കൂടത്തായി കൊലപാതക പരമ്പര; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

Web Desk
Posted on December 05, 2019, 8:26 pm

താമരശ്ശേരി:കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ അറസ്റ്റ് നടന്ന് രണ്ട് മാസം പിന്നിടുമ്പോൾ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ ആറ് കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ തെളിവുകൾ കൂട്ടിച്ചേർക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. വ്യാജ ഒസ്യത്ത് തയ്യാറാക്കാനും ഇത് ഉപയോഗിച്ച് സ്വത്തുക്കൾ കൈക്കലാക്കാനും സഹായിച്ചവരെയും കൊലപാതകത്തിന് സഹായം നൽകിയവരെയും അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും ജോളിക്ക് സഹായം നൽകുകയും അഭിഭാഷകനെ ഏർപ്പാടാക്കുകയും ചെയ്ത പ്രാദേശിക മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മോയിയെ കഴിഞ്ഞ ദിവസം റൂറൽ എസ് പി നേരിട്ട് ചോദ്യം ചെയ്തിരുന്നു.

ഇമ്പിച്ചി മോയി ഉൾപ്പെടെ പലർക്കും കൊലപാതക വിവരങ്ങൾ അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സയനൈഡ് എത്തിച്ചു നൽകിയ എംഎസ് മാത്യുവും ജോളിയും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു.ഭർത്താവ് റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയത് മാത്യുവിന് അറിയാമായിരുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പോസ്റ്റ്മോർട്ടം നടക്കുമ്പോൾ മാത്യു മോർച്ചറിയിൽ ഉണ്ടായിരുന്നു.സയനൈഡ് കഴിച്ചാണ് മരണമെന്ന് ഡോക്ടർ പറയുമ്പോഴും മാത്യു സ്ഥലത്തുണ്ടായിരുന്നു.മരണം സയനൈഡ് കഴിച്ചാണെന്ന് മാത്യു മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

റോയിയെ കൊന്ന് ഏഴാം ദിവസം ട്രെയിനിങ്ങിനെന്ന പേരിൽ ജോളി പോയത് ജോൺസൺ ജോലി ചെയ്യുന്ന കോയമ്പത്തൂരിലേക്കെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാൽ മാത്യുവിനൊപ്പം പോണ്ടിച്ചേരിയിൽ പോയാണ് റോയിയുടെ മരണം ആഘോഷിച്ചതെന്ന് ജോളി പിന്നീട് മൊഴി നൽകിയിരുന്നു.  ഇപ്പോഴത്തെ ചോദ്യം ചെയ്യലിൽ മാത്യുവും ഇത് സമ്മതിച്ചു.നായയെ കൊല്ലാനെന്ന പേരിലാണ് തന്നോട് സയനൈഡ് വാങ്ങിയതെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മാത്യു നേരത്തെ മൊഴി നൽകിയത്. നിരന്തരമായ ചോദ്യം ചെയ്യലിലാണ് മാത്യു കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. റോയിയുടെ മരണ ശേഷം ഒരു അഭിഭാഷകനുമായി അടുപ്പത്തിലായെന്നും ഇയാൾ പിൻമാറിയ ശേഷമാണ് ജോൺസണുമായി അടുത്തതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

you may also like this video;

കൊലപാതകങ്ങൾ സംബന്ധിച്ച് ജോൺസണ് അറിയാമായിരുന്നുവെന്ന് റോയിയുടെ മകനും സഹോദരിയും നേരത്തെ മൊഴി നൽകിയിരുന്നു. ഇത് ആദ്യം ജോളി നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. റോയിയുടെ സഹോദരിക്കൊപ്പം പോവണമെന്ന് ജോളി നിർദ്ദേശിച്ചുവെന്നാണ് മക്കൾ മൊഴി നൽകിയത്. തന്നെ ജോൺസൺ സംരക്ഷിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജോളി ഇവരോട് പറഞ്ഞുവെന്നാണ് മൊഴി. കല്ലറ പൊളിക്കുന്നതിന്റെ തലേ ദിവസം ടോം തോമസിന്റെ ബന്ധുക്കളായ ചിലരെ ജോളി ഫോണിൽ വിളിച്ച് കുറ്റം ഏറ്റു പറഞ്ഞിരുന്നു.

