Web Desk

April 13, 2021, 2:30 am

മനുഷ്യത്തരഹിതമായ സാമ്പത്തിക സംസ്കാരം

Janayugom Online

നറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖയില്‍ ഒരു വനിതാ മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവം ബാങ്കിങ് രംഗത്ത് ജീവനക്കാര്‍ നേരിടുന്ന കടുത്ത മാനസിക പിരിമുറുക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമ്പദ്ഘടനകളുടെ സമസ്തമേഖലകളിലും പണിയെടുക്കുന്നവരെ കടുത്ത അന്തഃസംഘര്‍ഷത്തിലാക്കുന്ന അന്തരീക്ഷമാണ് നവ ഉദാരീകരണ സാമ്പത്തിക സംസ്കാരം സൃഷ്ടിച്ചിരിക്കുന്നത്. തികച്ചും പ്രതിലോമകരമായ ഈ സാമ്പത്തിക സംസ്കാരം പണിയെടുക്കുന്നവര്‍ക്ക് കേവലമായ മാനുഷിക പരിഗണന പോലും നിഷേധിക്കുന്നു. വിവരസാങ്കേതിക രംഗം പോലെയുള്ള പുത്തന്‍ തൊഴില്‍ മേഖലകളുടെ ജനിതക സ്വഭാവം തന്നെ അതാണെങ്കില്‍ പരമ്പരാഗത തൊഴില്‍ മേഖലകള്‍ തദനുസൃതം മനുഷ്യത്വഹീനമായ പരിവര്‍ത്തനങ്ങള്‍ക്കാണ് വിധേയമാകുന്നത്. അത്തരത്തില്‍ പണിയെടുക്കുന്നവരുടെ ജീവിതത്തെ നരകസമാനമാക്കി മാറ്റിയ ഒരു തൊഴില്‍രംഗമായി ബാങ്കിങ് മേഖല മാറിയിരിക്കുന്നതായാണ് സമീപകാലത്ത് നടന്ന പഠനങ്ങള്‍ എല്ലാംതന്നെ സാക്ഷ്യപ്പെടുത്തുന്നത്. ബാങ്കിങ് മേഖലയില്‍ വര്‍ധിച്ചുവരുന്ന സംയോജനങ്ങളും ഏറ്റെടുക്കലുകളും ആ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന മൂലധന താല്പര്യങ്ങളും ജീവനക്കാരില്‍ അഭൂതപൂര്‍വമായ മാനസിക സംഘര്‍ഷങ്ങള്‍ക്കും വെെകാരിക തകര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്നതായി പഠനങ്ങള്‍ അടിവരയിടുന്നു. തസ്തികകള്‍ വെട്ടിക്കുറച്ചും പുതിയ നിയമനങ്ങള്‍ നിരോധിച്ചും തൊഴിലെടുക്കുന്നവരുടെ അധ്വാനഭാരം ക്രമാതീതമായി വര്‍ധിപ്പിച്ചും ലാഭം മാത്രം ലക്ഷ്യമാക്കി കൊടിയ ചൂഷണത്തില്‍ അധിഷ്ഠിതമായ സംരംഭമായി ബാങ്കിങ് രംഗം മാറിയിരിക്കുന്നു. പൊതുമേഖലയ്ക്ക് ആധിപത്യമുണ്ടായിരുന്ന ഇന്ത്യയിലെ ബാങ്കിങ് രംഗം നരേന്ദ്രമോഡി ഭരണത്തില്‍ സംയോജിപ്പിക്കലിന്റെയും സ്വകാര്യവല്ക്കരണത്തിന്റെയും ഭീഷണിയില്‍ തൊഴിലെടുക്കുന്നവരുടെ ഭാവിയെത്തന്നെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.

