ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്

Web Desk
Posted on November 13, 2018, 10:59 pm

തിരുവനന്തപുരം: കേരളത്തിലെ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്. ക്ഷീരകര്‍ഷകന്റെ ജീവനുകൂടി സുരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കും ക്ഷീരകര്‍ഷകരുടെ ജിയോ മാപ്പിങുമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങള്‍.
പദ്ധതി പ്രകാരം ഒരുവര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്ക് പരിരക്ഷ ലഭ്യമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സുതാര്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ നഷ്ടപരിഹാരത്തുക സമയബന്ധിതമായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നതും ഗോസമൃദ്ധി പ്ലസിന്റെ പ്രത്യേകതയാണ്. പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തിന് പ്രീമിയം തുകയുടെ അമ്പത് ശതമാനവും എസ്‌സി/ എസ്ടി വിഭാഗത്തിന് എഴുപത് ശതമാനവും പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കും. 50,000രൂപ വിലയുള്ള പശുവിന് ജനറല്‍ വിഭാഗത്തിന് ഒരുവര്‍ഷത്തേക്ക് 700 രൂപയും മൂന്ന് വര്‍ഷത്തേക്ക് 1635രൂപയും പ്രീമിയം നല്‍കണം. എസ്‌സി/എസ്ടി വിഭാഗത്തിന് ഒരു വര്‍ഷത്തേക്കും 420രൂപയും മൂന്ന് വര്‍ഷത്തേയ്ക്കായി 981 രൂപയും പ്രീമിയം നല്‍കണം. 50,000രൂപയില്‍ കൂടുതല്‍ വിലയുള്ള പശുക്കള്‍ക്ക് അഡീഷണല്‍ പോളിസി സൗകര്യവും പദ്ധതി പ്രകാരം ലഭ്യമാണ്. ജനറല്‍ വിഭാഗത്തിന് 742, മൂന്ന് വര്‍ഷത്തേക്ക് 1,749രൂപയുമാണ് പ്രീമിയം തുക. എസ്‌സി/എസ്ടി വിഭാഗത്തിന് 462, മൂന്ന് വര്‍ഷത്തേക്ക് 1,095 രൂപയുമാണ് പ്രീമിയം തുക.
ഉരുക്കളോടൊപ്പം കര്‍ഷകനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. അപകട മരണത്തിനും പൂര്‍ണ്ണമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്കും രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. ഒരുവര്‍ഷത്തേക്ക് 42രൂപയും മൂന്ന് വര്‍ഷത്തേക്ക് 114രൂപയുമാണ് പ്രീമിയം നിരക്ക്.
ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. പി ജി വത്സല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് ആറ്റിങ്ങല്‍ ടൗണ്‍ഹാളില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു പദ്ധതി ഉദ്ഘാടനം ചെയ്യും. അഡ്വ. ബി സത്യന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മൃഗസംരക്ഷണ സെക്രട്ടറി അനില്‍ എക്‌സ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍ എന്നിവര്‍ പങ്കെടുക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ടി രാജേശ്വരി , അഡിഷണല്‍ ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.