Web Desk

ഡോ. പി കെ ജനാർദ്ദന കുറുപ്പ്

July 25, 2021, 6:52 am

‘ഇനിയൊരു യുദ്ധം വേണ്ട’…

Janayugom Online

പെരുമ്പുഴ ഗോപാലകൃഷ്ണൻ കഴിഞ്ഞ അഞ്ചിലേറെ പതിറ്റാണ്ടുകൾ കേരളത്തിലെ ഇടതുപക്ഷ പുരോഗമന കലാ സാഹിത്യ മേഖലകളിലെ സജീവസാന്നിദ്ധ്യമായിരുന്നു. കവി, സാഹിത്യ നിരൂപകൻ, ഗാനരചയിതാവ്, സിനിമാ പ്രവർത്തകൻ, ഇപ്റ്റ, യുവകലാസാഹിതി, ഐപ്സോ തുടങ്ങിയ കലാ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യ സാരഥികളിൽ ഒരാൾ തുടങ്ങി പല മേൽവിലാസങ്ങളുമുള്ള അദ്ദേഹം അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്സോ) രക്ഷാധികാരി എന്ന നിലയിൽ പ്രവർത്തിച്ചു വരുമ്പോഴാണ് തന്റെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് നമ്മോടു വിടപറഞ്ഞത്.

അദ്ദേഹത്തിന്റെ വേർപാട് ബാക്കിവച്ച നഷ്ടബോധത്തിൽ നിന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ഇനിയും മോചിതരല്ല. സംഗീതാചാര്യനായ പരവൂർ ദേവരാജൻ, കവിയും അവിസ്മരണീയ ഗാനങ്ങളുടെ രചയിതാവുമായ പി ഭാസ്കരൻ എന്നിവരുടെ കലാസാഹിത്യ സംഭാവനകളെ കുറിച്ചുള്ളവ ഉൾപ്പെടെ അദ്ദേഹം രചിച്ച കലാ-സാഹിത്യ നിരൂപണ ഗ്രന്ഥങ്ങൾ കവിതാസമാഹാരങ്ങൾ തുടങ്ങിയവയും, ഏഴോളം സിനിമകൾക്കായി രചിച്ച ഗാനങ്ങളും അത്രവേഗം മലയാളിക്കു മറക്കാൻ കഴിയുന്നവയല്ല.

തന്റെ പ്രിയ സുഹൃത്തും ആരാധ്യനുമായ പരവൂർ ദേവരാജന്റെ സ്മരണാർത്ഥം പെരുമ്പുഴ ഗോപാലകൃഷ്ണൻ രൂപം കൊടുത്തു വളർത്തിയ സംഗീതാസ്വാദകരുടെ കൂട്ടായ്മയാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി ദേവരാജൻ ശക്തിഗാഥ. ശക്തിഗാഥയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഏഴിനും, തുടർന്ന് അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടിനും നടന്ന ഒന്നാം പെരുമ്പുഴ ഗോപാലകൃഷ്ണൻ അനുസ്മരണങ്ങളിൽ പെരുമ്പുഴ ഐപ്സോക്കു വേണ്ടി രചിച്ച ‘ഇനിയൊരു യുദ്ധം വേണ്ട’ എന്ന സമാധാന ഗീതം അവതരിപ്പിച്ചു.

ഈ ഭൂമിയുടെയും ഇവിടുത്തെ സമൃദ്ധികളുടെയും, ജീവിതത്തിന്റെയും നൈസർഗിക സൗന്ദര്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ് യുദ്ധവും യുദ്ധഭീഷണിയും. യുദ്ധം പാടേ ഇല്ലാതാകുന്ന ഒരു മനോഹര ലോകത്തെ വിഭാവനം ചെയ്യുകയാണ് ഈ ഗീതം.

യുദ്ധമില്ലാ ലോകത്തെ സ്വപ്നം കാണുന്ന ഈ ശാന്തിഗീതത്തിന്റെ അർത്ഥവും ഭാവവും ഒട്ടും ചോർന്നുപോകാതെ ശ്രോതാക്കളിലേക്കു പകരുംവിധം ഇതിന് സംഗീതാവിഷ്കാരം നല്കിയിരിക്കുന്നത് മാണിക്യവർണം, പ്രണയമാനസം, ഉയരുക ചെങ്കൊടി, ഐപ്സോ ഗീതം എന്നീ സംഗീത ആൽബത്തിലടക്കം, ഇതിനകം പല രചനകളെയും തന്റെ സംഗീത സ്പർശത്തിലൂടെ അവിസ്മരണീയമാക്കിയിട്ടുള്ള ഐപ്സോ സംസ്ഥാന സെക്രട്ടറിയും ശക്തിഗാഥ ട്രഷററുമായ വേലായുധൻ ഇടച്ചേരിയനാണ്.

പെരുമ്പുഴ ഗോപാലകൃഷ്ണന്റെ മകനും ഗായകനുമായ ബിജു പെരുമ്പുഴയും, യമുന പിയും ചേർന്ന് നടത്തിയ ചേതോഹരമായ ആലാപനത്തിലുടെ ഈ ഗീതം തികച്ചും ഹൃദയസ്പർശിയായി. എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ ശ്രീദേവി എൻ, ശാന്തി വി, ഷാജു ആർ, പ്രസന്നകുമാർ യു എസ് എന്നിവർ ചേർന്നൊരുക്കിയ കോറസും, രാജീവ് ശിവ നിസരയുടെ ഓർക്കസ്ട്രയും ഈ ഗീതത്തിന്റെ അവതരണം ഇത്രമേൽ മധുരതരമാക്കുന്നതിൽ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.