May 28, 2023 Sunday

കിട്ടുണ്ണി വിടപറയുമ്പോള്‍

കെ കെ ജയേഷ്
കോഴിക്കോട്
March 26, 2023 11:48 pm

‘ഡോ.. കിട്ടുണ്ണി തൂത്തുവാരി കഴിഞ്ഞല്ലേ. . ’ ജഡ്ജി പിള്ളയുടെ ഉച്ചത്തിലുള്ള ചോദ്യത്തിന് ‘ഇല്ല കഴിഞ്ഞില്ല. . ’ എന്ന് മറുപടി പറയുന്നതിനൊപ്പം ശബ്ദം താഴ്ത്തി ‘എല്ലാം കൂടി ഞാൻ തൂത്തുവാരും. . ’ എന്ന കിട്ടുണ്ണിയുടെ രോഷത്തോടെയുള്ള സംസാരം. ഓടി നടന്ന് പണികൾ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് പിള്ളയുടെ ചോദ്യങ്ങൾക്കുള്ള കിട്ടുണ്ണിയുടെ മറുപടികളും ശബ്ദം താഴ്ത്തിയുള്ള പിറുപിറുക്കലുകളും. . ഇന്നസെന്റ് എന്ന നടന്റെ അഭിനയ പ്രതിഭയുടെ ആഴം വ്യക്തമാകാൻ കിലുക്കം എന്ന സിനിമയിലെ കിട്ടുണ്ണി എന്ന കഥാപാത്രം മാത്രം മതിയാകും. 

എ ബി രാജ് സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ‘നൃത്തശാല’ എന്ന സിനിമയിലൂടെയായിരുന്നു ഇന്നസെന്റിന്റെ തുടക്കം. മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന ചിത്രത്തിലെ കറവക്കാരൻ ദേവസ്സിക്കുട്ടി എന്ന കഥാപാത്രമാണ് ഇന്നസെന്റിന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം. തന്റെ നാട്ടിലെ തന്നെ ദേവസ്സിക്കുട്ടി എന്നൊരാളെ തന്നെയായിരുന്നു ഇന്നസെന്റ് സ്ക്രീനിലേക്ക് കൊണ്ടുവന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ അവിടുത്തെപോലെ ഇവിടെയും എന്ന സിനിമയിലെ കച്ചവടക്കാരന്റെ വേഷത്തിന് ശേഷമാണ് സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് ഇന്നസെന്റിന് ഉറപ്പായത്.
ഭാരതയാത്ര നയിച്ച് കേരളത്തിലെത്തിയതാണ് സന്ദേശത്തിലെ ഐഎൻഎസ് പി ദേശീയ നേതാവ് യശ്വന്ത് സഹായി. നാരിയൽ കാ പാനി എന്നാവശ്യപ്പെടുമ്പോൾ അതെന്താണെന്ന് മനസ്സിലാവാതെ നട്ടം തിരിയുന്ന പാർട്ടി പ്രവർത്തകരെ നോക്കി സമ്പൂർണ്ണ സാച്ചരത എന്ന പുശ്ചിക്കുമ്പോൾ കേരളം പൊട്ടിച്ചിരിച്ചു. മനസ്സിനക്കരയിലെ ചാക്കോ മാപ്പിള നന്നായി മദ്യപിക്കും. മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതിന് മകൻ റെജിയോട് വഴക്ക് കേൾക്കുമ്പോഴും അവർക്കിടയിൽ അസാധാരണമായ ഹൃദയബന്ധം നിറഞ്ഞു നിന്നു. ’ ആനയോട് സംസാരിക്കാൻ ഹിന്ദി പഠിച്ചയാളാണ് ഗജകേസരിയോഗത്തിലെ ആനപ്രേമിയായ അയ്യപ്പൻ നായർ. ദാസനും വിജയനും മദ്രാസിൽ അഭയം നൽകി പുലിവാൽ പിടിക്കുകയാണ് നാടോടിക്കാറ്റിലെ പാവം ബാലേട്ടൻ. കൃഷ്ണമൂർത്തിക്കൊപ്പം കേളനിയിലെത്തുന്ന കെ കെ ജോസഫ് സൃഷ്ടിക്കുന്ന പൊട്ടിച്ചിരികളാണ് വിയറ്റ്നാം കോളനി എന്ന സിനിമയെ രസകരമാക്കുന്നത്. പല കാരണങ്ങൾ പറഞ്ഞ് ഒപ്പിടാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥനോട് ‘ഒപ്പിടെടാ പട്ടീ.. ’ എന്നു പറയുന്ന മിഥുനത്തിലെ കെ ടി കുറുപ്പിന്റെ ഗൗരവഭാവത്തിലുള്ള നർമ്മം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മിമിക്സ് പരേഡിലെ ഫാ. തറക്കണ്ടത്തിന്റെ തലവെട്ടിച്ചുള്ള പ്രത്യേക ചലനങ്ങൾ പോലും തിയേറ്ററിൽ നിറ‍ച്ചത് പൊട്ടിച്ചിരിയുടെ അലകളായിരുന്നു. 

തിരക്കഥാകൃത്തായും നിർമാതാവായും ഗായകനായുമെല്ലാം ഇന്നസെന്റ് പ്രേക്ഷകർക്ക് മുമ്പിലെത്തി. പാവം ഐ എ ഐവാച്ചൻ, കീർത്തനം എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയ ഇന്നസെന്റ് ‘വിട പറയും മുൻപേ’, ‘ഇളക്കങ്ങൾ’, ‘ഓർമ്മയ്ക്കായ്’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’, ‘ഒരു കഥ ഒരു നുണക്കഥ’ എന്നീ സിനിമകളും നിർമ്മിച്ചു. ഡോളി സജാ കെ രഖ്ന, മാലാമാൽ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതര ഭാഷകളിലും സാന്നിധ്യം അറിയിച്ചു. അമ്പത് വർഷങ്ങളിലധികം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഇന്നസെന്റ് വേഷങ്ങൾ അഴിച്ചുവെച്ച് യാത്രയാവുകയാണ്. ആ തമാശകൾ പക്ഷെ പ്രേക്ഷകരെ ഇനിയും ചിരിപ്പിച്ചുകൊണ്ടിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.