ഗൾഫിലെ ഇന്ത്യക്കാരുടെ രക്ഷയ്ക്ക് അടിയന്തരമായി ഇടപെടണം: ബിനോയ് വിശ്വം എംപി

ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹർജി നൽകി
Web Desk
Posted on April 14, 2020, 11:45 am

തിരുവനന്തപുരം: ഗൾഫിലെ ഇന്ത്യക്കാരുടെ രക്ഷയ്ക്ക് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ബിനോയ് വിശ്വം എംപി ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹർജി നൽകി. ഒദ്യോഗിക കണക്ക് പ്രകാരം 80 ലക്ഷം ഇന്ത്യക്കാരാണ് ഗൾഫിലുള്ളത്. അതിൽ 21 ലക്ഷം ആളുകൾ കേരളത്തിൽ നിന്നാണ്. കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അവർ കടന്നു പോകുന്നത് വിവരണാതീതമായ ദുരിതങ്ങൾക്കും ആശങ്കയ്ക്കും നടുവിലൂടെയാണ്. ഇന്ത്യൻ എംബസികൾ ഈ അസാധാരണ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടുന്നില്ല. ഇത് അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മൗലികതത്വങ്ങളുടെ ലംഘനമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഗൾഫിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗവും ഇന്ത്യ ഗവൺമെന്റ് കൈക്കൊള്ളണമെന്നും, ഇതിനാവശ്യമായ നിർദ്ദേശങ്ങൾ അടിയന്തരമായി നൽകണമെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ ഹർജിയിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.