അന്തര്‍ദേശീയ കമ്മ്യുണിസ്റ്റ് ആന്റ് വര്‍ക്കേര്‍സ് പാര്‍ട്ടി സമ്മേളനത്തിന് നാളെ തുടക്കം

Web Desk
Posted on October 17, 2019, 7:37 pm

ഇസ്മീർ (ടർക്കി): കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ടര്‍ക്കിയും കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസും സംയുക്തമായി സംഘടിപ്പിക്കുന്ന 21ാമത് അന്തര്‍ദേശീയ കമ്മ്യുണിസ്റ്റ് ആന്റ് വര്‍ക്കേര്‍സ് പാര്‍ട്ടി സമ്മേളനം നാളെ ആരംഭിക്കും. ടര്‍ക്കിയിലെ നഗരമായ ഇസ്മീറിലെ സെസ്‌മെയിലാണ് സമ്മേളനം നടക്കുന്നത്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും തൊഴിലാളി പാര്‍ട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന രേഖ സമ്മേളനം ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ യോഗം ചേര്‍ന്ന് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രേഖയുടെ കരട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു. വര്‍ക്കിങ്ങ് കമ്മറ്റിയില്‍ ഇന്ത്യയില്‍ നിന്ന് സിപിഐയെ പ്രതിനിധീകരിച്ച് പല്ലബ് സെന്‍ ഗുപ്തയും അഡ്വ. പി സന്തോഷ്‌കുമാറും പങ്കെടുത്തു. വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ടര്‍ക്കിഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കെമാല്‍ ഒബിയാന്‍ ഉദ്ഘാടനം ചെയ്തു.
വളരെയധികം പ്രതികൂലമായ സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സിറിയക്കെതിരെ ടര്‍ക്കി ഭരണകൂടത്തിന്റെ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ നടക്കുന്ന സമ്മേളനമെന്ന നിലയില്‍, ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കിടയിലാണ് സമ്മേളനം ചേരുന്നത്.
യുദ്ധമൊഴിവാക്കുന്നതിനുള്ള വലിയ പരിശ്രമങ്ങളും കമ്മ്യുണിസ്റ്റ് പാര്‍ട്ടി നടത്തിയിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടത്താനിരുന്ന വമ്പിച്ച റാലി സുരക്ഷാകാരണങ്ങളെ മുന്‍നിര്‍ത്തി മാറ്റിവയ്ക്കുകയുമുണ്ടായി. എങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്നായി 78 കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും വര്‍ക്കേര്‍സ് പാര്‍ട്ടികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.