May 28, 2023 Sunday

ഇന്നസെന്റായ മരണം

Janayugom Webdesk
March 28, 2023 5:00 am

1981ൽ പുറത്തിറങ്ങിയ ‘വിടപറയും മുമ്പേ’ എന്ന ചലച്ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിച്ച ഒരിക്കലും മലയാളി മറക്കാത്ത ഒരു കഥാപാത്രമാണ് സേവ്യർ. കാൻസർ ബാധിച്ച് അല്പാല്പമായി മരിച്ചുകൊണ്ടിരിക്കുമ്പോഴും ആരെയും അറിയിക്കാതെ കുഞ്ഞുങ്ങളെപ്പോലെ കളിച്ചുചിരിച്ച് ജീവിതത്തിലെ ആഗ്രഹനിമിഷങ്ങളെ സ്വയംസൃഷ്ടിച്ച് രസിക്കുന്ന മനുഷ്യൻ. സേവ്യർ രോഗിയായിരുന്നെന്ന് അയാൾ മരിക്കുന്ന ദിവസമാണ് മറ്റുള്ളവർ അറിഞ്ഞത്. ആ സിനിമയുടെ നിർമ്മാതാവ് ഇന്നസെന്റായിരുന്നു. 2013ൽ കാൻസർ ബാധിച്ചിട്ടും 10 വർഷം സിനിമാ അഭിനയവും രാഷ്ട്രീയപ്രസംഗവും നർമ്മഭാഷണവും എഴുത്തുമായി സജീവമായി നിലനിന്ന ശേഷം കഴിഞ്ഞദിവസം ഇന്നസെന്റ് വിടവാങ്ങി, സേവ്യറെപ്പോലെ.


ഇതുകൂടി വായിക്കൂ: ചിരിയുടെ ചക്രവര്‍ത്തി; ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നച്ചന്‍


‘കാൻസർ വാർഡിലെ ചിരി’ എന്ന അദ്ദേഹത്തിന്റെ കൃതി ഒരത്ഭുത പുസ്തകമാവുന്നത് മരണത്തിന് മുന്നിൽ നിന്നുകൊണ്ടുള്ള ധീരസ്മിതം കൊണ്ടാണ്. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാൻ എന്റെ കൈയിൽ ഫലിതമെന്ന ഒരൗഷധം മാത്രമേ ഉള്ളൂ. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിൽനിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാൻസർ വാർഡിൽനിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകൾ മാത്രം എന്ന് അദ്ദേഹം പറഞ്ഞുവച്ചു. സിനിമയിൽ നിർമ്മാതാവായെത്തി അഭിനയത്തിന്റെ അനായാസത കൊണ്ട് കേരളത്തിലെ എല്ലാ കുടുംബങ്ങളിലെയും അംഗമായി കയറിപ്പറ്റിയ പ്രതിഭയാണ് ഇന്നസെന്റ്. റാംജിറാവു സ്പീക്കിങ്, കിലുക്കം, മണിച്ചിത്രത്താഴ്, പൊൻമുട്ടയിടുന്ന താറാവ്, മിഥുനം, ഗോഡ്ഫാദർ തുടങ്ങി എഴുന്നൂറിലേറെ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹാസ്യാഭിനയത്തിന് നൽകിയ ‘ഇന്നച്ചൻ ടച്ച്’ അതിഗംഭീരമായിരുന്നു. 1989ൽ മഴവിൽക്കാവടി, ജാതകം എന്ന സിനിമകളിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച സഹനടനുള്ള അവാർഡും 2009ൽ പത്താംനിലയിലെ തീവണ്ടിയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ഉൾപ്പെടെ ഒരു ഡസനിലേറെ പുരസ്കാരങ്ങൾ ലഭിച്ചു.


ഇതുകൂടി വായിക്കൂ: ഹാസ്യമയം ജീവിതം


മലയാള സിനിമയുടെ തലവരമാറ്റിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ് എന്നനിലയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പേരാണ് ഇന്നസെന്റിന്റേത്. ഡേവിഡ് കാച്ചപ്പള്ളിയെന്ന ചങ്ങാതിയോടൊത്തു ചേർന്ന് നിർമ്മിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഓർമ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നീ ചിത്രങ്ങൾ മലയാള സിനിമയില്‍ നവഭാവുകത്വം സൃഷ്ടിച്ചവയാണ്. സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇവ നേടി. കെ ജി ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ബോംബെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ നിർമ്മാണ കമ്പനിയുടെ പേരിലും ഉണ്ടായിരുന്നു ഇന്നസെന്റ് ടച്ച്-ശത്രു ഫിലിംസ്. പാവം ഐഎ ഐവാച്ചൻ, കീർത്തനം എന്നീ സിനിമകളുടെ കഥയും ഇന്നസെന്റിന്റേതാണ്. മികച്ച നടൻ എന്നതിനൊപ്പം നാട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരനും കൂടിയായിരുന്നു അദ്ദേഹം. സിനിമാ തിരക്കുകളിൽ സജീവമാകുമ്പോഴും രാഷ്ട്രീയത്തിലെ എല്ലാ ചലനങ്ങളും നിരീക്ഷിച്ചയാള്‍ എന്നനിലയില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി. 13,884 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ലോക്‌സഭാ എംപി എന്ന നിലയിലും മികച്ച പ്രകടനമാണ് ഇന്നസെന്റ് കാഴ്ചവച്ചത്. 1970കളിൽ ആർഎസ്‍പിയുടെ തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു ഇന്നസെന്റ് എന്നതും സാധാരണക്കാരുടെ ഓർമ്മയിലില്ലാത്ത കഥ.
മിഥുനം എന്ന സിനിമയിൽ കൂടോത്ര സ്വാമിയുടെ മുന്നിൽ അചഞ്ചലനായി ഒരേ നില്പ് നിന്ന ലൈൻമാൻ ബാലന്റെ ഭാവഹാവാദികൾ ഇന്നസെന്റിന്റെ സ്വന്തം വ്യക്തിത്വത്തിൽത്തന്നെയുള്ളതാണെന്ന് ദൈവത്തെയും മതവിശ്വാസത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. അർബുദം ഏറെക്കാലമായി ആ ചിരിയിൽ മങ്ങലേല്പിക്കാൻ ശ്രമിച്ചിരുന്നപ്പോഴും മണിച്ചിത്രത്താഴിലെ കഥാപാത്രത്തെപ്പോലെ അടുക്കരുത് കുത്തും എന്ന് ഭീഷണിപ്പെടുത്തി മരണത്തെ അകറ്റി നിർത്തിയതും മനക്കരുത്തുകൊണ്ടുതന്നെയാണ്. ‘ഇന്നസെന്റിന്റെ കാര്യത്തിൽ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കു‘മെന്ന് വിഖ്യാത ഹൃദ്രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരൻ പറഞ്ഞിട്ടുണ്ട്. ‘ഇന്നസെന്റ് എന്നാൽ കാൻസറിനുള്ള ഒരു മരുന്നാണ്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാൻ ഡോക്ടർ എന്ന നിലയിൽ ആധികാരികമായി ഞാൻ ശുപാർശ ചെയ്യുന്നു‘വെന്ന ഡോ. ഗംഗാധരന്റെ വാക്കുകൾ ലോകം കാതോർക്കട്ടെ. നടൻ, മുൻ എംപി എന്നതിനപ്പുറം നിഷ്കളങ്കമായ ഒരൗഷധമായി ഇന്നസെന്റ് മരണത്തെയും അതിജീവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.