Saturday
19 Oct 2019

വില്ലേജ് ഓഫീസുകളില്‍ സമഗ്ര നവീകരണ പദ്ധതികള്‍ ഒരുങ്ങുന്നു: ഇ ചന്ദ്രശേഖരന്‍

By: Web Desk | Saturday 12 January 2019 9:54 PM IST


കോഴിക്കോട്: സംസ്ഥാനത്തെ ചോര്‍ന്നൊലിക്കുന്ന മുഴുവന്‍ വില്ലേജ് ഓഫീസുകളും ചോര്‍ച്ച രഹിതമാക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇചന്ദ്രശേഖരന്‍. പഴയ വില്ലേജോഫീസുകള്‍ പലതും ടോയിലെറ്റ് സൗകര്യമോ കുടിവെള്ളമോ ലഭ്യമല്ലാത്തവയായിരുന്നു. പല ഓഫീസുകളും കെട്ടിടങ്ങളുടെ മുകള്‍ നിലകളിലായതിനാല്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും ബുദ്ധിമുട്ടുകളേറെയായിരുന്നു. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കായി ഈ സര്‍ക്കാര്‍ 44 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ വില്ലേജ് ഏകീകരണം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മുമ്പ് നികുതി നിഷേധിക്കപ്പെട്ട കര്‍ഷകരില്‍ നിന്ന് പുതിയ പദ്ധതി പ്രകാരം പുനഃസ്ഥാപിച്ച ഭൂനികുതി സ്വീകരണത്തിന്റെ ഉദ്ഘാടനവും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

1977നു മുന്‍പ് നല്‍കപ്പെട്ട ഭൂമിയില്‍ നില നിന്നിരുന്ന തര്‍ക്കങ്ങള്‍ വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പരിഹരിച്ച് കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ട ഭൂനികുതികള്‍ പുനഃസ്ഥാപിച്ചു കൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേ ചടങ്ങില്‍ വെച്ചു അര്‍ഹരായ 21 കുടുംബങ്ങള്‍ക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ റവന്യൂ രേഖ കള്‍ കൈമാറി. ജനനന്മയെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ,കക്ഷിരാഷ്ട്രീയം കലര്‍ത്തരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു , വില്ലേജ് ഏകീകരണത്തോടെ വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത വില്ലേജോഫീസുകള്‍ കയറിറങ്ങുന്ന ദുരിതത്തില്‍ നിന്ന് പ്രദേശവാസികള്‍ മോചിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. എ ഡി എം റോഷ്‌നി നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ സതി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാണി നന്ദളത്ത്, അഹമ്മദ് കോയ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ കാനങ്ങാട്ട്, പത്മജ, വി എം കമലാക്ഷി, ഷീല ശശി, കോഴിക്കോട് ഡി എഫ് ഒ കെ സുനില്‍ കുമാര്‍ സംബന്ധിച്ചു. കൂരാച്ചുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ് സ്വാഗതവും വടകര റവന്യു ഡിവിഷണല്‍ ഓഫീസര്‍ വി പി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Related News