സമ്പദ്‌വ്യവസ്ഥ തകരുന്നുവെന്ന് ആര്‍ബിഐ: നിര്‍മ്മാണ മേഖലയും സേവന മേഖലയും നിശ്ചലാവസ്ഥയില്‍

Web Desk
Posted on October 09, 2019, 10:15 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അനുദിനം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതായി വ്യക്തമാക്കി ആര്‍ബിഐ റിപ്പോര്‍ട്ട്. ഉല്‍പ്പാദനം, വ്യവസായം, വിതരണം തുടങ്ങിയ സുപ്രധാന മേഖലകള്‍ ഗുരുതരമായ തകര്‍ച്ച നേരിടുന്നുവെന്നാണ് ആര്‍ബിഐയുടെ ദ്വൈമാസ റിപ്പോര്‍ട്ട് അടിവരയിടുന്നത്.

കഴിഞ്ഞ അഞ്ച് തുടര്‍ച്ചയായ പാദങ്ങളിലും മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഇടിഞ്ഞു. സ്വകാര്യ ഉപഭോഗം കഴിഞ്ഞ 18 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. വിതരണ മേഖലയിലാണ് ഏറ്റവും ഗുരുതരമായ തകര്‍ച്ച ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിതരണ മേഖലയിലെ മൊത്തം മൂല്യം 4.9 ശതമാനമായി കുറഞ്ഞു. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 0.6 ശതമാനമായി ചുരുങ്ങി. ഗോതമ്പ്, എണ്ണക്കുരു എന്നിവയുടെ ഉല്‍പ്പാദനത്തില്‍ നാമമാത്രമായ വര്‍ധനയുണ്ടായി. എന്നാല്‍ കൃഷിയും മറ്റ് അനുബന്ധമേഖലകളിലും തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

നിര്‍മ്മാണ മേഖലയും സേവന മേഖലയും ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. മണ്‍സൂണ്‍ മഴയുടെ ആധിക്യം ഖാരിഫ് വിളകളുടെ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം വ്യാവസായിക ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. മൂലധന വസ്തുക്കള്‍, ഉപഭോഗ വസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച നെഗറ്റീവ് സൂചികയിലാണ്. കല്‍ക്കരി, ഊര്‍ജ്ജം, അസംസ്‌കൃത എണ്ണ, സിമന്റ് ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ തകര്‍ച്ചാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്. ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട ആര്‍ബിഐ മാനദണ്ഡങ്ങളില്‍ 73.6 ശതമാനം കുറവാണ് ഉണ്ടായത്.

പുതിയ ഓര്‍ഡറുകളിലെ കുറവ്, ഉല്‍പ്പാദനത്തില്‍ വന്ന കുറവ്, ലാഭത്തിലുണ്ടായ കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ വിലയിരുത്തല്‍. കഴിഞ്ഞ നാല് മാസത്തിനിടെ സേവന മേഖലയില്‍ രൂക്ഷമായ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ സമീപഭാവിയില്‍ കരകയറാന്‍ കഴിയാത്ത വിധം കൂപ്പുകുത്തി. ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഗതാഗത വാഹനങ്ങളുടെ വില്‍പ്പനയും ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി.

ചില്ലറ വ്യാപാര മേഖല, ഉപഭോക്തൃ മേഖല എന്നിവിടങ്ങളിലെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം ഗണ്യമായി വര്‍ധിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വില കുത്തനെ വര്‍ധിച്ചു. എണ്ണ വ്യാപാര മേഖലയിലെ പണപ്പെരുപ്പവും അനിയന്ത്രിതമായി തുടരുന്നു. ഇതിന്റെ ഫലമായി ആഗോള വിപണിയില്‍ എണ്ണയുടെ വിലയില്‍ കുറവുണ്ടായിട്ടും ആഭ്യന്തര വിപണിയില്‍ ഇത് പ്രകടമാകുന്നില്ല. അടുത്ത ഒരു വര്‍ഷത്തിനിടെ ഈ മേഖലയിലെ പണപ്പെരുപ്പം 20 ബെയ്‌സിസ് പോയിന്റായാണ് ആര്‍ബിഐ നേരത്തെ നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദത്തില്‍തന്നെ 40 ബെയ്‌സിസ് പോയിന്റ് കടന്നു. അടുത്ത പാദങ്ങളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യതയെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോ നിരക്കില്‍ 110 ബെയ്‌സിസ് പോയിന്റിന്റെ കുറവാണ് ആര്‍ബിഐ വരുത്തിയത്. ഇതിന്റെ ഭാഗമായി വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പാ നിരക്കില്‍ 29 ബെയ്‌സിസ് പോയിന്റിന്റെ കുറവാണ് ഉണ്ടായത്. പലിശ നിരക്ക് കുറച്ചിട്ടും വായ്പകളുടെ തോത് ഗണ്യമായി കുറഞ്ഞു. വ്യാപാര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം, കല്‍ക്കരി, മുത്തുകള്‍, അമൂല്യ രത്‌നങ്ങള്‍ എന്നിവയുടെ ഇറക്കുമതി കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇറക്കുമതി കുറഞ്ഞതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധന ഉണ്ടായില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സമീപഭാവിയില്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.