പിഎസ്‌സി പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കാന്‍ നിര്‍ദ്ദേശം

Web Desk
Posted on September 16, 2019, 10:42 pm

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കെഎഎസ് ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍പരീക്ഷകള്‍ക്കും മലയാളത്തില്‍കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പിഎസ്‌സി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം എടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പിഎസ്‌സിയുടെ എല്ലാ പരീക്ഷകളും മലയാളത്തില്‍ കൂടി നടത്തണമെന്ന ആവശ്യത്തില്‍ പിഎസ്‌സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചക്കുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍, എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സാങ്കേതികപദങ്ങളിലൂന്നിയ പരീക്ഷകളുടെ പ്രശ്‌നം പഠിക്കുന്നതിനും സാങ്കേതിക വിജ്ഞാനഭാഷ നിഘണ്ടു തയ്യാറാക്കുന്നതിനും പ്രത്യേക സമിതികളെ നിയോഗിക്കും. കേരളത്തിലെ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍മാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പരീക്ഷകളും മലയാളത്തില്‍ നടത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ പിഎസ്‌സി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ തീരുമാനിക്കുമ്പോള്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സാങ്കേതിക പദങ്ങളിലൂന്നിയ പരീക്ഷകളുടെ പ്രശ്‌നം ഉയര്‍ന്നുവരും. ഇത് പഠിക്കാനാണ് ഉന്നത സമിതിയെ നിയോഗിക്കുന്നത്. സാങ്കേതികപദങ്ങള്‍ മലയാളത്തില്‍ ലഭ്യമല്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പരിഹരിക്കുന്നതിനാണ് സാങ്കേതികവിജ്ഞാനഭാഷ നിഘണ്ടു തയ്യാറാക്കുന്നത്.

ഒരോ വകുപ്പിനും വിഷയങ്ങള്‍ക്ക് സമാനമായ സാങ്കേതികപദങ്ങള്‍ ലഭ്യമാക്കുന്ന നിഘണ്ടുവാണ് തയ്യാറാക്കുക. വൈസ് ചാന്‍സിലര്‍മാരുടെ സേവനവും ഇക്കാര്യത്തില്‍ ഉപയോഗിക്കും.
നിലവില്‍ പ്ലസ്ടു വരെ അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെയാണ് ചോദ്യപേപ്പര്‍ നല്‍കുന്നത്. ഇത് ഉദ്യോഗാര്‍ഥികളില്‍ 90 ശതമാനത്തോളം വരും. ബാക്കിവരുന്ന പരീക്ഷകള്‍ക്ക് കൂടി അത്തരത്തില്‍ ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്.
ബിരുദംവരെ യോഗ്യതയുള്ള തസ്തികകളിലേക്ക് ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ നല്‍കി മലയാളത്തിലും എഴുതാനുള്ള സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ ചോദ്യപേപ്പര്‍ മലയാളത്തില്‍ ലഭിക്കുന്നില്ല എന്ന പ്രശ്‌നമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത് പരിഹരിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ന്യൂനഭാഷകളായ കന്നടയിലും തമിഴിലും കൂടി ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിനുള്ള നടപടിയും ഭാവിയില്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.