Janayugom Online
sardar vallabhai patel-jana

കളങ്കിതമായ കാലം; സഹനത്തിന്റെ അകം കാഴ്ചകള്‍

Web Desk
Posted on December 22, 2018, 11:07 am

പ്രൊഫ. എം ചന്ദ്രബാബു

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ രൂപപ്പെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാക്ഷാത്കൃതമായ നവോത്ഥാന ആശയങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടിയുളള പ്രക്ഷോഭണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ധാര്‍മികതയുടെ രാഷ്ട്രീയവും ഇന്ന് തിരസ്‌കരിക്കപ്പെടുന്നു. എല്ലാത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യവിരുദ്ധതകളും പാരതന്ത്ര്യവും പുനഃസ്ഥാപിക്കാനുളള അതി വ്യഗ്രതയിലാണ് വിശ്വാസികളായി കഴിഞ്ഞുവരുന്ന പൗരോഹിത്യവും സ്വാതന്ത്ര്യത്തിലൂടെയും ജനാധിപത്യത്തിലൂടെയും പുറത്താക്കപ്പെട്ട സാമ്രാജ്യത്വ ശക്തികളും. ഇത്തരക്കാര്‍ക്ക് പരവതാനി വിരിക്കാന്‍ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവന്ന സാമുദായിക ആത്മീയ പ്രസ്ഥാനങ്ങളും ധാര്‍മികതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗ്ഗീയതയും അഴിമതിയും മുഖമുദ്രയാക്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സജീവമായി രംഗത്തുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് മതവാദത്തിന്റെയും സാമ്പത്തിക അരാജകത്വത്തിന്റെയും തേര്‍വാഴ്ചയിലാണ്. ആഗോളവല്‍കരണത്തിന്റെ പാര്‍ശ്വഫലങ്ങളായ പുതുഭ്രമങ്ങള്‍ സുഖാസക്തിയുടേതാണ്; കച്ചവടത്തിന്റേതാണ്; അക്രമാസക്തതയുടേതാണ്. വിദ്യാഭ്യാസംപോലും ജനാധിപത്യ രാഷ്ട്രത്തില്‍ കച്ചവടവല്‍കരിക്കപ്പെടുകയും അധാര്‍മികമാക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. മൂല്യബോധത്തിന്റെയും മാനവികതയുടെയും നീരസം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. ഭോജ്യാസക്തിയും ഭോഗാസക്തിയും ഭക്ത്യാസക്തിയും മനുഷ്യനെ കീഴടക്കുമ്പോള്‍ പഞ്ചനക്ഷത്ര ഭോജ്യാലയങ്ങളും ഭോഗാലയങ്ങളും ഭക്ത്യാലയങ്ങളും സജീവ വ്യാപാര ശാലകളാകുന്നു. വായനാലയങ്ങളും ഗ്രന്ഥാലയങ്ങളും സേവനാലയങ്ങളും അടച്ചുപൂട്ടുന്നു.
പല നൂറ്റാണ്ടുകള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത. ബ്രിട്ടീഷുകാരന്റെ കൊടുംക്രൂരതയ്ക്ക് ഇരയായി അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയില്‍ തളയ്ക്കപ്പെട്ട ജനത. അവരെ സ്വതന്ത്രരാക്കാന്‍, മനുഷ്യരാക്കാന്‍ ശ്രമിച്ചവര്‍ പലരുമുണ്ടായിരുന്നു. മനുഷ്യാണാം മനുഷ്യത്വം എന്നതായിരുന്നു അവരുടെ വിമോചന മന്ത്രം. അവര്‍ നവോത്ഥാന നായകരും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നായകരുമായിരുന്നു. അവര്‍ മനുഷ്യരുടെ ഹൃദയം തൊട്ടറിഞ്ഞു. അവരോടൊപ്പം സഹവസിച്ച് അവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. രാജാറാം മോഹന്റായ്, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, സ്വാമി വിവേകാനന്ദന്‍, ഗോപാലകൃഷ്ണ ഗോഖലെ, എ ഒ ഹ്യൂം, ആനിബസന്റ്, മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോര്‍, പെരിയോര്‍ ഇ വി രാമസ്വാമി, സുഭാഷ് ചന്ദ്രബോസ്, ഡോ. ബി ആര്‍ അംബേദ്കര്‍, ഭഗത്‌സിങ്, പി കൃഷ്ണപിളള എന്നിങ്ങനെ പല പേരുകളില്‍ അവര്‍ മനുഷ്യവിരുദ്ധതകളുടെ വിമോചകരായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ അരുണോദയത്തില്‍ ബിര്‍ളാമന്ദിരത്തിന്റെ അങ്കണത്തില്‍ മുഴങ്ങിക്കേട്ട വെടിയൊച്ച മതേതരത്വത്തിന്റെ നേര്‍ക്കുളള വെടിയൊച്ചയായിരുന്നു. ഹേ റാം എന്ന ആ മന്ത്രണം നിസ്സഹായതയുടെ പ്രതിധ്വനിയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ എഴുപതാം വയസില്‍ ഗോഡ്‌സെ ക്ഷേത്ര പ്രതിഷ്ഠയാവുകയും അവിടം വേദമന്ത്രങ്ങളുടെയും യാഗാദികളുടെയും നികുംഭിലയാവുകയും ചെയ്യുന്നു. ഗാന്ധിജി നവഖലിയുടെ തെരുവുകളില്‍ അലയുന്നു. സബര്‍മതി അനാഥമാക്കപ്പെട്ടിരിക്കുന്നു.
