November 29, 2022 Tuesday

Related news

November 26, 2022
November 21, 2022
November 21, 2022
November 21, 2022
November 18, 2022
November 17, 2022
November 17, 2022
November 16, 2022
November 16, 2022
November 16, 2022

കെ സുധാകരനും വിഡി സതീശനുമെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം; ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതി പ്രളയം

പുളിക്കല്‍ സനില്‍രാഘവന്‍
August 7, 2021 3:48 pm

പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനുമെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം.എംപി മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് പാരതി നല്‍കി. ഗ്രൂപ്പ് നേതാക്കളുടെ അറിവോടെ അവരുമായി ചേർന്ന് നിൽക്കുന്ന ചില നേതാക്കളാണ് പരാതിക്ക് പിന്നിലെന്നാണ് വിവരം.പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പരാജയമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. യുഡിഎഫ് കൺവീനറായി കെ മുരളീധരനെ കൊണ്ടു വരാനുള്ള നീക്കത്തെ ഗ്രൂപ്പ് മാനേജർമാർ എതിർത്ത് തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തുന്ന കോൺഗ്രസിന്റെ കത്ത്.പാർട്ടിയിൽ ഒരുതരത്തിലുള്ള കൂടിയാലോചനയും നടക്കുന്നില്ല. സഭയ്ക്ക് അകത്തും പുറത്തും ഏകോപിപ്പിക്കുന്നതിന് പാർട്ടിയും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കുന്നില്ല. 

മാധ്യമങ്ങളിൽ വന്ന് പ്രസ്താവന നടത്തി മടങ്ങുക എന്നതിനപ്പുറം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല. ഇത് ആദ്യമായാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതികൾ കോൺഗ്രസിനുള്ളിൽ നിന്ന് ഉയരുന്നതും അത് കത്തായി ഹൈക്കമാണ്ടിന് മുമ്പിലെത്തുന്നത്. മുമ്പ് പ്രതിപക്ഷ നേതാവായ കോൺഗ്രസ് നേതാക്കൾക്കൊന്നും ഈ പ്രതിസന്ധിയെ നിരിടേണ്ടി വന്നിട്ടില്ല.പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ കഴിയാതിരുന്നതോടെയാണ് നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്. വി.ഡി സതീശനും, കെ സുധാകരനും അതിന്റെ ഗുണമെത്തി. ഇത് ഗ്രൂപ്പ് മാനേജർമാർക്ക് പിടിച്ചിരുന്നില്ല. സുധാകരനെക്കാൾ ഇവർ സതീശനെയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.കെപിസിസി പുന;സംഘടന സംബന്ധിച്ച ചർച്ചയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തിന് മുന്നിൽ പരാതിയുമായി എംപിമാർ. ചർച്ചകളിൽ തങ്ങളെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തഴയുകയാണെന്ന ആരോപണമാണ് നേതാക്കൾ ഉയർത്തുന്നത്. 

നേരത്തേ കെപിസിസി, ഡിസിസി പുന:സംഘടന ഒരുമിച്ച് നടത്താനായിരുന്നു ഹൈക്കമാന്റ് നിർദ്ദേശം. എന്നാൽ പിന്നീട് ഡിസിസി പുന:സംഘടന വേഗത്തിൽ നടത്താനാനുള്ള രാഷ്ട്രീയകാര്യസമിതി തിരുമാനത്തിന് ഹൈക്കമാന്റഅ അനുമതി നൽകി. ലോക്സഭ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കാനിരിക്കുന്നതെന്നതിനാൽ എംപിമാരിൽ നിന്നും നിർദ്ദേശം തേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ തങ്ങളെ പാടെ തഴയുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.ചർച്ചകളിൽ തങ്ങളേയും കൂടി ഉൾപ്പെടുത്താൻ സസുധാകരനോട് ഹൈക്കമാന്റ് നിർദ്ദേശം നൽകണമെന്നും എംപിമാർ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ സുധാകരനെതിരെ രാഹുൽ ഗാന്ധിയെ സമീപിച്ചുവെന്നും പറയുന്നു. എന്നാല്‍ കെ .മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തും പറയുന്നു. 

