ജനജീവിതം ദുസ്സഹം: വിലക്കയറ്റം, പണപ്പെരുപ്പം

Web Desk

ന്യൂഡൽഹി

Posted on February 12, 2020, 11:04 pm

ചില്ലറവ്യാപാര മേഖലയിലെ വിലക്കയറ്റം 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ജനുവരിയിൽ 7.59 ശതമാനമായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.82 ശതമാനത്തിന്റെ വർധനയാണിത്. ഭക്ഷ്യ മേഖലയിലെ നിരക്ക് 13.6 ശതമാനമായി വർധിച്ച തോതിൽ തുടരുകയാണ്. പച്ചക്കറി വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.19 ശതമാനവും പയറുവർഗങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 16.71 ശതമാനവും വർധിച്ചു.

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളായ മാംസം, മത്സ്യം എന്നിവയുടെ വില 10.50, മുട്ടയുടെ വില 10.41 ശതമാനം വീതം വർധിച്ചു. പാർപ്പിട സൗകര്യങ്ങളുടെ ചെലവിൽ 4.2 ശതമാനം വർധനയുണ്ടായി. വ്യാവസായിക ഉൽപ്പാദന സൂചികയിൽ ഇടിവുമുണ്ടായി. 0.3 ശതമാനം കുറവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം വർധിച്ചതാണ് ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തിന് കാരണമെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവി രാഹുൽ ഗുപ്ത പറഞ്ഞു.

ഡിസംബറിൽ 7.35 ശതമാനമായിരുന്നതാണ് ജനുവരിയിൽ 7.59 ആയി വർധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കുകൾ 5.15 ശതമാനമായി നിജപ്പെടുത്തി. ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം പരമാവധി അഞ്ച് ശതമാനമാകുമെന്നായിരുന്നു ആർബിഐയുടെ കണക്കുകൂട്ടൽ. ഇതിന് മുമ്പ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.33 ശതമാനമായി വർധിച്ചത് 2014 മെയ് മാസത്തിലാണ്. പണപ്പെരുപ്പം ഗണ്യമായി വർധിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന ഗുരുതരമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: infla­tion make com­pli­ca­tion for human life

You may also like this video