പട്ടിണിപ്പാവങ്ങള്‍ ഒരുനേരം പോലും വയറു നിറച്ച് ആഹാരം കഴിക്കാതെ വിശന്നു പൊരിയുമ്പോള്‍ എന്നോ മണ്‍മറഞ്ഞുപോയ ഒരു മുന്‍ മന്ത്രിയുടെ പ്രതിമ മൂവായിരം കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച് ആര്‍ഭാടത്തോടെ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. വിശക്കുന്നവന് ഭരണാധികാരി നല്‍കുന്ന സന്ദേശമാണ് ഈ പടുകൂറ്റന്‍ പ്രതിമ. ശിശുക്കള്‍ ഓക്‌സിജന്‍ കിട്ടാതെ മെഡിക്കല്‍ കോളജില്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് സന്ന്യാസിവേഷധാരിയായ മുഖ്യമന്ത്രി ഏഴായിരം കോടി രൂപ മുടക്കി സരയൂനദിയുടെ തീരത്ത് ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കാന്‍ പോകുന്നു. ഒപ്പം രാമക്ഷേത്രവും. ശ്രീരാമന്റെ മനസിന്റെ വിശുദ്ധി അറിയാത്തവരുടെ ആഭാസ നൃത്തമാണിത്. പശുസംരക്ഷണവും വിശ്വാസ സംരക്ഷണവുമാണ് ഹൈന്ദവ പൗരോഹിത്യത്തിന്റെ ഇപ്പോഴത്തെ ജോലി. ഇവരാരും പശു വളര്‍ത്തുന്നവരോ വിശ്വാസികളോ അല്ല. ഇവയുടെ സംരക്ഷകര്‍ മാത്രണ്. പശു ഇറച്ചിയുടെ പേരില്‍ ഹിന്ദുക്കളായ അവര്‍ണരെയും മുസ്‌ലിങ്ങളെയും തല്ലിക്കൊല്ലുന്ന വിശുദ്ധ തത്വശാസ്ത്രം ലോകത്തില്‍ മറ്റൊരിടത്തും കാണുകയില്ലെന്നത് ഉറപ്പാണ്. മുഹമ്മദ് അഖ്‌ലഖിനെ കൊന്നുകൊണ്ട് ആരംഭിച്ച പശു രാക്ഷസീയത ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. രാജസ്ഥാന്‍ മന്ത്രിസഭയില്‍ ഗോ വകുപ്പ് ഉണ്ടായിരുന്നുവെന്ന് നാം ഇപ്പോഴാണ് അറിയുന്നത്. തെരഞ്ഞെടുപ്പില്‍ ഈ വകുപ്പിന്റെ ആരാധ്യനായ മന്ത്രി തോറ്റിറങ്ങിയപ്പോഴാണ് ഗോ സംരക്ഷണം എത്ര കണ്ട് ജനകീയവും ധന്യവുമായിരുന്നുവെന്ന് നാം കണ്ടറിഞ്ഞത്. വിശ്വാസവും മതവും വിശപ്പുമാറ്റുന്നില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന കാറല്‍മാര്‍ക്‌സിന്റെ സുചിന്തിതമായ നിരീക്ഷണം ഇവിടെ സാര്‍ഥകമാകുന്നു.
