19 April 2024, Friday

വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന

Janayugom Webdesk
തിരുവനന്തപുരം
May 25, 2023 11:02 pm

സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന. ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് റവന്യു മന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്തി. ലാന്റ് റവന്യു കമ്മിഷണറേറ്റിലെ പരിശോധനാ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 41 ഓഫിസുകളിൽ പരിശോധന നടത്തി. 11 ഡെപ്യൂട്ടി കളക്ടർമാരുടെയും മൂന്ന് സീനിയർ സൂപ്രണ്ടുമാരുടെയും നേതൃത്വത്തിൽ 14 സംഘങ്ങളായി തിരിഞ്ഞാണ് 12 ജില്ലകളിൽ പരിശോധന നടത്തിയത്. 

കഴിഞ്ഞ ദിവസം റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന റവന്യു സെക്രട്ടേറിയേറ്റിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ അടുത്ത ദിവസം തന്നെ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സേവനാവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകളും സേവനങ്ങളും മതിയായ കാരണമില്ലാതെ നൽകാതിരുന്നാൽ കർശന നടപടി സ്വീകരിക്കാൻ ലാന്റ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി. മൂന്ന് മേഖലാ റവന്യു വിജിലൻസ് ഓഫിസുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും കമ്മിഷണറേറ്റിലെയും കളക്ടറേറ്റുകളിലെയും പരിശോധനാ വിഭാഗങ്ങൾ ശക്തമാക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി കൂടുതൽ ജീവനക്കാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 

ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടു കൂടി അഴിമതി ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പൊതുജനങ്ങളെ ഇ‑സേവനങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിന് റവന്യു ഇ‑സാക്ഷരത എന്ന പേരിൽ ആരംഭിച്ച പദ്ധതി കാര്യക്ഷമമാക്കും. പൊതുജനങ്ങളെ റവന്യു ഓഫിസുകളിൽ എത്തിക്കാതെ തന്നെ സേവനങ്ങൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ‑സേവനങ്ങൾ നൽകുന്നതിലുള്ള പുരോഗതിയും കാലതാമസവും പരിശോധിക്കുന്നതിന് മന്ത്രിയുടെ ഓഫിസിലും, ലാന്റ് റവന്യു കമ്മിഷണറേറ്റിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തും. അഴിമതിക്കേസുകളിൽ നടപടി സമയബന്ധിതമായി പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഴിമതി സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിന് ലാന്റ് റവന്യു കമ്മിഷണറേറ്റിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. അടുത്തയാഴ്ച സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ കൂടി സഹകരണത്തോടെ അഴിമതിക്കെതിരെയുള്ള നടപടികളുടെ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. 

Eng­lish Summary;inspection at vil­lage offices

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.