വര്‍‌ക്ക്മെന്‍ വിഭാഗത്തില്‍പ്പെട്ട ക്ലറിക്കല്‍ ജീവനക്കാര്‍ മുതല്‍ താഴോട്ടുള്ള ബാങ്ക് ജീവനക്കാര്‍ക്ക് നിശ്ചിതസമയം ജോലി ചെയ്താല്‍ മതിയാവുമെന്ന അവസ്ഥയ്ക്ക് തല്ക്കാലം മാറ്റമില്ലെങ്കിലും മാനേജരടക്കം ഓഫീസര്‍ തസ്തികയില്‍ പണിയെടുക്കുന്നവര്‍ പന്ത്രണ്ടും അതിലധികവും മണിക്കൂര്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. ബാങ്കിങ് രംഗത്ത് അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമനം നടത്താത്ത അപ്രഖ്യാപിത നിയമന നിരോധനം ഓഫീസര്‍ തസ്തികകളില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ഭാരം വര്‍ധിപ്പിക്കുക മാത്രമല്ല കുടുംബജീവിതമടക്കം ദുരിതപൂര്‍ണമാക്കുന്നു. അത് ജീവനക്കാരുടെ വെെകാരികവും കായികവുമായ ആരോഗ്യത്തെ ആഴത്തില്‍ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബാങ്കിങ് മേഖലയോടുള്ള മത്സരത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരും അപ്രായോഗികവും അയഥാര്‍ത്ഥവുമായ ലക്ഷ്യങ്ങള്‍ കെെവരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പരമ്പരാഗത ബാങ്ക് ഇടപാടുകള്‍ക്ക് പുറമെ ലെെഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്ന അധികചുമതല കൂടി ഏറ്റെടുത്ത് ലാഭത്തില്‍ മുതല്‍ക്കൂട്ടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അതിനു പുറമെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നിര്‍വഹിക്കാനുള്ള ചുമതലയും ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റുകളും വിസമ്മതിക്കുന്നു. തൊഴില്‍രംഗത്തും കുടുംബത്തോടും സാമൂഹ്യജീവി എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ തൃപ്തികരമായി നിറവേറ്റാനാവാത്ത സാഹചര്യം ബാങ്ക് ജീവനക്കാരെ വെെകാരിക തകര്‍ച്ചയിലേക്കും കടുത്ത നിരാശയിലേക്കും തള്ളിവിടുന്നുവെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്.

തൊക്കിലങ്ങാടിയിലെ സംഭവം ഒറ്റപ്പെട്ട ഒന്നായി കരുതാനാവില്ല. സമീപകാലത്ത് സംസ്ഥാനത്തെ മറ്റ് ചിലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തന വെെവിധ്യവല്‍ക്കരണത്തിന് അനുസൃതമായി നിയമനങ്ങള്‍ നടത്തുന്നതിനും ആധുനിക ബാങ്കിങ്ങിന് അനുയോജ്യമായ പരിശീലനം നല്‍കുന്നതിനും സര്‍ക്കാരും മാനേജ്മെന്റുകളും തയാറാവണം. കമ്പ്യൂട്ടറുകള്‍ക്ക് ദൗത്യം നിശ്ചയിച്ചു നല്‍കുന്ന രീതിയില്‍ ജീവനക്കാരെ യന്ത്രങ്ങളായി കാണുന്ന സംസ്കാരത്തിന് അറുതിവരണം. ജീവനക്കാരെ മനുഷ്യരായി കാണാന്‍ വിസമ്മതിക്കുന്ന മൂലധന സാമ്പത്തിക സമീപനത്തില്‍ മാറ്റം വരുത്താതെ ലക്ഷ്യംവയ്ക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് സമൂഹം വലിയ വില നല്കേണ്ടിവരും. ഈ ദിശയില്‍ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ സമൂഹത്തിന്റെ പൊതുതാല്പര്യം മുന്‍നിര്‍ത്തി നടത്തിവരുന്ന പരിശ്രമങ്ങള്‍ വിപുലമായ ജനപിന്തുണ അര്‍ഹിക്കുന്നു.