മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു എത്തിയ മന്ത്രിക്ക് നേരെ മഷിയേറ്

Web Desk
Posted on October 15, 2019, 6:28 pm

പാട്‌ന: പട്‌ന മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് എത്തിയ മന്ത്രിക്ക് നേരെ മഷിയേറ്. പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയ്ക്കു നേരെയാണ് മഷി എറിഞ്ഞത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍നിന്ന് മന്ത്രിയുടെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് രണ്ട് യുവാക്കള്‍ അദ്ദേഹത്തിന് നേര്‍ക്ക് മഷി എറിഞ്ഞ ശേഷം രക്ഷപെട്ടത്.

അതേസമയം പട്‌ന മെഡിക്കല്‍ കോളജില്‍, ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ ചികിത്സയിലാണ്. പട്‌നയില്‍ സെപ്റ്റംബര്‍ 27 മുതല്‍ നൂറുകണക്കിന് ഡെങ്കിപ്പനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വയറിളക്കം, ശ്വാസകോശ അണുബാധ, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് ഡോക്ടര്‍മാരുടെ  മുന്‍നിര ടീമുകള്‍ ചികിത്സ നല്‍കുന്നുണ്ട്. ഈ മാസം ആദ്യം ബീഹാര്‍ തലസ്ഥാനത്ത് ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഡെങ്കിപ്പനിയും മറ്റ് രോഗങ്ങളും നഗരത്തിലുടനീളം വ്യാപിക്കുന്നുണ്ട്.