രാജ്യത്തിന്റെ പൈതൃകം ഉപേക്ഷിക്കാൻ കഴിയുമോ. രാജ്യത്തിന്റെ ബഹുമുഖ നിർമ്മാണ പ്രവർത്തനങ്ങളിൽ റഹിം ഖാൻഖാന, ഗലീബ്, ഹസ്രത് മൊഹാനി, ഫയ്സ് അഹമ്മദ് ഫയ്സ്, സജാദ് സഹീർ, മൗലാന അബ്ദുൾ കലാം ആസാദ്, ഉൾപ്പെടെയുള്ളവരുടെ സംഭാവനകൾ അവഗണിക്കാൻ കഴിയുമോ. ബഹുസ്വരത എന്ന ആശയം ഇല്ലാതെ രാജ്യത്തിന്റെ അടിസ്ഥാന ശക്തിയായ ഐക്യം നിലനിർത്താൻ കഴിയുമോ. ഇന്ത്യയെന്ന ജനായത്ത റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ ലംഘനമാണ് മോഡി സർക്കാർ ഇപ്പോൾ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ. ഹിന്ദുത്വ മഹത്വം വിളിച്ചോതുന്നതിന് മോഡി സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടി ദുഷ്ടത നിറഞ്ഞ വെല്ലുവിളികളാണ് ഉയർത്തുന്നത്.
1923ൽ വിനായക് ദാമോദർ സവർക്കർ പറഞ്ഞ ഹിന്ദുത്വ ആശയത്തെ എല്ലാ അർഥത്തിലും നിറവേറ്റാനുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഹിന്ദുത്വം എന്ന ആശയത്തെ രാഷ്ട്രീയവൽക്കരിച്ച് തീവ്രദേശീയതയുടെ പര്യായമായി ഉപയോഗിക്കാനാണ് സവർക്കർ ശ്രമിച്ചത്. ഇതൊക്കെ പറയുമ്പോഴും സവർക്കർ ഒരു നിരീശ്വരവാദി ആയിരുന്നു. ആത്മീയമായ സങ്കല്പങ്ങളിൽ വിശ്വാസമില്ലാത്ത ഒരു വ്യക്തി ആയിരുന്നു സവർക്കർ. എന്നാൽ രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഏകോപിപ്പിക്കുന്നതിന് സവർക്കർ തന്റെ നിരീശ്വരവാദം എന്ന ആശയത്തെ മാറ്റിവച്ചു. സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ചു.
1940ൽ മുസ്ലിം ലീഗ് ഈ ആശയം ഉന്നയിക്കുന്നതിന് 16 വർഷം മുമ്പ് സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം ഉന്നയിച്ചു. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക രാജ്യം വേണമെന്ന ആവശ്യമാണ് സവർക്കർ ഉന്നയിച്ചത്. ഇന്ത്യയെ വിഭജിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സവർക്കറാണ്. സ്വാതന്ത്ര്യ പ്രസ്ഥാനം ഉൾക്കൊണ്ട കോളനി വിരുദ്ധ നയങ്ങളിൽ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കാനും സവർക്കർ ശ്രമിച്ചിരുന്നു. ഹിന്ദുത്വ — ഹു ഈസ് ഇ ഹിന്ദു എന്ന ലേഖനത്തിൽ സവർക്കർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഈ ലേഖനത്തിലെ പരാമർശങ്ങൾ പലതും കോളനിവാഴ്ച്ചക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണെന്ന് വ്യക്തമാണ്. ഹിന്ദുക്കൾക്ക് പ്രത്യേക രാജ്യം വേണമെന്ന ആവശ്യം സവർക്കർ മാത്രമല്ല ആർഎസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറും മുന്നോട്ടുവച്ചിരുന്നു. ഹിന്ദുക്കൾക്ക് പ്രത്യേക രാജ്യം വേണമെന്നും ഹിന്ദുസ്ഥാൻ രൂപീകരിച്ചുകഴിഞ്ഞാൽ ഹിന്ദു സർക്കാർ അധികാരത്തിൽ വരും. അപ്പോൾ അവർ തീരുമാനിക്കും ഹിന്ദു ഇതര വിഭാഗങ്ങൾക്ക് എന്തൊക്കെ അവകാശങ്ങൾ നൽകണമെന്ന്- ഇതായിരുന്നു 1932 ൽ ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ നടത്തിയ പ്രസംഗത്തിൽ ഹെഡ്ഗേവാർ പറഞ്ഞതെന്ന് ഇന്റലിജൻസ് ബ്യൂറോ അന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതേ നിലപാടാണ് 1933ൽ നടന്ന ഒരു ചടങ്ങിൽ ഹിന്ദു മഹാസഭാ നേതാവ് ഡോ. വി എൻ ഖരെ സ്വീകരിച്ചത്. സംഘപരിവാർ ഒരു വർഗീയ സംഘടനയാണെന്നും അക്രമരാഹിത്യം എന്ന ആശയത്തിന് എതിരാണന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. പ്രതിരോധത്തെക്കാൾ ആക്രമണമാണ് അഭികാമ്യമെന്ന് അതേ ചടങ്ങിൽ ഹിന്ദു മഹാസഭാ നേതാവായ ഡോ. ബി എസ് മൂങ് പറഞ്ഞു. സംഘപരിവാർ, സർസംഘചാലക് ഹെഡ്ഗേവാർ എന്നിവരുടെ പ്രവർത്തനങ്ങളെ വി ഡി സവർക്കർ ശ്ലാഘിക്കുകയും ചെയ്തിരുന്നു. 1937 ൽ സവർക്കറെ ഹിന്ദു മഹാസഭാ അധ്യക്ഷനായി തെരഞ്ഞെടുത്തു. ആ യോഗത്തിലും ഇന്ത്യയെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് സവർക്കർ നടത്തിയത്. സമൂഹത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള മോഡി സർക്കാരിന്റെ നടപടികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുന്നത്.
സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത ആശയങ്ങളിൽ നിന്നുള്ള ഒരു പിന്നാക്കം പോക്ക്. രണ്ട് നൂറ്റാണ്ടിന്റെ കോളനിവാഴ്ച്ചയ്ക്കുശേഷം ലഭിച്ച സ്വാതന്ത്ര്യത്തെ വർഗീയവൽക്കരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയുടെ വധം പോലും തികച്ചും ആസൂത്രിതമായിരുന്നു. മതേതരത്വം, സമത്വം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമാണ് രാജ്യത്തെ ഭരണഘടന. 1950ൽ നാനാത്വത്തിൽ ഏകത്വം ആശയം സ്വാംശീകരിച്ച് രൂപീകരിച്ച ജനായത്ത ഭരണ സംവിധാനത്തിൽ വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ച് നൽകുന്നുണ്ട്. ഇതിനെ അടിച്ചമർത്തുക എന്നത് ജനാധിപത്യത്തെ അവഗണിക്കുന്നതിന് സമാനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.