Janayugom Online
Kochi_international_book_festival_

കൊച്ചിയിൽ ഇന്ന് മുതൽ അന്താരാഷ്ട്ര പുസ്തകോത്സവം

Web Desk
Posted on February 28, 2018, 10:48 pm

പുസ്തകങ്ങളെ പ്രണയിക്കാം …
അക്ഷരങ്ങളെ പ്രണമിക്കാം …

(‘മാര്‍ച്ച് 1 കൃതി’ അന്താരാഷ്ട്ര പുസ്തകസാഹിത്യവിജ്ഞാനോത്സവം)

കടകംപള്ളി സുരേന്ദ്രന്‍,
സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി

വായനയുടെ നല്ല നാളുകളെ തിരിച്ചുപിടിക്കുന്നതിനും, ആഗോള മലയാളികളെ അറിവിന്റെ അനന്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് ‘കൃതി’ അന്താരാഷ്ട്ര പുസ്തകസാഹിത്യവിജ്ഞാനോത്സവം സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ അറിവിന്റെയും ചിന്തയുടെയും ആശയവിനിമയത്തിന്റെയും സംരംഭമായാണ് ‘കൃതി’ — കേരള ഇനിഷിയേറ്റീവ് ഫോര്‍ തിങ്കിങ് ഇന്ററാക്ടീവിനസ് ഒരുക്കുന്നത്.
ആഗോള പ്രസാധകരുടേതടക്കമുള്ള ഇരുന്നൂറില്‍പ്പരം പുസ്തക സ്റ്റാളുകളാണ്, ഇന്ന് മുതല്‍ 10 വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന, കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ബൃഹത്തായ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ പ്രസാധകര്‍ക്കും മേളയില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ മേളയുടെ ഭാഗമായുണ്ട്.

പുസ്തകാവതരണങ്ങളും പുസ്തക വായനകളും പുസ്തക പ്രകാശനങ്ങളുമൊക്കെയായി എഴുത്തിന്റെയും വായനയുടെയും കൂട്ടുകാരുടെ ഒരു പ്രവാഹം തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരിക്കേച്ചര്‍ ഷോകളും കഥപറച്ചിലുകളും വരയും എഴുത്തുമൊക്കെയായി കുട്ടികള്‍ക്കായ് പുതിയൊരു ലോകം തുറക്കുന്നു. എഴുത്തിന്റെ ലോകത്തെ പ്രതിഭകളുടെ ഛായാചിത്രങ്ങളും അവരുടെ സ്വന്തം കൈപ്പടയിലെ കത്തുകളും ശബ്ദവും കണ്ടും കേട്ടും സായുജ്യമടയാന്‍ ആയിരക്കണക്കിന് സാഹിത്യ പ്രേമികള്‍ കൊച്ചിയിലേക്കൊഴുകും.

മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യവിജ്ഞാനോത്സവമാണ് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ അരങ്ങേറുന്നത്. അഞ്ച് സമാന്തര വേദികളിലായി നൂറില്‍പ്പരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, സംഭാഷണങ്ങള്‍, വിഷയാവതരണങ്ങള്‍, വര്‍ത്തമാനങ്ങള്‍. 250ല്‍പരം അന്തര്‍ദ്ദേശീയ, ദേശീയ, തദ്ദേശീയ സാഹിത്യകാരന്മാരും ചിന്തകരുമാണ് കൊച്ചിയിലെത്തുന്നത്.

രണ്ടര കോടിയോളം രൂപയുടെ പുസ്തകങ്ങൾ കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ ഈ പുസ്തകോത്സവത്തിന്റെ ഭാഗമായി സമ്മാനിക്കും. കുട്ടികള്‍ക്കായുള്ള വായനാകളരിയും പുതിയ അനുഭവം സമ്മാനിക്കും. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെ പ്രമുഖ പ്രസാധകരായ ഗ്രോളിയര്‍ ഇന്റര്‍നാഷണല്‍, അമര്‍ചിത്രകഥ, സ്‌കോളാസ്റ്റിക്, ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, ഡക്ബില്‍, എല്‍സി പബ്‌ളിഷിംഗ് തുടങ്ങിയവര്‍ നേരിട്ട് പങ്കെടുക്കുന്ന മേള കൂടിയാണിത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഒന്നര ലക്ഷത്തോളം ബാലസാഹിത്യ കൃതികളാണ് പുസ്തകോത്സവത്തില്‍ ലഭിക്കുക.