ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവരെ അതിർത്തി കടത്തിവിടാൻ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. ഗർഭിണികൾ, ചികിൽസയ്ക്കായി വരുന്നവർ, മരണം– മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കായി എത്തുന്നവർ തുടങ്ങിയവർക്ക് സർക്കാർ നിർദേശങ്ങൾ അനുസരിച്ച് കേരളത്തിലേക്ക് വരാം.
കേരളത്തിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നയാൾ ഗർഭിണിയാണെങ്കിൽ പ്രസവ തീയതി, യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന രേഖകൾ തുടങ്ങിയവ അംഗീകൃത ഗൈനക്കോളജിസ്റ്റിൽനിന്ന് വാങ്ങണം. താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരെ ഈ സർട്ടിഫിക്കറ്റ് കാണിച്ച് ബോധ്യപ്പെടുത്തി യാത്രാപാസ് സംഘടിപ്പിക്കണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിവരം പാസിൽ രേഖപ്പെടുത്തണം. വാഹനത്തിൽ പരമാവധി സഞ്ചരിക്കാൻ കഴിയുന്നത് ഡ്രൈവർ ഉൾപ്പെടെ 3 പേർക്കായിരിക്കും.ഗർഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും. ഗർഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടർക്ക് ഇ‑മെയിലിലൂടെയോ വാട്സാപ്പിലൂടെയോ അപേക്ഷ നൽകണം. കേരളത്തിൽ പ്രവേശിപ്പിക്കാൻ അർഹയാണെങ്കിൽ തീയതിയും സമയവും കളക്ടർ അംഗീകരിക്കും. ഇതുകൂടി ചേർത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്പോസ്റ്റിലെ പരിശോധനയിൽ യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യും.
കേരളത്തിൽ ഏത് ജില്ലയിലാണോ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടർക്ക് കാരണം കാണിച്ച് അപേക്ഷ നൽകണം. കളക്ടർ നൽകുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരിൽ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മാത്രമേ രോഗിക്കൊപ്പം വാഹനത്തിൽ ഉണ്ടാകാവൂ. കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തണം.
അടുത്ത ബന്ധുക്കളുടെ മരണത്തിനോ അല്ലെങ്കില്‍ മരണാസന്നരെ കാണാനോ എത്തുന്നവർ അവർ താമസിക്കുന്ന സംസ്ഥാനത്തുനിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. പൊലീസ് വിവരങ്ങള്‍ പരിശോധിക്കും.
English Summary: Inter state traveling guideline
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.