ഇന്ത്യ- ചൈന അനൗപചാരിക ഉച്ചകോടി

Web Desk
Posted on October 13, 2019, 11:00 pm

  പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടി പല കോണുകളിലൂടെയാണ് ചര്‍ച്ചാവിഷയമായത്. കശ്മീര്‍ സംബന്ധിച്ച വിരുദ്ധനിലപാടുകള്‍ കാരണം നയതന്ത്ര രംഗത്തുള്ളവര്‍ ആകാംക്ഷയോടെയാണ് ഉച്ചകോടിയെ സമീപിച്ചത്. അതുസംബന്ധിച്ച ചര്‍ച്ചകളുണ്ടായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് ഭീകരവാദം ഉന്നയിച്ചുവെന്നും തീവ്രവാദമെന്ന വെല്ലുവിളിയെ നേരിടേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചുവെന്നുമാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ് ലെ മാധ്യമങ്ങളോട് പറഞ്ഞത്. കശ്മീര്‍ പ്രശ്‌നം ഉന്നയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നുമാണ് ഗോഖ്‌ലെ വ്യക്തമാക്കിയിരിക്കുന്നത്. അതിനപ്പുറം ഇക്കാര്യത്തിലുള്ള ചൈനയുടെ വിശദീകരണം ലഭ്യമായിട്ടുമില്ല.

ഉച്ചകോടിയില്‍ നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല സംവിധാനം രൂപവത്കരിക്കാന്‍ തീരുമാനമുണ്ടായിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാപാരകമ്മി പരിഹരിക്കാന്‍ ഉന്നതതല സംവിധാനം കൊണ്ടുവരാനും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. നിര്‍മല സീതാരാമനാണ് ഉന്നതതല സംഘത്തിലെ ഇന്ത്യന്‍ പ്രതിനിധി. കൂടാതെ പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനായി നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഇതാണ് ഉച്ചകോടിയുടെ സമാപനത്തില്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍.

യഥാര്‍ഥത്തില്‍ ഇന്ത്യയുടെ വിദേശനയം ഏത് നിലപാട് തറയിലാണ് സ്ഥിതി ചെയ്യുന്നതെന്ന അവ്യക്തത നിലനിര്‍ത്തി തന്നെയാണ് ഈ ഉച്ചകോടിയും സമാപിച്ചിരിക്കുന്നത്. വ്യാപാരവിഷയങ്ങളില്‍ യുഎസുമായി ചൈനയ്ക്ക് ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഇറക്കുമതി തീരുവ ഉയര്‍ത്തിയും കയറ്റുമതി കുറച്ചുമൊക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ആരുടെ കൂടെയാണ് എന്ന അവ്യക്തത പ്രകടമാണെങ്കിലും യുഎസുമായാണ് പല നയങ്ങളിലും ചേര്‍ന്നു നില്‍ക്കുന്നുവെന്നത് വസ്തുതയാണ്. ഈ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റുമായുള്ള ഉച്ചകോടിയുടെ അനന്തരഫലം ശുഭപ്രതീക്ഷിതമായിരിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. തങ്ങളോട് കൂടുതല്‍ ആഭിമുഖ്യം കാട്ടുന്ന ഇന്ത്യയുടെ ചൈനയുമായി ബന്ധം സ്ഥാപിക്കാനുള്ള പുതിയ നീക്കം യുഎസിന്റെ അപ്രീതിക്ക് കാരണമാവുകയും അനൗപചാരികമായിരുന്നുവെങ്കിലും ചെന്നൈ ഉച്ചകോടി ഉദ്ദേശിച്ച ഫലം ചെയ്യാനിടയില്ലെന്നുമാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. അതിനുള്ള പ്രധാനകാരണം മോഡി അധികാരത്തിലെത്തിയശേഷം കഴിഞ്ഞ കുറച്ചുകാലങ്ങളായി പിന്തുടരുന്ന സാമ്രാജ്യത്വാനുകൂല നിലപാട് തന്നെ. ചൈനയുമായി നടന്ന ഉച്ചകോടിയുടെ കാര്യത്തിലെങ്കിലും വിരുദ്ധ നിലപാട് ഇന്ത്യന്‍ ഭരണാധികാരികളില്‍ നിന്ന് ഇപ്പോള്‍ പ്രതീക്ഷിക്കാനും വയ്യ.

ഇതിന് പുറമേ പതിവ് പോലെ ഈ കൂടിക്കാഴ്ചയെയും വ്യക്തിപരമായ പ്രചണ്ഡപ്രചാരണത്തിനായാണ് മോഡി ഉപയോഗിച്ചതെന്നത് ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും വേഷ്ടിയും ധരിച്ച് ഷി ജിന്‍ പിങ്ങിനെ സ്വീകരിക്കാനെത്തിയ മോഡിയാണ് ആഘോഷിക്കപ്പെട്ടത്. രണ്ടാം ദിവസം കടല്‍ത്തീരത്ത് മാലിന്യം പെറുക്കാനിറങ്ങിയ മോഡിയും മാധ്യമങ്ങളുടെ ഇഷ്ടവിഷയമായി. മാലിന്യനിര്‍മ്മാര്‍ജ്ജ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിനാണെന്ന് വിശദീകരിച്ചാണ് മോഡി സെറ്റിട്ട് നടത്തിയ നാടകം അരങ്ങേറിയത്. എത്രത്തോളം പ്രാവീണ്യമുള്ളവരാണ് മോഡിയുടെ മഹത്വല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യം ഒരിക്കല്‍കൂടി നല്‍കുന്നതായിരുന്നു ഈ കെട്ടുനാടകങ്ങള്‍. അന്താരാഷ്ട്ര ശ്രദ്ധ നേടാനിടയുള്ള ഒരു കൂടിക്കാഴ്ച. ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ചെന്നൈയിലെത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പശ്ചാത്തലത്തില്‍ തീരത്തുകൂടിയുള്ള നടത്തവും മാലിന്യം പെറുക്കലും വലിയ ആഘോഷമാകുമെന്നു മുന്‍കൂട്ടി കണ്ട് ഇവന്റ്മാനേജ്‌മെന്റ് ടീമിന്റെ സെറ്റില്‍ ആടുകയായിരുന്നു പ്രധാനമന്ത്രിയെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന നാടന്‍ ചൊല്ലിന് ഇത്രമേല്‍ അര്‍ഥപ്രാപ്തി നല്‍കാന്‍ കഴിയുന്നത് മോഡിയെ പോലുള്ളവര്‍ക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്. എങ്കിലും ഒരു രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തില്‍ അബദ്ധനാടകങ്ങള്‍ കളിക്കരുതെന്നും അത് നാട്ടുകാര്‍ക്കാകെ മാനക്കേടാണെന്നും ചിലര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

യഥാര്‍ഥത്തില്‍ ഇന്ത്യയുടെ വിദേശനയം ഏത് നിലപാട് തറയിലാണ് സ്ഥിതി ചെയ്യുന്നതെന്ന അവ്യക്തത നിലനിര്‍ത്തി തന്നെയാണ് ഈ ഉച്ചകോടിയും സമാപിച്ചിരിക്കുന്നത്. വ്യാപാരവിഷയങ്ങളില്‍ യുഎസുമായി ചൈനയ്ക്ക് ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ആരുടെ കൂടെയാണ് എന്ന അവ്യക്തത പ്രകടമാണെങ്കിലും യുഎസുമായാണ് പല നയങ്ങളിലും ചേര്‍ന്നു നില്‍ക്കുന്നുവെന്നത് വസ്തുതയാണ്.