20 April 2024, Saturday

പോഷക ബാല്യം പദ്ധതിക്ക് തുടക്കം; പോഷകാഹാര ലഭ്യത മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 1, 2022 10:49 pm

അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കുന്ന പോഷക ബാല്യം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിശ്രമിച്ചാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും നല്‍കാനാകും. അങ്കണവാടികള്‍ ഇല്ലാത്ത ദിവസം വീട്ടില്‍ പോയി പാലും മുട്ടയും നല്‍കണം. കുട്ടികള്‍ക്കായതിനാല്‍ നാട്ടില്‍ത്തന്നെ സഹായിക്കാന്‍ സന്നദ്ധരായി ധാരാളം പേരുണ്ടാകും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാലില്‍ ലാഭം കാണാന്‍ നോക്കരുത്. മില്‍മയ്ക്കും സഹായിക്കാനാകും. സുതാര്യതയോടെ ആക്ഷേപത്തിന് ഇടനല്‍കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2019 ല്‍ യൂണിസെഫ് നടത്തിയ പഠനപ്രകാരം പോഷകാഹാര ലഭ്യതയില്‍ ദേശീയ ശരാശശി 6.4 ആണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്തിന്റെത് 32.6 ആണ്. മറ്റ് ഏത് സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളം. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനം. കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരം കൃത്യമായി ഉറപ്പ് വരുത്തുവാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടപെടലുകളാണ് വനിത ശിശുവികസന വകുപ്പ് നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി.

Eng­lish Sum­ma­ry: Ini­ti­a­tion of Nour­ish­ing Child­hood Project

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.