19 April 2024, Friday

പ്രത്യാശയുടെ രൂപകമായ നടന്‍

സുരേന്ദ്രന്‍ കുത്തനൂര്‍
March 28, 2023 4:45 am

ഹാസ്യം എപ്പോഴും രൂക്ഷ വിമർശനം സാധ്യമാക്കുന്നു. പറയാൻ പാടില്ല എന്ന് വിലക്കുള്ള കാര്യങ്ങളും ഹാസ്യത്തിന്റെ പേരിൽ പറയാം, എഴുതാം. അതൊരു തമാശയെന്ന് എതിർപ്പുകാർ അതിനെ അവഗണിക്കും. ചാപ്ലിനും കുഞ്ചൻ നമ്പ്യാരും വികെഎന്നും എല്ലാം സമൂഹത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും മാറ്റിമറിച്ചുവെന്നും നമുക്കറിയാം. അവരുന്നയിക്കുന്ന തമാശയിലെ വിമർശനം പതുക്കെപ്പതുക്കെ നമുക്കു ചുറ്റും പ്രവർത്തിച്ചു കൊണ്ടിരിക്കും. ഇപ്പറഞ്ഞതിനുള്ള സമകാലിക മലയാളി ഉദാഹരണത്തിൽ ഇന്നസെന്റ് മുന്നിൽ നിൽക്കുന്നു.
രോഗികളായവരെ സന്ദർശിച്ച് ബന്ധുക്കളും സുഹൃത്തുക്കളും പുരോഹിതരും നടത്തുന്ന പ്രാർത്ഥനകളെ ഇന്നസെന്റ് അതിരൂക്ഷമായാണ് പരിഹസിച്ചത്. ഉടനെ മരിക്കാൻ പോകുന്ന രോഗി സ്വർഗത്തിൽ പ്രവേശിക്കണേ എന്നാണ് എല്ലാ പ്രാർത്ഥനകളുടെയും ഉള്ളടക്കം. രോഗി കേൾക്കെയാണ് അത് പറയുന്നത്. ഇത്തരം പ്രാർത്ഥനകൾ ഒരാളെ പെട്ടെന്ന് മരണത്തിലെത്തിക്കുമെന്നും അതിനാൽ ദയവായി ഈ രീതി അവസാനിപ്പിക്കൂ എന്നും ഇന്നസെന്റ് പറഞ്ഞു. കാര്യം പലരും മനസിലാക്കി, മനസിലാകാത്തവർ അത് ഇന്നസിന്റെ തമാശ എന്ന് പറഞ്ഞ് അവഗണിച്ചു. തമാശയായതിനാലാകാം സഭയും കോപിച്ചില്ല.
അദ്ദേഹം വിമർശനം അവിടെ അവസാനിപ്പിച്ചില്ല. നല്ലവരെ ദൈവം വേഗം വിളിക്കുന്നു എന്ന് ഒരു മരണ വീട്ടിൽ നിന്നും കേട്ട പ്രാർത്ഥനാ ഭാഗത്തോട് പ്രതികരിച്ചത്, വഴിയിൽക്കണ്ട വിശുദ്ധന്റെ പ്രതിമയോട് പല്ലിളിച്ചു കാണിച്ചുകൊണ്ടാണ്. ദൈവത്തിന് അപ്രീതിയുണ്ടാവുകയും ‘ദുഷ്ടനായി’ കുറച്ചു കാലം കൂടി ഭൂമിയിൽ ജീവിക്കുകയും ചെയ്യാൻ. സ്വർഗമല്ല, ഭൂമി തന്നെയാണ് മനുഷ്യരെ മോഹിപ്പിക്കുന്നത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം കഥകൾ കെട്ടിയുണ്ടാക്കിയത്.


ഇതുകൂടി വായിക്കൂ: ചിരി അരങ്ങൊഴിഞ്ഞ് ഇന്നസെന്റ് വിടവാങ്ങി


സ്വർഗ-നരകങ്ങളെക്കുറിച്ച് യുക്തിവാദികൾക്കും മതവാദികൾക്കും സാധ്യമല്ലാത്ത സ്വന്തം വഴിയിലൂടെ അദ്ദേഹം സംവാദം മുന്നോട്ടു കൊണ്ടുപോയി. ഒരു പക്ഷെ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയും അതായിരിക്കും. ഭാര്യ ആലീസും രോഗിയായപ്പോൾ അവരും കഥാപാത്രമായെന്നേയുള്ളൂ. കാൻസർ ടെസ്റ്റ് നടത്തി രോഗമില്ലെങ്കിൽ ആ കാശ് വെറുതെ പോകില്ലേ എന്ന ആലീസിന്റെ ചോദ്യമൊക്കെ ഇന്നസെന്റ് സ്വയം മെനഞ്ഞതു തന്നെയാണ്. കേരളത്തിൽ അർബുദത്തിന്റെ വ്യാപ്തി എങ്ങനെയാണെന്ന് ഇന്ന് പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്. പെയിൻ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനം ഈ രോഗ മേഖലയിൽ എങ്ങിനെ സാമൂഹികതയിലൂന്നി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും മലയാളികൾക്ക് ഇപ്പോൾ സാമാന്യധാരണയുണ്ട്. ‘കാൻസർ വാർഡിലെ ചിരി’ എന്ന ശീർഷകത്തിലൂടെ ഇന്നസെന്റ് കേരളത്തിന് നല്കിയ വലിയ പാഠത്തിന്റെ ഭാഗം കൂടിയാണത്.
എംപിയായിരിക്കെ, പാർലമെന്റിൽ അർബുദ രോഗികൾക്കു വേണ്ടി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മലയാളി മറക്കില്ല. ‘കഴിഞ്ഞ വർഷം ഞാനും അർബുദത്തിന്റെ പിടിയിലായി. ശരീരത്തിൽ അഞ്ചിടത്താണ് അർബുദ ബാധ കണ്ടെത്തിയത്. മെച്ചപ്പെട്ട ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ പരിചരിക്കാൻ ഭാര്യ ആലീസുമുണ്ടായിരുന്നു. എന്റെ ചികിത്സക്കിടെ അവളെ വെറുതെ മാമോഗ്രാം പരിശോധനക്ക് വിധേയയാക്കി. അപ്പോഴാണ് അവർക്കും അർബുദം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതിനാൽ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞു. അർബുദം പ്രാരംഭദശയിൽ തന്നെ കണ്ടെത്തിയാൽ കീമോ തെറാപ്പി, റേഡിയേഷൻ തുടങ്ങിയ കഠിന ചികിത്സകൾ ഒഴിവാക്കാൻ കഴിയും. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൊബൈൽ യൂണിറ്റുകൾ ഏർപ്പെടുത്തി അർബുദ രോഗ നിർണയത്തിനുള്ള സംവിധാനം ഏർപ്പെടുത്തണം’.