അതിനിടെ ചർച്ചകൾ ചൂടുപിടിച്ചതോടെ പ്രാതിനിധ്യം ലഭിക്കാതാകുന്നതിൽ കടുത്ത ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കൾ.നേരത്തേ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരെ നിയമിച്ചപ്പോൾ തിരിച്ചടി നേരിട്ടതോടെ ഡിസിസി പുനസംഘടനയിൽ അധികാരം പിടിക്കാനുള്ള നീക്കത്തിലായിരുന്നു നേതാക്കൾ. എന്നാൽ ഗ്രൂപ്പ് വീതംവെയ്പ്പ് അനുവദിക്കില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. നേരത്തേ തങ്ങൾ കൈവശം വെച്ച ജില്ലകൾ ഇത്തവണയും അനുവദിക്കാനാകില്ലെന്നും കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 9 ജില്ലകൾ എ ഗ്രൂപ്പിനും 5 ജില്ലകൾ ഐ ഗ്രൂപ്പിനുമാണ് ഉള്ളത്. അതേസമയം ഗ്രൂപ്പ് നേതാക്കളെ പിണക്കി കെ സുധാകരന് മുന്നോട്ട് പോകാനാകുമോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.അതിനിടെ കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായി ഹൈക്കമാന്റ് നിയോഗിച്ചു. നേരത്തേയും കെ മുരളീധരന് തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാനായി ഹൈക്കമാന്റഅ നിയമിച്ചിരുന്നു. 

മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനായി നിയമിച്ച പിന്നാലെയായിരുന്നു മുരളീധരന് പുതിയ പദവി നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം സപ്റ്റംബറോടെ മുരളീധരൻ തത്സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.അതേസമയം പുന;സംഘടനയിൽ ഇടഞ്ഞ് നിൽക്കുന്ന മുരളീധരനെ അനുനയിപ്പിക്കുക കൂടി ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ നിയമനം എന്നാണ് കണക്കാക്കപ്പെടുന്നത്. ജൂലൈ മാസത്തില്‍ കെപിസിസി ‚ഡിസിസി പുനസംഘടന നടത്തുമെന്നാണ് നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആഗസ്റ്റില്‍ തന്നെ നടക്കുമെന്നു പറയാന്‍ കഴിയില്ല. സുധാകരനും, സതീശനും സ്വസ്തമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. അവര്‍ക്ക് മുതിര്‍ന്ന അംഗങ്ങളുടെ പിന്തുണയും ഉണ്ട്.വിഡി സതീശൻ പ്രതിപക്ഷ നേതാവായിട്ട് മാസങ്ങൾ ഏറെയായിട്ടില്ല. അതിന് മുമ്പേ പരാതികൾ സജീവമാകുകയാണ്. ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ ഹൈക്കമാണ്ട് എടുത്ത തീരുമാനങ്ങൾ പാളിയെന്ന് വരുത്താനാണ് നേരത്തെയുള്ള ഈ പരാതി. 

കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാർട്ടി നേതൃത്വത്തിനുമെതിരേ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി കിട്ടിയെങ്കിലും അതിനെ തൽകാലം ഗൗരവത്തോടെ എടുക്കില്ലെന്ന നിലപാടിലാണ് താരിഖ് അന്‍വര്‍. എന്നാല്‍ വരും നാളുകളില്‍കേരളത്തിലെ കോണ്‍ഗ്രസില്‍ ഏറെ പ്രതിഷേധം ഉയരും, പ്രൊഫ.കെ വി തോമസിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ വലിയ അമര്‍ഷത്തിലാണ്. ആഗസ്റ്റ് 20 ഓടു കൂടി കേരളത്തലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടലും,ചീറ്റലുമുണ്ടാകുമെന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി.സി ചാക്കോ വ്യക്തമാക്കിയിരിക്കുന്നു. ഡിസിസി ‚കെപിസിസ പുനസംഘടന നടന്നാല്‍ സ്ഥാനം ലഭിക്കാതിരിക്കുന്നവര്‍ നേതൃത്വത്തിനെതിരേ രംഗത്തു വരും. അവര്‍ക്ക് വേണ്ട ഒത്താശ ഗ്രൂപ്പ് നേതാക്കളും ചെയ്തു കൊടുക്കും. ചുരക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് വരും നാളുകളില്‍ ഏറെ പ്രതിസന്ധി നേരിടാന്‍ പോകുകയാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പ തന്നെ ചോദ്യം ചെയ്യപ്പെടും. പ്രധന ഘടകക്ഷിയായ മുസ്ലീം ലീഗിലുണ്ടായ പ്രശ്നങ്ങളും , മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലെ പൊട്ടിത്തറികളും. ഗ്രൂപ്പ് പോരും യുഡിഎഫ് എന്ന മുന്നണി പോലും കേരള രാഷട്രീയത്തില്‍ നിന്നും തുടച്ചു നീക്കപ്പെടാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസും, മുസ്ലീലീഗും ഉണ്ടാക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry : inter­nal con­flict in con­gress against k sud­hakaran and vd satheesan 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.