ചക്കവീണ്‌ പരിക്കേറ്റയാളെ പരിശോധിച്ചപ്പോൾ കോവിഡ്‌, ആശങ്ക!

Web Desk

കണ്ണൂർ

Posted on May 24, 2020, 9:55 am

തലയില്‍ ചക്കവീണ് ചികിത്സയിലായിരുന്ന യുവാവിന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനു കൂടാതെ മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയെത്തിയ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ഇവര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ചക്ക വീണു പരുക്കുക്കേറ്റ കാസർകോട് സ്വദേശിയായ യുവാവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിട്ടില്ല. എങ്കിലും കാസർകോട്ടു നിന്നുള്ള രോഗിയായതിനാൽ സ്രവം പരിശോധിക്കുകയായിരുന്നു പരിയാരം ഡോക്ടർമാർ. തുടര്‍ന്നാണ് ഇന്നലെ ലഭിച്ച പരിശോധനാ ഫലം പോസിറ്റീവായത്. സമാന രീതിയില്‍ കണ്ണൂർ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനും കോവിഡ് കണ്ടെത്തിയിരുന്നു. ബൈക്ക് അപകടത്തിൽപ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു.

നാഡി സംബന്ധമായ ചികിത്സയ്ക്കായി ധർമടം സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സ്രവ പരിശോധന ഫലം പോസിറ്റീവായി കണ്ടെത്തി. രോഗിയുടെ ഭർത്താവിനും പരിശോധനയില്‍ കോവിഡ് കണ്ടെത്തിയിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയില്‍ 6 ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആശങ്കയിലാക്കുകയാണ്.

ENGLISH SUMMARY:injured man get exam­ined and found covid
You may also like this video