20 April 2024, Saturday

ഐഎന്‍എസ് വിക്രാന്ത്; അഭിമാനകരമായ നേട്ടം

Janayugom Webdesk
September 5, 2022 5:00 am

സെപ്റ്റംബർ രണ്ടാംതീയതി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനും നാവികസേനയ്ക്കുമായി സമർപ്പിച്ച ഇന്ത്യയുടെ ഒന്നാമത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിരോധ, കപ്പൽ നിർമ്മാണ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെയും നമ്മുടെ പൊതുമേഖലയുടെയും കാര്യക്ഷമതാ മികവിന്റെയും പ്രതീകമായി ചരിത്രത്തിൽ സ്ഥാനംപിടിച്ചു. എന്തിനെയും ഏതിനെയും തന്റെ തീരുമാനങ്ങൾ എടുക്കുന്നതിലും അത് സാക്ഷാല്ക്കരിക്കുന്നതിലുമുള്ള മികവായി അവകാശപ്പെടാറുള്ള പ്രധാനമന്ത്രി ഇക്കാര്യത്തിൽ അത്തരം അവകാശവാദങ്ങൾക്കൊന്നും മുതിരാതെയാണ് വിക്രാന്തിന്റെ സമർപ്പണച്ചടങ്ങ് നിർവഹിച്ചതെന്നത് ശ്രദ്ധയമാണ്. 1999 ൽ അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസാണ് നാവികസേനയ്ക്കായി വിമാനവാഹിനി കപ്പൽ നിർമ്മാണ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. 2001‑ല്‍ കൊച്ചിൻ ഷിപ്‌യാർഡ് അതിന്റെ പ്രഥമ രേഖാചിത്രം പുറത്തിറക്കി. 2003‑ല്‍ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് ഔപചാരിക അംഗീകാരം നൽകി. തുടർന്ന് ഇങ്ങോട്ടുള്ള രൂപകല്പനാപരമായ പുരോഗതിയും നിർമ്മാണ പ്രവർത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഇത്രയും പറഞ്ഞുവയ്ക്കുന്നത് ഐഎൻഎസ് വിക്രാന്ത് പോലെയുള്ള ഒരു ബൃഹദ് പദ്ധതിയുടെ നിർമ്മാണം ഏതെങ്കിലും ഒരു ഭരണാധികാരിയുടെയോ ഭരണകക്ഷിയുടെയോ വ്യക്തിഗത നേട്ടമല്ലെന്നു സൂചിപ്പിക്കാൻ മാത്രമാണ്. രാജ്യത്തിന്റെ അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ), പ്രതിരോധ മെറ്റലർജിക്കൽ ഗവേഷണ പരീക്ഷണശാല (ഡിഎംആർഎൽ), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) കൊച്ചി കപ്പൽ നിർമ്മാണശാല എന്നിവയുടെ വ്യക്തിമുദ്ര പതിഞ്ഞിരിക്കുന്നു. നമ്മുടെ പൊതുമേഖലാ പ്രതിരോധ വ്യവസായ സംരംഭങ്ങളുടെയും പൊതുമേഖലയുടെയും കാര്യക്ഷമതയും എൻജിനീയറിങ് സാങ്കേതിക മികവുമാണ് ഐഎൻഎസ് വിക്രാന്തിന്റെ സാക്ഷാല്ക്കാരത്തിലൂടെ രാജ്യത്തിന് ബോധ്യപ്പെട്ടിരിക്കുന്നത്. കൊച്ചി കപ്പൽ നിർമ്മാണ ശാലയും പ്രതിരോധ വ്യവസായങ്ങളും വിറ്റഴിച്ചു സ്വകാര്യവല്ക്കരിക്കാൻ നടന്നതും ഇപ്പോഴും തുടരുന്നതുമായ ശ്രമങ്ങൾ ഈ പശ്ചാത്തലത്തിൽവേണം വിലയിരുത്തപ്പെടാൻ.