ഇവർ അന്ന് രാത്രിയിൽ തന്നെ ജോളിയെയുമായി അഭിഭാഷകനെ സമീപിക്കുയും കേസിൽ നിന്നും രക്ഷപ്പെടാനുള്ള പരിശീലനം നൽകുകയും ചെയ്തു. പിടിച്ചു നിൽക്കാൻ ജോളിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ അഭിഭാഷകൻ മൊഴി മാറ്റിക്കൊണ്ടിരിക്കാനായിരുന്നു നിർദ്ദേശിച്ചത്. പോലീസിനെ വഴിതെറ്റിക്കാനുള്ള വിദ്യകളും അഭിഭാഷകൻ ഉപദേശിച്ചു. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു, പിതാവ് സകറിയാസ് എന്നിവർക്കും കൊലപാതകങ്ങൾ സംബന്ധിച്ച് അറിയാമായിരുന്നുവെന്നാണ് ജോളിയുടെ മൊഴി. ഇത്തരം സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനും അറസ്റ്റിനുമാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

ജോളിയേയും പ്രജികുമാറിനെയും തുടർ റിമാൻഡിൽ വിട്ടു.

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ വധക്കേസിൽ റിമാൻഡ് കാലാവധി അവസാനിച്ച ജോളിയെ കോടതിയിൽ ഹാജരാക്കി തുടർ റിമാൻഡിൽ വിട്ടു.ആൽഫൈൻ വധക്കേസിൽ റിമാൻഡ് കാലാവധി അവസാനിച്ച മൂന്നാം പ്രതി പ്രജി പ്രജികുമാർ ടോം തോമസ് കേസിൽ ഇന്നലെ ഉച്ചവരെ പോലീസ് കസ്റ്റഡിയിൽ ആയതിനാൽ അന്വേഷണസംഘം റിമാൻഡ് എക്സ്റ്റഷൻ റിപ്പോർട്ട് സമർപ്പിച്ചു.തുടർന്ന് താമരശ്ശേരി മുൻസിഫ് കോടതി പ്രജികുമാറിനെയും തുടർ റിമാൻഡിൽ വിട്ടു ടോം തോമസ് കേസിൽ കസ്റ്റഡി കാലവധി കഴിഞ്ഞ പ്രജികുമാറിനെ കുറ്റ്യാടി സി ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.ശേഷിക്കുന്ന റിമാൻഡ് കാലാവധിയായ ഡിസംബർ 18 വരെ ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജോളിയേയും പ്രജികുമാറിനെയും തുടർ റിമാൻഡിൽ വിട്ടു.

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ വധക്കേസിൽ റിമാൻഡ് കാലാവധി അവസാനിച്ച ജോളിയെ കോടതിയിൽ ഹാജരാക്കി തുടർ റിമാൻഡിൽ വിട്ടു.ആൽഫൈൻ വധക്കേസിൽ റിമാൻഡ് കാലാവധി അവസാനിച്ച മൂന്നാം പ്രതി പ്രജി പ്രജികുമാർ ടോം തോമസ് കേസിൽ ഇന്നലെ ഉച്ചവരെ പോലീസ് കസ്റ്റഡിയിൽ ആയതിനാൽ അന്വേഷണസംഘം റിമാൻഡ് എക്സ്റ്റഷൻ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് താമരശ്ശേരി മുൻസിഫ് കോടതി പ്രജികുമാറിനെയും തുടർ റിമാൻഡിൽ വിട്ടു ടോം തോമസ് കേസിൽ കസ്റ്റഡി കാലവധി കഴിഞ്ഞ പ്രജികുമാറിനെ കുറ്റ്യാടി സി ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.ശേഷിക്കുന്ന റിമാൻഡ് കാലാവധിയായ ഡിസംബർ 18 വരെ ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

you may also like this video;