പാണഞ്ചേരി പാടത്തെ കൊയ്ത്തുത്സവം; അമ്മകൂട്ടം വിളവെടുത്തത് നൂറുമേനി

Web Desk
Posted on February 11, 2018, 5:47 pm

തൃശ്ശൂര്‍: തരിശൂരഹിത ഹരിത കേരളമെന്ന ലക്ഷ്യത്തിന് മുതല്‍ക്കൂട്ടായി അമ്മക്കൂട്ടം കൃഷിചെയ്ത പാടത്ത് വിളവ് നൂറുമേനി. കാലങ്ങളായി തരിസ്സായിരുന്ന പാണഞ്ചേരി പാടത്താണ് വയോധികരായുള്ള സംഘം കൃഷിയിറക്കി നൂറില്‍ നൂറ് മാര്‍ക്ക് നേടിയത്. വയോധികര്‍ക്ക് സ്വയംതൊഴിലിലൂടെ സ്വയം പര്യാപ്തതയ്ക്കായാണ് ഈ സംഘം രൂപംകൊണ്ടത്.
മൂന്ന് ഏക്കര്‍ തരിശ്ശുഭൂമിയിലാണ് ഇന്‍സൈറ്റ് എന്ന അമ്മക്കൂട്ടം കൃഷിയിറക്കിയത്. പാണഞ്ചേരി പഞ്ചായത്തിന്റെയും കൃഷി ഭവന്റേയും,പാണഞ്ചേരി സീഡ് ഫാം അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുരേഷ്‌കുമാറിന്റെയും നേതൃത്വത്തിലായിരുന്നു കൃഷി. 110 മുതല്‍ 120 ദിവസം വരെ മൂപ്പുള്ള ജ്യോതി എന്ന നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. 100 മേനി വിളവുണ്ടാക്കിയ കൃഷി യുടെ വിളവെടുപ്പ്പഞ്ചായത്ത് പ്രസിഡന്റ് കെ. വി അനിതയുടെ അധ്യക്ഷതയില്‍ ഒല്ലൂര്‍ എംഎല്‍എ അഡ്വ കെ.രാജന്‍ നിര്‍വഹിച്ചു. ഇന്‍സൈറ് കോഓര്‍ഡിനേറ്റര്‍ എ എന്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ അബൂബക്കര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഭാസ്‌കരന്‍ മെമ്പര്‍മാരായ പി.പി.ജോണി, കെഎസ് സുമേഷ്, അജിജൊസെഫ്, കെ പി എല്‍ദോസ് എന്നിവരും ഷീര സംഘം പ്രസിഡന്റ് അനില്‍കുമാറുംകൃഷി ഓഫീസര്‍ ലക്ഷ്മിയും ആശംസകള്‍ അറിയിച്ചു.
ചടങ്ങില്‍ കൃഷിക്ക് നേതൃത്വം നല്‍കിയ കര്‍ഷകരെയും കൃഷി അറിവുകള്‍ പങ്കുവച്ച അസി. കൃഷി ഓഫീസറെയും ആദരിച്ചു.
ഉത്പാദിപ്പിച്ച നെല്ല് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്നതിനും കൂടുതല്‍ തരിശൂ സ്ഥലങ്ങള്‍ ഏറ്റെടുത്തു കൃഷി ചെയ്യുന്നതിനും അമ്മകൂട്ടം തീരുമാനിച്ചിട്ടുണ്ട്.