അന്തര്‍ദേശീയ കമ്മ്യുണിസ്റ്റ് — വര്‍ക്കേര്‍സ് പാര്‍ട്ടി സമ്മേളനം ആരംഭിച്ചു

Web Desk
Posted on October 18, 2019, 8:11 pm

ഇസ്മീർ (തുർക്കി): ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് — വർക്കേഴ്സ് പാർട്ടികളുടെ ഇരുപത്തിയൊന്നാമത് സമ്മേളനം ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് തുർക്കിയും കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ് ജനറൽ സെക്രട്ടറി ദിമിത്രി കൗട്സൗംപസ്, തുർക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി കമാൽ ഒബിയാൻ എന്നിവരുടെ ആമുഖ ഭാഷണത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
വളരെ സങ്കീർണ്ണമായൊരു കാലത്താണ് ഈ സമ്മേളനം ചേരുന്നതെന്ന് ദിമിത്രി കൗട്സൗംപസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. സാമ്രാജ്യത്തം അതിന്റെ കടന്നുകയറ്റങ്ങൾ ശക്തിപ്പെടുത്തുമ്പോൾതന്നെ അതിനകത്തെ വൈരുദ്ധ്യങ്ങൾ രൂക്ഷമാവുകയുമാണ്. പ്രാദേശികമായും മേഖലാതലത്തിലും ഭിന്നതകളുണ്ടാക്കി ചൂഷണം സുഗമമാക്കുന്നതിനാണ് അവരുടെ ശ്രമങ്ങളെന്നും ഇതിനെതിരായ തൊഴിലാളി വർഗ്ഗത്തിന്റെ ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനമാരംഭിച്ചതിന്റെ നൂറാം വർഷത്തിലേയ്ക്ക് പ്രവേശിക്കുമമ്പോഴാണ് ഈ സാർവദേശീയ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതെന്ന് കമാൽ ഒബിയാൻ പറഞ്ഞു. അടുത്തവർഷം നൂറാംവാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
78 കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും വര്‍ക്കേര്‍സ് പാര്‍ട്ടികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണ് സമ്മേളനം സമാപിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിപിഐ കേന്ദ്രസെക്രട്ടേറിയറ്റ് അംഗം പല്ലബ്സെൻഗുപ്ത, അഡ്വ. പി സന്തോഷ്‌കുമാർ, സിപിഐ(എം) നേതാവ് എം എ ബേബിഎന്നിവരാണ് സമ്മേളനത്തിലുള്ളത്.