സീനിയർ ലെവലിലുള്ള 10,000 ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിടുന്നു

Web Desk
Posted on November 05, 2019, 4:59 pm

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പെടെയുള്ളവരെയാണ് കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്. 2,200ഓളം ജീവനക്കാര്‍ക്ക് ഈ വിഭാഗത്തില്‍ മാത്രം ജോലി നഷ്ടമാകും.

ജോബ് ലെവല്‍ 6 ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. ഈ വിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും. ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും.അതുകൂടി ചേരുമ്പോള്‍ 4,000 മുതല്‍ 10,000 പേര്‍ക്കുവരെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.