September 28, 2022 Wednesday

Related news

April 26, 2022
April 24, 2022
April 18, 2022
February 3, 2022
December 13, 2021
October 7, 2021
June 29, 2021
June 18, 2021
May 23, 2021
May 22, 2021

സംയോജിതകൃഷി; 14,000 യൂണിറ്റുകള്‍ക്ക് ധനസഹായം

Janayugom Webdesk
തിരുവനന്തപുരം
May 26, 2020 9:38 pm

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 14,000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന്റെ ഫണ്ടില്‍ നിന്നാണ് ഇതിനുളള തുക വകയിരുത്തിയിട്ടുളളത്. ‘സുഭിക്ഷകേരളം ജൈവഗൃഹം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് പ്രവാസികളായിട്ടുളള ധാരാളം പേര്‍ ഇതിനകം തന്നെ അന്വേഷണങ്ങള്‍ നടത്തിയിട്ടുളളതായും മന്ത്രി അറിയിച്ചു.

കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷിരീതി. ഓരോ പ്രദേശത്തിനും അവിടുത്തെ മണ്ണിനെയും കാലാവസ്ഥയേയും നിലവിലുളള ഭൂവിഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി സംയോജിത കൃഷിരീതികള്‍ അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഓരോ തുണ്ടുഭൂമിയും പ്രയോജനപ്പെടുത്തി പരമാവധി വിളവ് നേടാനും, പ്രധാന വിളകള്‍ക്കൊപ്പം കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പരമാവധി ആദായം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സംയോജിത കൃഷിരീതി അവലംബിക്കുന്നതിന് താല്പര്യമുളള കുറഞ്ഞത് അഞ്ച് സെന്റെങ്കിലും കൃഷിയിടമുളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാവുന്നതാണ്. ഓരോ ഗുണഭോക്താവിനും തയ്യാറാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും തുടങ്ങണം. പദ്ധതിയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് യൂണിറ്റുകളുടെ സ്ഥലവിസ്തൃതിക്കും നടപ്പിലാക്കുന്ന സംരംഭങ്ങളുടെ എണ്ണത്തിനും ആനുപാതികമായായിരിക്കും.

കൃഷിയിടത്തില്‍ നടപ്പിലാക്കുന്ന ഘടകങ്ങളെ വിലയിരുത്തിയശേഷം അഞ്ച് മുതല്‍ 30 സെന്റ് വരെയുളളവര്‍ക്ക് 30,000 രൂപ വരെയും, 31 സെന്റ് മുതല്‍ 40 സെന്റ് വരെയുളളവര്‍ക്ക് 40,000 രൂപ വരെയും, 40 സെന്റിനു മുകളില്‍ രണ്ട് ഹെക്ടര്‍ വരെയുളളവര്‍ക്ക് 50,000 രൂപ വരെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 14,000 കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അപേക്ഷകള്‍ കൃഷി ഭവന്‍ തലത്തിലാണ് സ്വീകരിക്കുക.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.