ഇതുകൂടി വായിക്കൂ: സമ്പൂര്‍ണ്ണം സ്വകാര്യവല്‍ക്കരണം


43,000 ടൺ ഭാരമുള്ള വിക്രാന്തിന്റെ നിർമ്മിതിക്ക് ആവശ്യമായ വസ്തുക്കളിൽ 76 ശതമാനവും ആഭ്യന്തരമായി സമാഹരിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. നിർമ്മാണത്തിന് വേണ്ടിവന്ന 23,000 ടണ്‍ യുദ്ധക്കപ്പൽ നിലവാരത്തിലുള്ള ഉരുക്ക് ഡിആർഡിഒ, ഡിഎംആർഎൽ, സെയിൽ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. കപ്പലിന് ആവശ്യമായ 2500 കിലോമീറ്റർ വൈദ്യുത കേബിളും 150 കിലോമീറ്റർ പ്രത്യേകയിനം പൈപ്പും ഇന്ത്യൻ നിർമ്മിതമാണ്. അവയാകട്ടെ പൊതുമേഖലാ സംരംഭങ്ങളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്വകാര്യ ഉല്പാദകരുമാണ് നിര്‍മ്മിച്ചുനല്കിയത്. കപ്പലിന് ആവശ്യമായ ഹള്‍ ബോട്ടുകൾ, എയർകണ്ടീഷൻ-റഫ്രിജറേഷൻ സംവിധാനങ്ങൾ, വാർത്താവിനിമയ‑പോരാട്ട ശൃംഖലകൾ, വനിതകളടക്കം 1600 നാവികർക്കുള്ള വാസസ്ഥലങ്ങൾ, ആശുപത്രി സമുച്ചയം തുടങ്ങിയവ ഒരുക്കുന്നതിലും തദ്ദേശീയ വസ്തുക്കളാണ് ഏറെയും ഉപയോഗിച്ചിട്ടുള്ളത്. അതിനപ്പുറം വിമാനവാഹിനിയിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പരിശീലന വിമാനങ്ങൾ, വൈദ്യുതി ഉല്പാദനത്തിന് ആവശ്യമായ ജനറേറ്ററുകൾ തുടങ്ങിയ സുപ്രധാന ഘടകങ്ങൾക്ക് യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു. അത്തരം ഇറക്കുമതികൾ അസാധാരണമോ അനഭിലഷണീയമോ അല്ലെങ്കിലും ബഹിരാകാശ ഗവേഷണത്തിലടക്കം ലോകത്തെ മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാൻ ശേഷിയുള്ള രാജ്യം എന്ന നിലയിൽ നമ്മുടെ കുറവുകൾ കൂടി വിക്രാന്തിന്റെ നിർമ്മാണ വിജയം എടുത്തുകാണിക്കുന്നു. ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയായി മാറിയെന്നു ഊറ്റംകൊള്ളുന്ന ഈ അവസരത്തിൽ രാജ്യം ഈ പോരായ്മകളെ സ്വയം വിമർശനപരമായി വിലയിരുത്തേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: ദുരന്തങ്ങളെ ചെറുത്ത കേരളത്തിലെ ശക്തമായ പൊതുവിതരണ സംവിധാനം


രാജ്യം വിമാനവാഹിനി യുദ്ധക്കപ്പൽ നിർമ്മിക്കുന്നതിലും അതുവഴി നമ്മുടെ പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമാക്കുന്നതിലും കൈവരിച്ച നേട്ടം അതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിമാനകരമാണ്. ആ എൻജിനീയറിങ് സാങ്കേതിക വൈദഗ്ധ്യവും പ്രതിബദ്ധതയും അഭിനന്ദനം അർഹിക്കുന്നു. പദ്ധതിയുടെ ആരംഭത്തിൽ കേന്ദ്രഭരണം വ്യത്യസ്തമായിരുന്നെങ്കിൽ അഡാനിമാരുടെയും അംബാനിമാരുടെയും കൈകളിൽ എത്തിച്ചേരുമായിരുന്ന സംരംഭമാണ് കൊച്ചി കപ്പൽ നിർമ്മാണശാല സ്വകാര്യവല്ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുകവഴി ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്പിനും അതിന്റെ യശസിനും കാരണമായി ഭവിച്ചിരിക്കുന്നത്. അത് തീർച്ചയായും കൊച്ചിയെയും കേരളത്തെയും ലോകത്തിന്റെ കപ്പല്‍ നിര്‍മ്മാണ‑പ്രതിരോധ വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത്. വിക്രാന്തിന്റെ സമർപ്പണം മോഡിയുഗത്തിലെ രാഷ്ട്രീയ ആഖ്യാനശൈലിയിൽ ഒന്നിനെ തിരുത്താൻകൂടി അവസരം ഒരുക്കിയെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും ഏതെങ്കിലും ഒരു ഭരണാധികാരിയുടെ മാത്രം സംഭാവനയല്ലെന്നതാണ് അത്. ഏതൊരു ഭരണകൂടവും മറ്റൊന്നിന്റെ തുടർച്ചയാണ്. യാതൊന്നും സ്വയംഭൂവാകുന്ന മാന്ത്രികവിദ്യയല്ല. രാജ്യം കൈവരിക്കുന്ന നേട്ടങ്ങൾക്കോരോന്നിനും മുൻഗാമികൾ കരുത്തുറ്റ അടിത്തറ പാകിയിരുന്നു എന്നത് ചരിത്ര വസ്തുതയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.