രാജ്യത്തെ പൊതുമുതല്‍ കൊളളയടിച്ച വിജയ് മല്യമാരും നീരവ് മോഡിമാരും അന്യ രാജ്യങ്ങളില്‍ സുഖജീവിതത്തിലാണ്. അനില്‍ അംബാനി എഴുന്നൂറു കോടി മുടക്കി മകളുടെ വിവാഹം ആഘോഷിക്കുന്നു. പ്രധാനമന്ത്രി രണ്ടായിരം കോടി ചെലവാക്കിയാണ് ഈ വര്‍ഷം വിദേശവിനോദയാത്ര നടത്തിയത്. മുന്‍ വര്‍ഷങ്ങളിലെ വിദേശ യാത്രാചെലവുകൂടെ കൂട്ടുമ്പോള്‍ വിനോദയാത്രയുടെ മൂല്യം എത്രയോ വലുതാവും. ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആധാര്‍ രേഖയും പൊതുമേഖലാ ബാങ്കിന്റെ അക്കൗണ്ട് നമ്പരുമായി ചുവന്ന കൊടിയേന്തി നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി ഭരണകേന്ദ്രത്തിലേക്ക് മാര്‍ച്ചുചെയ്യുന്ന കര്‍ഷകരെ വെടിവെച്ചുകൊല്ലുന്നു. ദരിദ്രനു നേരെയുളള മറ്റൊരു വെടിവയ്പ്പായിരുന്നു നോട്ടുനിരോധനം. വെടിയുണ്ടയാല്‍ പിടഞ്ഞുമരിച്ച എഴുത്തുകാരും പത്രപ്രവര്‍ത്തകരും വര്‍ഗീയ ഫാസിസത്തെ ഇല്ലായ്മ ചെയ്ത് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തൂലികയേന്തിയ ധീരരായിരുന്നു. അവര്‍ രക്ത സാക്ഷികളായെങ്കിലും നമ്മില്‍ ജീവിക്കുന്നവരാണ്. അവര്‍ ചിരസ്മരണീയരാണ്.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജാറാം മോഹന്റോയിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗൂറിന്റെയും ഭഗത്‌സിങ്ങിന്റെയും പാരമ്പര്യം സാര്‍ത്ഥകമായില്ല എന്നതാണ്. ജനതയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പോന്ന ബൗദ്ധിക നേതൃത്വവും സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഉരുത്തിരിഞ്ഞുവന്നില്ല. രാഷ്ട്രീയക്കാരുടെയും ഭരണക്കാരുടെയും മതമേധാവികളുടെയും മനുഷ്യവിരുദ്ധതകളെ സര്‍ഗാത്മകതയുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന ഒരു സര്‍ഗാത്മക സമൂഹം ഇന്നിന്റെ അനിവാര്യതയാണ്. സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പിന്നാലെ പോകുന്ന എഴുത്തുകാരും കലാകാരന്മാരും അവസരവാദികള്‍ മാത്രമാണ്. വ്യവസ്ഥിതികളെയും വിശ്വാസങ്ങളെയും ഭരണകൂടങ്ങളെയും തകര്‍ത്തെറിഞ്ഞ് പുതിയ വ്യവസ്ഥിതികളും വിശ്വാസങ്ങളും ഭരണകൂടങ്ങളും സൃഷ്ടിക്കാന്‍ നേതൃത്വം കൊടുക്കുന്ന ഒരു വിപ്ലവ സാംസ്‌കാരികത ധാര്‍മികതയുടെ സാക്ഷ്യമായിരിക്കും. നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളും കുറച്ചുനാള്‍ മുമ്പുവരെ വിശുദ്ധമായിരുന്നതിനു കാരണം സാംസ്‌കാരികതയുടെയും സര്‍ഗാത്മകതയുടെയും സാന്നിധ്യമാണ്. ‘ദേവന്മാര്‍ ഇടയരെപ്പോലെ കോലുമേന്തി രക്ഷിക്കുകയല്ല ചെയ്യുന്നത്, ആരെ രക്ഷിക്കണമെന്നു കരുതുന്നുവോ അവര്‍ക്ക് ബുദ്ധിയുണ്ടാക്കി കൊടുക്കുകയാണ്‘എന്ന വ്യാസമുനിയുടെ സന്ദേശം ഓര്‍ക്കുക. നരേന്ദ്രമോഡിക്ക് ബുദ്ധിയുണ്ടാക്കികൊടുക്കാന്‍ അമിത്ഷായ്ക്ക് കഴിയുന്നില്ല, രാഹുല്‍ഗാന്ധിക്ക് ബുദ്ധിയുണ്ടാക്കികൊടുക്കാന്‍ എ കെ ആന്റണിയ്ക്കും കഴിയുന്നില്ല എന്നിടത്താണ് ബി ജെ പി യും കോണ്‍ഗ്രസും പരാജയപ്പെടുന്നത്. ഇവിടെയാണ് പൊതു സമൂഹത്തിന് ബുദ്ധിയുണ്ട് എന്ന് നാം തിരിച്ചറിയുന്നത് . ആ ബുദ്ധി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനാണ് അജാത ശത്രുവായ നേതാവ്. അല്ലാത്തവര്‍ തോറ്റുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ തോല്‍പിക്കപ്പെട്ടു കൊണ്ടേയിരിക്കും.