ഇതുകൂടി വായിക്കൂ: അഭിനയ സിദ്ധിയു‍ടെ മാന്ത്രികന്‍


ആദ്യം കാൻസർ സ്ഥിരീകരിച്ചപ്പോൾ അതിനെ അതിജീവിക്കാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ രണ്ടാം തവണ രോഗം സ്ഥിരീകരിച്ചപ്പോൾ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്ന് ഭയമുണ്ടായെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. എന്നാൽ വിയറ്റ്നാം കോളനി സിനിമയിൽ പറയും പോലെ ‘ഇതല്ല ഇതിന്റെ അപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്’ എന്ന മട്ടിൽ കാൻസറിന്റെ രണ്ടാം വരവിനെയും ഇന്നസെന്റ് മറികടന്നു. ‘അവൻ പിന്നെയും വന്നു, ഞാൻ ഗുഡ്ബൈ പറഞ്ഞുവിട്ടു’ എന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം അന്ന് കുറിച്ചിട്ടത്.
‘പ്രിയമുളളവരെ, എന്റെ സുഹൃത്തായ കാൻസർ രണ്ടാമതും വന്നു എന്ന വിവരം ഞാൻ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ രോഗം പൂർണമായി മാറി എന്ന് ഡൽഹി എയിംസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും അറിയിച്ചു. ഇനിയുളള കാലം പഴയതുപോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി. 2018 ഡിസംബർ 17 ന് ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകളാണിവ. തന്നെ ചികിത്സിച്ച ഡോക്ടർക്കും അർബുദം വന്ന അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു. ചികിത്സക്കിടെ വീൽ ചെയറിൽ കീമോയുടെ പീഡകളുമായി തന്റെ മുറിയിലെത്തിയ ഡോക്ടർ ലിസി പഠിപ്പിച്ചത് രോഗം ആർക്കും വരാം എന്ന പാഠമാണെന്ന് ഇന്നസെന്റ് എഴുതി.


ഇതുകൂടി വായിക്കൂ: കിട്ടുണ്ണി വിടപറയുമ്പോള്‍


അർബുദ ചികിത്സകൻ ഡോ. ഗംഗാധരന്റെ ആമുഖക്കുറിപ്പോടെയാണ് കാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റിന്റെ അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത്. ‘ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്’ എന്നാണ് കുറിപ്പിന്റെ ആമുഖം. ഡോക്ടർ പറയുന്ന വഴിയിൽ ശാസ്ത്രത്തെ വിശ്വസിച്ച്, ഡോക്ടറെ വിശ്വസിച്ച് മുന്നോട്ടു പോയ ധീരനായ ഒരു രോഗിയായിരുന്നു ഇന്നസെന്റെന്ന് ഗംഗാധരൻ പറയും. കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത ഇന്നസെന്റിനെ അലട്ടിയില്ല. പക്ഷെ ഭാര്യ ആലീസിന് രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യൻ എന്ന നിലയിലുള്ള, രോഗിയുടെ ചിരിക്കാനുള്ള അവകാശം എങ്ങനെ പുനഃസ്ഥാപിക്കാം എന്നാണ് ഇന്നസെന്റ് സ്വന്തം അനുഭവത്തെ മുൻനിർത്തി പറഞ്ഞുകൊണ്ടേയിരുന്നത്. രോഗം-രോഗി-വേദന‑ചികിത്സ- സാമൂഹിക ഉത്തരവാദിത്തം- എന്ന ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്ന ചർച്ചയുടെ ഭാഗമാവുകയാണ് ഈ നടൻ ചെയ്തത്. സമീപകാലത്ത് ബോളിവുഡ് നടി മനീഷ കൊയ്‍രാള തന്റെ അർബുദകാലത്തെക്കുറിച്ചെഴുതിയ ഹീൽഡ് (Healed) എന്ന പുസ്തകവും രോഗിയുടെ നിരവധി യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്തിട്ടുണ്ട്. രോഗികൾ എഴുതുമ്പോൾ വാസ്തവത്തിൽ ലോകം മാറുന്നു എന്ന് ഇത്തരം പുസ്തകങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.