ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; കേക്കിനു വേണ്ട ക്രീം പെയിന്റ് ബക്കറ്റിൽ

Web Desk
Posted on October 25, 2019, 12:01 pm

പോത്തന്‍കോട്: ബേക്കറികളിലും ഹോട്ടലുകളിലും ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ കടകളില്‍ നിന്നായി 28, 000 രൂപ പിഴയും ഈടാക്കി. പുത്തന്‍തോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശശിയുടെ നേതൃത്വത്തില്‍ തോന്നയ്ക്കല്‍, മംഗലപുരം, പുതുക്കുറുച്ചി, അണ്ടൂര്‍ക്കോണം, വേളി പിഎച്ച്‌സിയിലെ ഉദ്യോഗസ്ഥരടക്കം 15 അംഗ സംഘമാണ് പരിശോധന നൽകിയത്.

കീര്‍ത്തി ബേക്കറിയിലേയ്ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ബോര്‍മയില്‍ 25 കിലോ കേക്കും 15 കിലോ ക്രീമും പഴകിയ എണ്ണയും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. അടുക്കള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധം വമിച്ചിരുന്നു. അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളിലാണ് കേക്കിന് വേണ്ട ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നത്. പാകമായ കേക്കുകള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു.

പാചകം ചെയ്യുന്നതിനു സമീപമാണ് ശുചിമുറി. ജീവനക്കാര്‍ കയ്യുറ ഉപയോഗിക്കാത്തതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. ജംങ്‌ഷനിലുള്ള ബെസ്റ്റ് ബേക്കറിയിലും അവരുടെ ഗോഡൗണിലുമായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ 250 കവര്‍പാൽ കണ്ടെത്തി. അവയും നശിപ്പിച്ചു. കുമാര്‍ ബേക്കറിയുടെ ബോര്‍മയിലും വൃത്തിഹീനമായ സാഹചര്യം ആയിരുന്നു. ഭക്ഷണ പാനീയങ്ങളില്‍ നിറത്തിനും മണത്തിനും രുചിയ്ക്കും ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളും പിടിച്ചെടുത്തു.

15 കടകളില്‍ നടത്തിയ പരിശോധനയില്‍ മിക്ക കടകള്‍ക്കും ലൈസന്‍സോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഉണ്ടായിരുന്നില്ല. കടകള്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. വിശദമായ റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു നല്‍കിയതായും തുടര്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും സൂപ്പര്‍വൈസര്‍ അറിയിച്ചു.