മോഡിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ ചോർന്നു

Web Desk

ന്യൂഡൽഹി

Posted on October 17, 2020, 10:16 pm

 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വകാര്യ വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നു. www. naren­dramo­di. in ൽ നിന്ന് ചോർത്തിയ അഞ്ചുലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ ഡാർക് വെബിൽ വില്പനയ്ക്ക് വച്ചതായി യുഎസ് സൈബർ സുരക്ഷാ സ്ഥാപനം വെളിപ്പെടുത്തി.

പേരുകൾ, ഇ‑മെയിൽ ഐഡി, മൊബൈൽ നമ്പറുകൾ അടക്കമുള്ളവയാണ് ഡാർക് വെബിൽ വില്പനയ്ക്കുള്ളതെന്ന് സൈബ്ൾ എന്ന സുരക്ഷാ സ്ഥാപനത്തിലെ വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 5.74 ലക്ഷം ഉപയോക്താക്കളുടെ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളാണ് ഡാർക് വെബിൽ ലഭ്യമായിട്ടുള്ളത്. ഇവരിൽ 2,92,000 പേർ ഈ വെബ്സൈറ്റ് വഴി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. സ്വച്ഛ്ഭാരത് തുടങ്ങിയ കേന്ദ്രസർക്കാർ സംരംഭങ്ങൾക്കും പദ്ധതികൾക്കും പണം സംഭാവന ചെയ്തവരുടെ വിവരങ്ങളും ചോർന്നതിൽ ഉൾപ്പെടുന്നു.

ഒരു മാസം മുമ്പ് മോഡിയുടെ സ്വകാര്യ വെബ്സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസി സംഭാവന ചെയ്യാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതടക്കമുള്ള നിരവധി ട്വീറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നു.

മോഡിയുടെ സ്വകാര്യ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ ഡാർക് വെബിൽ ലഭ്യമാണെന്നത് സംബന്ധിച്ച് സൈബ്ൾ ഈ മാസം 10ന് കേന്ദ്ര ഏജൻസിയായ സെർട്ട്-ഇന്നിന് മുന്നറിയിപ്പ് നൽകിയതായി കമ്പനി അവകാശപ്പെട്ടു. വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.