പ്രളയക്കെടുതി മുതലാക്കി അന്തര്‍ സംസ്ഥാന ബസ്സുകളുടെ കൊള്ളയടി

Web Desk

തിരുവനന്തപുരം

Posted on August 15, 2019, 6:13 pm

പ്രളയക്കെടുതി മറയാക്കി അന്തര്‍ സംസ്ഥാന ബസ്സുകളുടെ കൊള്ളയടി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ കെഎസ് ആര്‍ ടി സി,ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെയാണ് അന്തര്‍ സംസ്ഥാന ബസുകളുടെ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. വെള്ളം,ശനി,ഞായര്‍ ദിവസങ്ങില്‍ മാത്രമായി ബാംഗ്ലൂര്‍ തിരുവനന്തപുരം പാതയില്‍ മാത്രമായി ഒരു ടിക്കറ്റിന് ഈടാക്കിയത് 2700  രൂപയാണ്. 1300 രൂപയാണ് കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന യാത്ര നിരക്ക്. വിശേഷ ദിവസങ്ങളില്‍ നിലവില്‍ സര്‍ക്കാരുമായുള്ള ധാരണ പ്രകാരം യാത്രാനിരക്ക് പതിനാല് ശതമാനം വരെ ഉയര്‍ത്താവുന്നതാണ്. എന്നാല്‍ സംസ്ഥാനത്ത് പ്രളയക്കെടുതിയിപ്പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു മുതലെടുപ്പ്.

പ്രളയത്തില്‍ കുടുങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്ന നിരവധിപേരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഗുണ്ടല്‍ പേട്ട് റോഡിലെ ബസ്സുകള്‍ കെഎസ് ആര്‍ടിസി റദ്ദാക്കി. പതിനെട്ട് ബസുകള്‍ ഗുണ്ടല്‍ പേട്ടില്‍ കുടുങ്ങി,. ആഴ്ചാവസാനമായതിനാല്‍ ബെംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്ക് ഏറെ യാത്രക്കാരുണ്ടായിരുന്നു. ഷൊര്‍ണൂര്‍ പാതയില്‍ തടസമുണ്ടായത്തോടെ തീവണ്ടികളും നിര്‍ത്തി വെച്ചു. ഈ അവസരം അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് നടത്തുന്നവര്‍ മുതലെടുക്കുകയായിരുന്നു. സ്വന്തം ബസ്സിലെ ബുക്കിങ് നിര്‍ത്തി. പകരം ബുക്കിങ് സൈറ്റുകളിലൂടെയാണ് ടിക്കറ്റുകള്‍ വിറ്റത് . പല ബസുകളുടെയും ടിക്കറ്റുകള്‍ നേരിട്ട് ലഭ്യമായിരുന്നെങ്കിലും ബുക്കിങ് സൈറ്റുകയില്‍ വില്പനക്കുണ്ടായിരുന്നു. അമിത നിരക്ക് ഈടാക്കിയതിനു നടപടി ഉണ്ടാകാതിരിക്കാനാണ് ബുക്കിങ് സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ വിറ്റത്.

ബംഗളുരുവില്‍ നിന്ന് ധര്‍മപുരി തിരുനെല്‍വേലി നാഗര്‍ കോവില്‍ പാതയിലൂടെയാണ് സ്വകാര്യ ബസ്സുകള്‍ ഓടിയത്. കെഎസ്ആര്ടിസിയുടെ പെര്‍മിറ്റുകള്‍ വെള്ളം കയറിയ പാതകളിലൂടെയായിരുന്നു. ഇവ മാറ്റി കോയമ്പത്തൂര്‍ വഴിയാക്കാന്‍ വൈകി. ആവശ്യത്തിന് ബസുകളില്ലാത്തതും പ്രളയ മേഖലയില്‍ ജീവനക്കാര്‍ കുടുങ്ങിയതും കെ എസ് ആര്‍ ടി സി ക്ക് വിനയായി.ചെന്നെ ‚മംഗലാപുരം ‚സേലം പാതകളിലും അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തി . തീവണ്ടികള്‍ നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ യാത്രക്കാറരെ ലക്ഷ്യമിട്ടും പ്രത്യക ബസുകള്‍ ഓടിച്ചു. 40 ശതമാനത്തിലധികം അധിക നിരക്ക് ഈടാക്കി. പ്രളയക്കെടുതി കാരണം മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ ഇളവ് വരുത്തിയതും സ്വകാര്യബസുകള്‍ മുതലെടുത്തു.