരിക്കൻ ഭരണകൂടം വിഷയത്തിൽ ഇടപെട്ടിരിക്കുന്നു. സിലിക്കൺവാലി ബാങ്കിന്റെ തകർച്ച ലോകമെമ്പാടും വലിയ ആഘാതമുണ്ടാക്കിത്തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിഗ്നേച്ചര്‍ ബാങ്ക് തകര്‍ന്നത്. അടുത്ത ദിവസംതന്നെ, 1985 മുതൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് പ്രതിസന്ധിയിലായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് കൂടി പൊളിയുന്ന സാഹചര്യമുണ്ടാകുമെന്ന നില വന്നതോടെ കൂടുതൽ തകർച്ചകളൊഴിവാക്കാനാണ് അന്നാട്ടിലെ മറ്റ് ബാങ്കുകൾ ഇടപെട്ടത്. അടിയന്തര പരിഹാരമെന്ന നിലയിൽ മൂവായിരം കോടി ഡോളറിന്റെ നിക്ഷേപം ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലേക്ക് വലിയ ബാങ്കുകൾ നടത്തുക എന്ന പരിഹാരമാണ് ആലോചിക്കുന്നത്. ഇതൊക്കെയാണെങ്കിലും ആഗോളമേഖലയിലെ സാമ്പത്തിക പ്രതിസന്ധി പെട്ടെന്ന് അവസാനിക്കാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചന.


ഇതുകൂടി വായിക്കൂ: സാമ്പത്തിക സമീപനത്തില്‍ കേരളം വ്യത്യസ്തം


സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, രാജ്യാന്തര സമ്പദ് രംഗത്ത് വലിയ സ്വാധീനവുമുള്ള ക്രെഡിറ്റ് സ്യൂസ് എന്ന ധനകാര്യ സ്ഥാപനവും തകര്‍ച്ചയുടെ വക്കിലാണ്. അപ്പോഴും, വിദേശ ബാങ്കിങ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്നാണ് ഇന്ത്യന്‍ ഭരണകൂടം പറയുന്നത്. കോവിഡ് പ്രതിസന്ധിയ്ക്കു പിന്നാലെ ഉക്രെയ്നിലെ യുദ്ധവും, ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് ആഘാതങ്ങളുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ശക്തമായി തുടരുകയും അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു.
ഭരണകൂടത്തിന്റെ ഭാഗമായവര്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ സുഭദ്രമെന്ന് ആണയിടുമ്പോള്‍ മറിച്ചുള്ള വിദഗ്ധാഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് അപകടകരമായ രീതിയിൽ കുറയുകയാണെന്നാണ് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും പലിശ നിരക്ക് കൂടിയതും ആഗോള വളർച്ചാനിരക്ക് കുറഞ്ഞതും ഇന്ത്യൻ സാമ്പത്തിക രംഗത്ത് ‘ഹിന്ദു റേറ്റിനോട്’ അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. 1950 മുതൽ 1980 വരെ ഇന്ത്യൻ സാമ്പത്തിക രംഗത്തുണ്ടായ കുറഞ്ഞ വളർച്ചാനിരക്കാണ് ഹിന്ദു റേറ്റ് എന്നറിയപ്പെടുന്നത്. ഇക്കാലയളവിൽ നാല് ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ചാനിരക്ക്. 1978ൽ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ‘ഹിന്ദു റേറ്റ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് രഘുറാം രാജന്റെ പരാമർശം. ആസ്തി-ബാധ്യതകളുടെ വിവേകപൂര്‍വമുള്ള കൈകാര്യം ചെയ്യല്‍, കരുത്തുറ്റ റിസ്‌ക് മാനേജ്‌മെന്റ്, അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ നേരിടാന്‍ ആവശ്യമായ മൂലധനം എന്നിവയുടെ പ്രധാന്യമാണ് യുഎസ് പ്രതിസന്ധി വ്യക്തമാക്കുന്നതെന്ന മുന്നറിയിപ്പ് അദ്ദേഹം നല്കുന്നു.


