ഡൽഹിയിൽ റോ, കരസേന ഓഫീസുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തം

Web Desk
Posted on October 23, 2019, 9:22 pm

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), ഇന്ത്യൻ ആർമി എന്നീ ഓഫീസുകൾക്ക് നേരെ ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടതായി വിവരം. പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളായ ജമാഅത്ത് ഉദ്ദ്‍വയുടെയും ലഷ്‍കര്‍ ഇ തൊയ്ബയുടെയും നേതൃത്വത്തിലാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ആക്രമണം നടത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ റോ, കരസേന ഓഫീസുകള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും സൈനികരും താമസിക്കുന്ന പ്രദേശങ്ങളിലും ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.