ഐഎന്‍എസ് വിക്രാന്ത് രണ്ടു വര്‍ഷത്തിനകം നീറ്റിലിറക്കും

Web Desk
Posted on December 03, 2018, 10:26 pm

കൊച്ചി: നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കുന്ന ഐ എന്‍ എസ് വിക്രാന്ത് രണ്ടുവര്‍ഷത്തിനകം നീറ്റിലിറക്കാന്‍ കഴിയുമെന്ന് ദക്ഷിണ നാവിക സേനാ മേധാവി എ കെ ചാവ്ള പറഞ്ഞു.

27 കപ്പലുകളും മുങ്ങിക്കപ്പലുകളും നിര്‍മ്മാണഘട്ടത്തിലാണ്. ഇവ കൂടി എത്തുന്നതോടെ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള കരുത്ത് സേനയ്ക്ക് കൈവരും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ പരിഗണനയിലുള്ള ഷിപ്പിംഗ് കോറിഡോര്‍ സംബന്ധിച്ച് ദക്ഷിണ നാവികസേനാ പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും വച്ചിട്ടില്ലെന്നും എന്നാല്‍ ചില നിയന്ത്രണങ്ങളും അച്ചടക്കവും ഉള്ളത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണ നാവിക ആസ്ഥാനത്ത് ഐഎന്‍എസ് തിര്‍ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികളെ കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നിരവധി വിദേശ കപ്പലുകളാണ് പരിശീലനത്തിനായി ദക്ഷിണ നാവിക സേനയെ സമീപിക്കുന്നത്. സൗഹൃദ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ഒട്ടേറെ ധാരണകളും കരാറുകളും നിലവിലുണ്ട്. മികച്ച പരിശീലനത്തിനുള്ള ഒരു മേഖല കേന്ദ്രമാക്കി കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യബന്ധന നൗകകളില്‍ ട്രാന്‍സ്‌പോണ്ടറുകള്‍ നിര്‍ബന്ധമായും ഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തമുണ്ടായപ്പോള്‍ മത്സ്യബന്ധനത്തിന് പോയവരുടെ എണ്ണം പോലും ലഭ്യമായിരുന്നില്ല. ട്രാന്‍സ്‌പോണ്ടറുകള്‍ ഘടിപ്പിക്കുന്നതോടെ ഇത്തരമൊരു സാഹചര്യം ഒഴിവാകുമെന്ന് മാത്രമല്ല കടല്‍ക്കൊള്ളക്കാരുടെ ആക്രമണം, അസാധാരണ സാഹചര്യങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് തുടങ്ങിയവ ലഭ്യമാക്കാനാവുമെന്നും എ കെ ചാവഌചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവഌവ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്വമാണ്. 91 ടീമുകളെയാണ് പ്രളയ രക്ഷ പ്രവര്‍ത്തനത്തിനായി ദക്ഷിണ നാവികസേന നിയോഗിച്ചത്. അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും ലക്ഷദ്വീപിലെയും സുരക്ഷയ്ക്കായി ഏത് സമയവും സേന തയാറാണെന്നും രക്ഷാ ദൗത്യങ്ങള്‍ക്ക് സേന പൂര്‍ണ സജ്ജമാണെന്നും എ കെ ചാവഌപറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് ആര്‍, ജെ നട്കര്‍ണി, ഡിഫന്‍സ് പിആര്‍ഒ ശ്രീധര്‍ വാര്യര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.