ഇതുകൂടി വായിക്കൂ: ആഗോള സാമ്പത്തിക ഉച്ചകോടിക്ക് ഇന്ന് തുടക്കം


സർക്കാരിന്റെ നിരന്തര ഇടപെടലുകളും നിയന്ത്രണവുമുള്ളതിനാൽ ഇന്ത്യൻ ബാങ്കുകൾക്കുമേൽ ഇടപാടുകാരുടെ വിശ്വാസം ശക്തമാണെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്. അമേരിക്ക നേരിടുന്നതുപോലെ ശക്തമായ നിക്ഷേപം പിൻവലിക്കൽ പ്രവണത ഇന്ത്യയിലുണ്ടാകാൻ സാധ്യത വിരളമാണെന്നും ബാങ്ക് മാനേജ്മെന്റുകള്‍ പറയുന്നു. ക്രെഡിറ്റ് സ്യൂസ്, സിലിക്കൺ വാലി ബാങ്ക് എന്നിവയെപ്പോലെ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയല്ല ഇന്ത്യൻ ബാങ്കുകളെന്നും ഓരോ വായ്പയും നിക്ഷേപവും ഓരോ വിഭാഗത്തിലാണെന്നത് അവയുടെ പ്രവർത്തനം ചിട്ടയുള്ളതും സുരക്ഷിതവുമാക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതെങ്കിലും ഒരു മേഖലയിൽ പ്രതിസന്ധിയുണ്ടായാലും ബാങ്കുകളുടെ മൊത്തം പ്രവർത്തനത്തെ അത് സാരമായി ബാധിക്കില്ല. അതുകൊണ്ടുതന്നെ എസ്‍വിബിക്ക് സമാനമായ പ്രതിസന്ധി ഇന്ത്യൻ ബാങ്കുകൾക്ക് സാധ്യതയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യൻ പണപ്പെരുപ്പം കൂടുതൽ മോശമായ നില പ്രാപിക്കാനിരിക്കുന്നതേയുള്ളുവെന്ന് ആർബിഐ ഗവർണർ കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ പ്രസ്താവന ഗൗരവത്തോടെ കാണേണ്ടതാണ്.

ലോക ബാങ്കിങ് സമ്മർദങ്ങളുടെ പ്രഭവകേന്ദ്രമായ അമേരിക്കൻ–യൂറോപ്യൻ വിപണികളെക്കാൾ കഴിഞ്ഞയാഴ്ച നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിയാണെന്നത് ശ്രദ്ധേയം. ഐടി, ബാങ്കിങ് സെക്ടറുകളിലെ രണ്ടു ശതമാനത്തില്‍ കൂടിയ നഷ്ടവും റിലയൻസിന്റെ ക്രമാനുഗതമായ തളര്‍ച്ചയും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് നിർണായകമായി. പണപ്പെരുപ്പം പിന്നാലെയുണ്ട് എന്നു തന്നെയാണ് ആർബിഐ ഗവർണർ നല്കിയ മുന്നറിയിപ്പ്. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിതമായതിനെ തുടർന്ന് ഇന്ത്യയുടെ ചില്ലറവില്പന പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.44 ശതമാനം മാത്രമാണ് വളർന്നതെങ്കിലും മൊത്തം പണപ്പെരുപ്പം കൂടുതൽ മോശമായ നില പ്രാപിക്കാനിരിക്കുന്നതേയുള്ളുവെന്നാണ് അദ്ദേഹം നല്കിയ സൂചന. വീണ്ടുമാെരു റിപ്പോ നിരക്ക് വര്‍ധനയുടെ സൂചനയായും മുന്നറിയിപ്പിനെ വിലയിരുത്തുന്നു.


ഇതുകൂടി വായിക്കൂ: സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്: ജിഡിപി തളരും


രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തുവന്നിട്ടുണ്ട്. ഒഴിവാക്കാനാവാത്ത പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും നരേന്ദ്ര മോഡിയുടെ അനുയായികൾക്ക് അദ്ദേഹത്തോട് ഇത് പറയാൻ പേടിയാണെന്നും സ്വാമി വിമര്‍ശിക്കുന്നു. ‘വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ബിജെപിക്ക് ഒരു ധാരണയുമില്ല. അതേക്കുറിച്ച് മോഡിയോട് പറയാൻ അദ്ദേഹത്തിന്റെ കൂടെയുള്ളവർക്ക് ധൈര്യവുമില്ല’- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇന്ത്യയുടെ ഫോറെക്സ് റിസർവിൽ 239 കോടി ഡോളറിന്റെ കുറവ് വന്നത് മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ബോധ്യമാവുക രാജ്യം കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് എന്നുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.