Janayugom Online
CHN-Kisan Sabha Camp

അന്താരാഷ്ട്ര കരാറുകള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നു: മന്ത്രി സുനില്‍കുമാര്‍

Web Desk
Posted on July 02, 2018, 10:14 pm

പറവൂര്‍: അന്താരാഷ്ട്ര കരാറുകളില്‍ രാജ്യം ഏര്‍പ്പെടുമ്പോള്‍ കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന നേതൃ ക്യാമ്പ് പറവൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടുമെന്ന് ഉറപ്പ് നല്‍കി അന്താരാഷ്ട്ര കരാര്‍ പ്രകാരം നിയമനിര്‍മാണങ്ങള്‍ നടത്തിയപ്പോള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പ്രയോജനം ലഭിക്കുകയും ഇന്ത്യയിലെ കര്‍ഷകര്‍ കടക്കെണിയിലാകുകയും ചെയ്തു. കാര്‍ഷിക രംഗത്തെ അറുപത്തിനാല് ഉല്‍പ്പന്നങ്ങള്‍ ഊഹകച്ചവടക്കാരുടെ പരിധിയില്‍ കൊണ്ടുവന്ന് മാര്‍ക്കറ്റില്‍ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കപ്പെട്ടതോടെയാണ് കര്‍ഷകര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെ ആത്മഹത്യമാര്‍ഗം സ്വീകരിക്കേണ്ടി വന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകിയപ്പോള്‍ കേരളത്തില്‍ മാത്രം കര്‍ഷക ആത്മഹത്യകള്‍ ഇല്ലാത്തതിന് കാരണം കര്‍ഷകര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത് കൊണ്ടാണ്.
ഇനി വരാന്‍ പോകുന്ന ആര്‍ സി ഇ പി കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപാടാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനനുസരിച്ച് സംസ്ഥാനങ്ങളുടെയും കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്താന്‍ ഒരു സ്വകാര്യ വ്യക്തിക്കും സാധിക്കില്ലെന്നും നിയമഭേദഗതി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് ശരിയല്ലെന്നും .ഈ വിഷയത്തില്‍ ഒരു സ്വതന്ത്ര സംവാദത്തിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് കമലാ സദാനന്ദന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍, പ്രസിഡന്റ് ഇ കെ ശിവന്‍, സി പി ഐ പറവൂര്‍ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
ക്യാമ്പ് ലീഡറായി പിഉണ്ണികൃഷ്ണനെയും, ഡെപ്യൂട്ടി ലീഡറായി എ പ്രദീപിനേയും തെരഞ്ഞെടുത്തു. ഇന്ന് രാവിലെ 10ന് കര്‍ഷക സെമിനാര്‍ നടക്കും. വനം വകുപ്പ് മന്ത്രി കെരാജു ഉല്‍ഘാടനം ചെയ്യും. സത്യന്‍ മൊകേരി മോഡറേറ്ററാകും. വിവിധ കര്‍ഷക സംഘടനാ നേതാക്കളായ കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ലാല്‍ കല്‍പ്പകവാടി, കെ കൃഷ്ണന്‍കുട്ടി എം എല്‍ എ, തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 3 ന് ക്യാമ്പ് സമാപിക്കും.