Thursday
12 Dec 2019

മലിനമയമായ വടക്കേച്ചിറയില്‍ ജലശയനയോഗയുമായി അനന്തനാരായണന്‍

By: Web Desk | Friday 21 June 2019 1:18 PM IST


തൃശൂര്‍: മലിനമയമായ വടക്കേച്ചിറയെ ശുദ്ധീകരിക്കാന്‍ അധികൃതരുടെ കണ്ണ് തുറക്കാന്‍ ഇടയാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി പി.എസ്.അനന്തനാരായണന്‍ യോഗാദിനത്തില്‍ വടക്കേച്ചിറയില്‍ നടത്തിയ ജലശയന യോഗാഭ്യാസ പ്രകടനം ശ്രദ്ധേയമായി.
പുണ്യതീര്‍ഥമായ മാനസ സരോവര്‍ ജലാശയത്തില്‍ ഒമ്പത് സെക്കന്റ് ജലശയനത്തിന് ഭാഗ്യം ലഭിച്ച അനന്ത നാരായണന്‍(64), വടക്കുന്നാഥന്റെ ജഢയായ വടക്കേച്ചിറയെ മാനസ സരോവറായി സങ്കല്പിച്ച് ചിറയിലെ (മലിന)ജലപാനം ചെയ്തായിരുന്നു ജലശയനം തുടങ്ങിയത്.
മുന്‍ ആര്‍.എസ്.എസ് പ്രചാരക്കും ശക്തന്‍ നഗര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരിയുമായ അനന്തനാരായണന്‍ മൂന്ന് പതിറ്റാണ്ടായി ജലശയനയോഗ വിദ്യകള്‍ പ്രകടിപ്പിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം എട്ട് മണിക്കൂര്‍ പൂങ്കുന്നം ശ്രീരാമസ്വാമിക്ഷേത്ര കുളത്തിലായിരുന്നു ജലശയനയോഗ.
ചിറക്കടവില്‍ പത്മാസനത്തില്‍ തുടങ്ങിയ യോഗാപ്രകടനം, മത്സ്യാസനം, വൃഷവാസനം, താണ്ഡവാസനം, താടാസനം, പര്‍വ്വതാസനം, ജലശയനം തുടങ്ങി വിവിധ അഭ്യാസ പ്രകടനങ്ങളോടെയാണ് അവതരിപ്പിച്ചത്. പത്തരക്ക് തുടങ്ങിയ പരിപാടി ഒരുമണിക്കൂര്‍ നീണ്ടുനിന്നു.
ജലശമന യോഗാഭ്യാസ പ്രകടനങ്ങളുടെ ഉദ്ഘാടനം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ടി.ബി.വിജയകുമാര്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി എം.ഡി.ഫ്രാന്‍സീസ് ബൊക്കെ നല്‍കി സ്വീകരിച്ചു. ശങ്കരനാരായണന്റെ ഗുരുവും തഞ്ചാവൂരിലെ യോഗാചാര്യനുമായ ശ്രീനിവാസ് ദീഷിനരെ ചടങ്ങില്‍ ആദരിച്ചു. ഡോ.എം.ജയപ്രകാശ്, ടി.എസ്.സീതാറാം തുടങ്ങിയവരും പങ്കെടുത്തു.
വ്യാപാരികള്‍ ഉള്‍പ്പടെ നൂറ് കണക്കിനാളുകള്‍ അനന്ത നാരായണന്റെ ജലംശയന യോഗാസനപ്രകടനങ്ങള്‍ക്ക് സാക്ഷിയാകാനെത്തി.
ചണ്ടി നിറഞ്ഞും പച്ചപായല്‍ മൂടിയും കിടക്കുന്ന തൃശൂരിന്റെ ശുദ്ധജലസമ്പത്തും ആകെ മലിനമായി കിടക്കുന്നതിലുള്ള മനോവിഷമമായിരുന്ന അനന്തനാരായണനും കാണാനെത്തിയവരും ഒരുപോലെ പ്രകടിപ്പിച്ചത്.
നാല് വര്‍ഷം മുമ്പുണ്ടായ കനത്ത മഴയില്‍, തൊട്ടടുത്ത കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെ തകര്‍ന്ന് ചിറയിലെത്തിയ മാലിന്യമാണ് ചിറയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. രണ്ട് വര്‍ഷം പ്രദേശത്തെ കാനകളിലെ മലിനജലവും ഒഴുകിയെത്തിയിരുന്നത് വടക്കേചിറയിലായിരുന്നു. തകര്‍ന്ന മതില്‍ കെട്ടിയെങ്കിലും ചിറയിലെ മാലിന്യങ്ങള്‍ നീക്കിയില്ല.
അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഫണ്ടില്‍ പത്തരലക്ഷം രൂപ വടക്കേച്ചിറ നന്നാക്കാന്‍ അനുവദിച്ചതായിരുന്നു. വെള്ളം വറ്റിച്ച് മാലിന്യവും ചേറും നീക്കുന്നതിനും, ചിറയിലെ പമ്പ് ഹൗസിലെ കിണറിന് ചുറ്റും പുതിയ മണല്‍ ഇട്ട് ശുദ്ധീകരണപ്രക്രിയ നടത്തുന്നതുമായിരുന്നു പദ്ധതിയെങ്കിലും കോര്‍പ്പറേഷന്‍ തുക പ്രയോജനപ്പെടുത്തി പണി നടത്തിയില്ല.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വടക്കേചിറ നന്നാക്കുമെന്ന പ്രഖ്യാപനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ നടത്തുകയും, ഇറിഗേഷന്‍ വകുപ്പിനെ ചുമതല ഏല്പിക്കുകയം ചെയ്‌തെങ്കിലും നന്നാക്കലുണ്ടായില്ല. നഗരത്തിലെ ശുദ്ധജല ജ്രോതസ്സ് കൂടിയായ ചിറ കക്കൂസ് മിലന്യ മുള്‍പ്പെടെ നിറഞ്ഞ് മലിനമയമായി മോചനം കാത്ത് കിടക്കുകയാണ്. അധികൃതരുടെ കണ്ണ് ഇനിയെങ്കിലും തുറക്കുമെന്ന പ്രാര്‍ത്ഥനയിലായിരുന്നു ജലശയന യോഗാഭ്യാസ പ്രകടനങ്ങള്‍ കാണാനെത്തിയവരും.
അന്താരാഷ്ട്ര യോഗാദിനം ജില്ലയിലെങ്ങും വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ യോഗാ പരിശീലനങ്ങള്‍ നടന്നു.
ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ഹാളിലും ആര്‍ട്ട് ഓഫ് ലിവിങ്ങ് വിവേകോദയം സ്‌കൂളിലും ഇന്ദിരാഗാന്ധി നാഷ്ണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിസ് പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലും, യുവകേന്ദ്രയും എന്‍.എസ്.എസും സെന്‍റ് തോ മസ് കോളേജിലും, യോഗാപരിപാടികള്‍ സംഘടിപ്പിച്ചു.

 

ചിത്രം ജിബി കിരണ്‍