ഇറാഖ് പുനര്‍നിര്‍മാണത്തിന് സഹായഹസ്തവുമായി അന്താരാഷ്ട്രസമൂഹം

Web Desk

കുവൈത്ത് സിറ്റി

Posted on February 14, 2018, 10:56 pm

മൂന്നു വര്‍ഷത്തിലേറെ നീണ്ട ഐഎസ് വിരുദ്ധ യുദ്ധത്തിനൊടുവില്‍ തകര്‍ന്നടിഞ്ഞ ഇറാഖിനെ പുനര്‍നിര്‍മിക്കാന്‍ സഹായഹസ്തവുമായി അന്താരാഷ്ട്രസമൂഹം. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും ചുരുങ്ങിയത് 8,820 കോടി ഡോളര്‍ (അഞ്ചര ലക്ഷം കോടി രൂപ) വേണമെന്ന് രാജ്യാന്തര ദാതാക്കളുടെ സമ്മേളനത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി വ്യക്തമാക്കിയിരുന്നു.

അയല്‍രാജ്യങ്ങളും സുഹൃദ് രാജ്യങ്ങളും അകമഴിഞ്ഞ് സഹായിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ ഭാവി ഉറപ്പാക്കാനാകുവെന്നും അബാദി പറഞ്ഞു. കുവൈറ്റ് സിറ്റിയിലെ ബയാന്‍ പാലസില്‍ നടന്ന ഉച്ചകോടിയില്‍ വിദേശ രാഷ്ട്രങ്ങളിലെയും മുന്‍നിര കമ്പനികളിലെയും 1900 ത്തോളം പേര്‍ പങ്കെടുത്തു.

ഇറാഖിന്റെ പുനര്‍നിര്‍മാണത്തിന് തുര്‍ക്കി അഞ്ച് ബില്യണ്‍ ഡോളര്‍ (ഏകദേശം 32,000 കോടി) നല്‍കുമെന്ന് ഉച്ചകോടിയില്‍ തുര്‍ക്കി വാഗ്ദാനം ചെയ്തു. ഖത്തര്‍ 64000 കോടിയും യുഎഇ 32,000കോടി രൂപയും അമേരിക്ക 19,000 കോടി രൂപയും വാഗ്ദാനം ചെയ്തു.
വീടുകള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌ഫോടനങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ക്കപ്പെട്ടതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 25 ലക്ഷം ഇറാഖികളാണ് അഭയാര്‍ഥികളായി കഴിയുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം നാല്പതിനായിരത്തോളം വീടുകള്‍ മൊസൂളില്‍ മാത്രം നിര്‍മ്മിക്കേണ്ടതുണ്ട്. ഇറാഖിന്റെ സാമ്പത്തിക സ്രോതസുകള്‍ യുദ്ധത്തില്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ 10-ാമത് രാജ്യമാണ് ഇന്ന് ഇറാഖ് 2003ലെ യു എസ് അധിനിവേശത്തിനു പിറകെ പുനരുദ്ധാരണത്തിന് കോടികള്‍ മുടക്കിയിരുന്നുവെങ്കിലും വീണ്ടും യുദ്ധമെത്തിയതോടെ പദ്ധതികള്‍ ഉപേക്ഷിക്കുകയായിരുന്നു.